ക്യാൻസറുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള വിശ്വാസങ്ങളും ആളുകള്‍ വച്ചുപുലര്‍ത്താറുണ്ട്. ചിലരിലെങ്കിലും ഇത്തരത്തിലുള്ള അടിസ്ഥാനമില്ലാത്ത വിശ്വാസങ്ങള്‍ വലിയ വിപത്തായി മാറാറുമുണ്ട്

ക്യാൻസര്‍ രോഗം നമുക്കറിയാം, സമയബന്ധിതമായി കണ്ടെത്താനും ചികിത്സ നേടാനും സാധിച്ചാല്‍ ഫലപ്രദമായി നമുക്ക് രോഗമുക്തി നേടാൻ കഴിയുന്നത് തന്നെയാണ്. എന്നാല്‍ മിക്ക കേസുകളിലും തിരിച്ചടിയാകുന്നത് സമയബന്ധിതമായി രോഗനിര്‍ണയം നടത്താത്തതാണ്. 

എന്നുമാത്രമല്ല, ക്യാൻസറുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള വിശ്വാസങ്ങളും ആളുകള്‍ വച്ചുപുലര്‍ത്താറുണ്ട്. ചിലരിലെങ്കിലും ഇത്തരത്തിലുള്ള അടിസ്ഥാനമില്ലാത്ത വിശ്വാസങ്ങള്‍ വലിയ വിപത്തായി മാറാറുമുണ്ട്. ഇത്തരത്തില്‍ പൊതുവില്‍ ക്യാൻസറുമായി ബന്ധപ്പെട്ട് പലരും കാത്തുസൂക്ഷിക്കുന്ന- അടിസ്ഥാനമില്ലാത്ത ചില വിശ്വാസങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

ഇന്നും ഇന്ത്യയില്‍ പലയിടങ്ങളിലും ക്യാൻസര്‍ രോഗത്തെ അന്ധവിശ്വാസവുമായി കൂട്ടിക്കലര്‍ത്തി കണക്കാക്കപ്പെടുന്നുണ്ട്. അതായത്, ക്യാൻസര്‍ ബാധിക്കുന്നത് ശാപമാണ്- അതിന് പ്രതിവിധി മന്ത്രവാദമാണ് എന്നെല്ലാം വിശ്വസിക്കുന്നവര്‍. അതുപോലെ അശാസ്ത്രീയമായ മറ്റ് പല തരത്തിലുള്ള ചികിത്സകളും ക്യാൻസര്‍ കേസുകളില്‍ ചെയ്യുന്നവര്‍. ഇതെല്ലാം തെളിയിക്കുന്ന പല റിപ്പോര്‍ട്ടുകളും പലപ്പോഴായി വന്നിട്ടുള്ളതാണ്.

രണ്ട്...

ക്യാൻസര്‍ പകരുമെന്ന് ഇപ്പോഴും ചിന്തിക്കുന്നവരുണ്ട്. എന്നാൽ ഒരുകാരണവശാലും ക്യാൻസര്‍ പകരുകയില്ല എന്നതാണ് സത്യം. ചില കേസുകളില്‍ ക്യാൻസര്‍ പാരമ്പര്യമായി വരാറുണ്ട്. അത് പോലും ഒരു കുടുംബത്തിലെ എല്ലാവരെയുമൊന്നും ബാധിക്കുകയില്ല. ഒന്നോ രണ്ടോ മൂന്നോ- അല്ലെങ്കില്‍ അത്രയും കുറഞ്ഞ തോതിലുണ്ടാകാമെന്ന് മാത്രം. 

മൂന്ന്...

ക്യാൻസര്‍ നിര്‍ണയത്തിന്‍റെ ഭാഗമായി ചെയ്യുന്ന ബയോപ്സി പരിശോധനയ്ക്ക് പലരും വിധേയരാകാൻ മടിക്കാറുണ്ട്. ബയോപ്സി ചെയ്യുന്നത് ക്യാൻസര്‍ ശരീരത്തില്‍ എല്ലായിടത്തേക്കും പരത്തുമെന്ന് വിശ്വസിക്കുന്നതിനാലാണിത്. ഈ വിശ്വാസത്തിനും യാതൊരു അടിസ്ഥാനവുമില്ലെന്നതാണ് സത്യം.

നാല്...

പുകവലിയും മദ്യപാനവും മറ്റ് ലഹരിവസ്തുക്കളുടെ ഉപയോഗവും ക്യാൻസര്‍ സാധ്യത വര്‍ധിപ്പിക്കുമ്പോള്‍ ചിലര്‍ തങ്ങള്‍ പുകവലിക്കുന്നില്ല, മദ്യപിക്കുന്നില്ല, മറ്റ് ലഹരിവസ്തുക്കളൊന്നും തന്നം ഉപയോഗിക്കുന്നില്ല- അതിനാല്‍ തങ്ങള്‍ക്ക് ക്യാൻസര്‍ പിടിപെടില്ല എന്ന് ചിന്തിക്കാറുണ്ട്. എന്നാലിങ്ങനെ ചിന്തിക്കുന്നതിലും അര്‍ത്ഥമില്ല. കാരണം ക്യാൻസറിന് പിന്നില്‍ മറ്റ് പല സ്വാധീനഘടകങ്ങളുമുണ്ടാകാം. 

അഞ്ച്...

ക്യാൻസര്‍ ബാധിതരില്‍ ഇതുമായി ബന്ധപ്പെട്ട് പല ലക്ഷണങ്ങളും പ്രകടമാകാം. എന്നാല്‍ എല്ലായ്പ്പോഴും ക്യാൻസര്‍ രോഗികളില്‍ ഇതിന്‍റെ സൂചനയായി ലക്ഷണങ്ങള്‍ കാണണമെന്നില്ല. പ്രത്യേകിച്ച് പ്രാരംഭഘട്ടത്തില്‍. അതിനാല്‍ ആരോഗ്യപ്രശ്നങ്ങളേതുമില്ല, രോഗലക്ഷണങ്ങളില്ല- എന്നെല്ലാം കരുതി ക്യാൻസറേ ബാധിക്കുന്ന വിഷയമില്ലെന്നും ചിന്തിക്കരുത്. 

Also Read:- വര്‍ധിച്ചുവരുന്ന ഹാര്‍ട്ട് അറ്റാക്ക് കേസുകള്‍ക്ക് പിന്നില്‍ കൊവിഡ്? വിദഗ്ധര്‍ പറയുന്നു...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo