Asianet News MalayalamAsianet News Malayalam

രോഗികളെ മയക്കിക്കിടത്തി ഡോക്ടർ ചായ കുടിക്കാന്‍ പോയെന്ന് ആരോപണം, തിരിച്ചെത്തിയത് നാല് മണിക്കൂറിന് ശേഷം

ഡോക്ടര്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ നിന്ന് 50 കിലോമീറ്റര്‍ ആകലെയുള്ള ഒരു പ്രാഥമിക ചികിത്സാ കേന്ദ്രത്തിലാണ് ഗര്‍ഭനിരോധന ശസ്ത്രക്രിയാ ക്യാമ്പ് സംഘടിപ്പിച്ചിരുന്നത്. ഇതിനായി ഇവിടെ ഓപ്പറേഷന്‍ തീയറ്റര്‍ സജ്ജീകരിച്ചിരുന്നു.

Doctor went to have a tea driving 45 km after giving anesthesia to four patients in a surgery camp afe
Author
First Published Nov 8, 2023, 12:01 PM IST

നാഗ്പൂര്‍: രോഗികള്‍ക്ക് അനസ്തീഷ്യ നല്‍കിയ ശേഷം ഡോക്ടര്‍ ചായ കുടിക്കാന്‍ പോയതിനെ തുടര്‍ന്ന് നാല് രോഗികള്‍ മണിക്കൂറുകളോളം ഓപ്പറേഷന്‍ തീയറ്ററില്‍ കിടന്നുവെന്ന് ആരോപണം. നാഗ്പൂരിലെ ഖാത് ഗ്രാമത്തിലാണ് സംഭവം. സര്‍ക്കാര്‍ സംഘടിപ്പിച്ച ഗര്‍ഭനിരോധന ശസ്ത്രക്രിയാ ക്യാമ്പിലായിരുന്നു സംഭവം. ചായ കുടിക്കാനായി പുറത്തു പോയ ഡോക്ടര്‍ പിന്നീട് നാല് മണിക്കൂറോളം കഴിഞ്ഞ് രാത്രി ഏഴ് മണിക്കാണ് തിരിച്ചെത്തിയതെന്നും ഗ്രാമവാസികള്‍ ആരോപിച്ചു.

നാഗ്പൂരിലെ പര്‍സിയോനി എന്ന ഗ്രാമത്തിലെ ആശുപത്രിയില്‍ സേവനം അനുഷ്ഠിക്കുന്ന ഡോ. ബലാവിക്കെതിരെയാണ് ജില്ലാ അധികൃതര്‍ക്ക് ഗ്രാമവാസികള്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ഡോക്ടറില്‍ നിന്ന് വിശദീകരണം തേടി. അന്വേഷണ സംഘം ചൊവ്വാഴ്ച ആശുപത്രിയിലെത്തി ജീവനക്കാരുടെയും ഡോക്ടറുടെയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു.   ഡോക്ടര്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ നിന്ന് 50 കിലോമീറ്റര്‍ ആകലെയുള്ള ഒരു പ്രാഥമിക ചികിത്സാ കേന്ദ്രത്തിലാണ് ഗര്‍ഭനിരോധന ശസ്ത്രക്രിയാ ക്യാമ്പ് സംഘടിപ്പിച്ചിരുന്നത്. ഇതിനായി ഇവിടെ ഓപ്പറേഷന്‍ തീയറ്റര്‍ സജ്ജീകരിച്ചിരുന്നു.

അതേസമയം പ്രമേഹ രോഗിയായ തനിക്ക് ശസ്ത്രക്രിയക്കിടെ ശരീരത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞുപോകുന്ന ഹൈപ്പോഗ്ലൈസീമിക് അറ്റാക്ക് എന്ന അവസ്ഥയുണ്ടായെന്നും അതുകൊണ്ടാണ് ചായ കുടിക്കാന്‍ പോയതെന്നുമാണ് ഡോക്ടര്‍ വിശദീകരിച്ചത്. എന്നാല്‍ ഡോക്ടര്‍ കാര്യങ്ങളെ ലാഘവത്തോടെ കണ്ടുവെന്നും രോഗികളുടെ അവസ്ഥ  അനിശ്ചിതത്വത്തിലാക്കി ചായ കുടിക്കാന്‍ 40 കിലോമീറ്റര്‍ ആകലെ നാഗ്പൂരിലേക്ക് വാഹനം ഓടിച്ച് പോയെന്നുമാണ് ഗ്രാമവാസികളുടെ ആരോപണം. ഉച്ചയ്ക്ക് 2.30ന് ക്യാമ്പില്‍ നിന്ന് പോയ ഡോക്ടര്‍ രാത്രിയാണ് തിരിച്ചെത്തിയതെന്നും ഇവര്‍ പറയുന്നു.

Read also:  'മരുന്ന് വാങ്ങാൻ ഒരു നിവൃത്തിയുമില്ല': പെന്‍ഷന്‍ മുടങ്ങി, ഭിക്ഷ യാചിച്ച് 85 വയസുള്ള അന്നയും മറിയക്കുട്ടിയും

സര്‍ക്കാറിന്റെ കുടുംബാസൂത്രണ പദ്ധതിയുടെ ഭാഗമായി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ പതിവായി ക്യാമ്പുകള്‍ സംഘടിപ്പിക്കാറുണ്ട്.  ഏഴ് സ്ത്രീകള്‍ക്കും ഒരു പുരുഷനും ഉള്‍പ്പെടെ എട്ട് ശസ്ത്രക്രിയകളാണ് നവംബര്‍ മൂന്നാം തീയ്യതി നിശ്ചയിച്ചിരുന്നത്. എട്ട് ശസ്ത്രക്രിയകളും വിജയകരമായിരുന്നുവെന്നും ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ അന്വേഷിക്കാന്‍ മൂന്നംഗ സംഘത്തെ നിയോഗിച്ചതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. അജയ് ദവ്ലേ പറ‌ഞ്ഞു. എല്ലാ വസ്തുതകളും അന്വേഷണത്തില്‍ പുറത്തുവരുമെന്നും ഒന്നും മറച്ചുവെയ്ക്കില്ലെന്നും അധികൃതര്‍ ഉറപ്പുനല്‍കി.

അതേസമയം ചായ കുടിക്കാന്‍ പോയ ഡോക്ടര്‍ തന്നെയാണോ പിന്നീട് നടന്ന നാല് ശസ്ത്രക്രിയകളും പൂര്‍ത്തിയാക്കിയതെന്ന് ആധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ഡോ. ബലാവി പ്രമേഹ രോഗിയാണെന്നും നാല് ശസ്ത്രക്രിയകള്‍ കഴി‌ഞ്ഞപ്പോള്‍ ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞ് ക്ഷീണം അനുഭവപ്പെടുകയായിരുന്നുവെന്നും ആരോഗ്യ വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു. ഡോക്ടര്‍ ചായ ആവശ്യപ്പെട്ടെങ്കിലും പി.എച്ച്.സിയില്‍ ആരും അത് നല്‍കിയില്ല. ഡോക്ടര്‍ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായതായാണ് മനസിലാവുന്നതെന്നും അദ്ദേഹം പറഞ്ഞു.

"ലോക്കല്‍ അനസ്തേഷ്യ ഉള്‍പ്പെടെ ഓരോ ശസ്ത്രക്രിയയും ഏതാണ്ട് 30 മിനിറ്റോളമാണ് നീണ്ടു നില്‍ക്കുന്നത്. സാധരണ ഗതിയില്‍ രണ്ട് ശസ്ത്രക്രിയാ ടേബിളുകള്‍ സജ്ജമാക്കുകയും ഒരേ സമയം ശസ്ത്രക്രിയകള്‍ നടക്കുകയും ചെയ്യും. സര്‍ജന്‍ പുറത്തുപോയാല്‍ മറ്റ് ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് പകരം ബാക്കി കാര്യങ്ങള്‍ ചെയ്യാറുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഇത്തരം ശസ്ത്രക്രിയകള്‍ ചെയ്യാന്‍ അംഗീകാരമുള്ള  ഡോക്ടര്‍മാരെ കിട്ടാന്‍ ബുദ്ധിമുട്ടാണെന്നും രാത്രി ഡോക്ടര്‍ തന്നെ തിരിച്ചെത്തി ജോലി പൂര്‍ത്തികരിച്ചതാണെന്നും" അദ്ദേഹം വിശദീകരിക്കുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios