പുരുഷന്മാര്‍ക്കിടയില്‍ അത്ര അപൂര്‍വ്വമല്ലാതെ കാണപ്പെടുന്ന ഒരവസ്ഥയാണ് ശീഘ്രസ്ഖലനം. ശാരീരികമായ എന്ത് പ്രശ്‌നത്തേയും കൃത്യമായി തിരിച്ചറിയുകയും ചികിത്സ തേടുകയും ചെയ്യുന്ന തലത്തിലേക്ക് നമ്മള്‍ മാറുമ്പോഴും ശീഘ്രസ്ഖലനം പോലുള്ള പ്രശ്‌നങ്ങള്‍ ഇപ്പോഴും ഇരുട്ടില്‍ മാത്രം ചര്‍ച്ച ചെയ്യേണ്ടതാണെന്ന് കണക്കാക്കപ്പെടുന്നു
പുരുഷന്മാര്‍ക്കിടയില്‍ അത്ര അപൂര്‍വ്വമല്ലാതെ കാണപ്പെടുന്ന ഒരവസ്ഥയാണ് ശീഘ്രസ്ഖലനം. ശാരീരികമായ എന്ത് പ്രശ്‌നത്തേയും കൃത്യമായി തിരിച്ചറിയുകയും ചികിത്സ തേടുകയും ചെയ്യുന്ന തലത്തിലേക്ക് നമ്മള്‍ മാറുമ്പോഴും ശീഘ്രസ്ഖലനം പോലുള്ള പ്രശ്‌നങ്ങള്‍ ഇപ്പോഴും ഇരുട്ടില്‍ മാത്രം ചര്‍ച്ച ചെയ്യേണ്ടതാണെന്ന് കണക്കാക്കപ്പെടുന്നു.
ഇത്തരം പ്രശ്‌നങ്ങള്‍ പുറത്തുപറയുന്നതും, അത് ചര്‍ച്ചയ്ക്ക് വയ്ക്കുന്നതുമെല്ലാം മോശമായ കാര്യമായാണ് സമൂഹം ഇപ്പോഴും മനസിലാക്കുന്നത്. ഇങ്ങനെയുള്ള മനോഭാവം തന്നെയാണ് ഒരു പരിധി വരെ വ്യാജ ചികിത്സക്കാരെയും പരസ്യക്കെണിക്കാരെയും സജീവമാക്കുന്നതും.
ഈ വിഷയത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് എഴുതുകയാണ് ഡോ. ജിതേഷ് .ടി. തന്റെ ഫേസ്ബുക്ക് വാളിലൂടെ അദ്ദേഹം പങ്കുവച്ച് കുറിപ്പ് ഏറെ പ്രാധാന്യമര്‍ഹിക്കുന്നത് തന്നെയാണ്. ആധികാരികവും അറിവ് പകരുന്നതുമായി ഈ കുറിപ്പ് ഓരോ പുരുഷനും വായിച്ചിരിക്കേണ്ട ഒന്നാണ്...
കുറിപ്പ് വായിക്കാം...
പിജി എന്‍ട്രന്‍സ് കോച്ചിംഗ് കാലത്ത് മെഡിക്കല്‍ കോളേജിനടുത്തുള്ള ഒരു ലോഡ്ജിലായിരുന്നു താമസം. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മാത്രം താമസിച്ചിരുന്ന ലോഡ്ജ്. ആ ലോഡ്ജിന്റെ മാനേജര്‍ ഡേവിസ്(യഥാര്‍ത്ഥ പേരല്ല) എന്ന ചെറുപ്പക്കാരനായിരുന്നു. ആറടി ഉയരവും ബലിഷ്ഠ ശരീരവുമുള്ള സുമുഖനായ ഡേവിസിനോട് അവിടെ എല്ലാവര്‍ക്കും ഒരു ആരാധനയും ബഹുമാനവുമൊക്കെ ആയിരുന്നു.
കുറച്ചധിക കാലത്തെ പ്രാക്ടീസിന് ശേഷമാണ് പിജി എന്‍ട്രന്‍സ് എഴുതാന്‍ പോയത്. അതുകൊണ്ട് Old man എന്നൊരു വിളിപ്പേര് എനിക്ക് അവിടെ ഉണ്ടായിരുന്നു. അതുകൊണ്ടാവാം, ഒരു ദിവസം രാത്രി വരാന്തയിലൂടെ നടന്നു വരുമ്പോള്‍ പുറകില്‍ നിന്ന് ഡേവിസ് ചുമലില്‍ തട്ടി വിളിച്ചു.-
'ഡോക്ടറെ, ഒരു കാര്യം സംസാരിക്കാന്‍ ഉണ്ടായിരുന്നു'.
അന്ന് ആ ലോഡ്ജിന്റെ ടെറസില്‍ തണുത്ത കാറ്റിന്റെ ശാന്തതയില്‍ ഡേവിസിന് എന്നോട് രഹസ്യമായി പറയാനുണ്ടായിരുന്നത്, ശീഘ്രസ്‌കലനം എന്ന പ്രശ്‌നമായിരുന്നു.
പത്രങ്ങളുടെ ഉള്‍പേജുകളില്‍ കാലങ്ങളായി, നിരന്തരമായി കാണുന്ന പരസ്യങ്ങളാണ് ലൈംഗിക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട മരുന്നുകളുടേത്. ശീഘ്ര സ്‌കലനം (Premature Ejaculation) എന്ന പ്രശ്‌നത്തിന് പലരും അഭയം തേടുന്നത് ഇതിലാണ്.
നിലവില്‍ മോഡേണ്‍ മെഡിസിനില്‍ അനായാസം ചികിത്സിക്കാവുന്ന അസുഖമാണ് PE. ചില അസുഖങ്ങള്‍ അങ്ങനെയാണ്. ഒരു പൂവ് നുള്ളി എടുക്കുന്ന ലാഘവത്തോടെ ഭേദമാക്കാനാവുമെങ്കിലും അറിവില്ലായ്മ കൊണ്ടും മടി കൊണ്ടും കപട ചികിത്സകളില്‍ ചെന്നുപെട്ട് പലരും സമയവും ധനവും ആരോഗ്യവും കളയും.
ചെറിയ ജലദോഷം മുതല്‍ ക്യാന്‍സറിനു വരെ പരിചയത്തിലുള്ള ഡോക്ടറുടെ ഉപദേശം തേടുന്ന ബന്ധുമിത്രാദികള്‍, PE ന്റെ കാര്യം ചോദിക്കാന്‍ ഇപ്പോഴും മടി കാണിക്കുന്നു. അപ്പോള്‍ പിന്നെ അപരിചിതനായ ഡോക്ടറുടെ മുന്നില്‍ ചെന്ന് ഈ പ്രശ്‌നം അവതരിപ്പിക്കാന്‍ കൂടുതല്‍ വൈക്ലബ്യം. ഇതാണ് പരസ്യ മരുന്നുകള്‍ മുതലെടുക്കുന്നത്. രഹസ്യമായി വാങ്ങിക്കുന്ന മരുന്നുകള്‍ക്ക് ഫലം ഉണ്ടോ എന്ന് പരസ്യമായി ആരും പറയില്ല. അതുകൊണ്ട് ആവശ്യക്കാരെ പറ്റിക്കാന്‍ എളുപ്പമാണ്. ഇത്തരം മരുന്നുകളില്‍ ചേര്‍ക്കുന്നത് എന്തൊക്കെയാണെന്നൊ അതു കൊണ്ടുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്നോ ആര്‍ക്കുമറിയില്ല.
നാഡീവ്യവസ്ഥയും വിവിധ പേശികളും ഉള്‍പ്പെടുന്ന ഒരു സങ്കീര്‍ണ്ണ പ്രക്രിയയാണ് ഉദ്ധാരണവും സ്ഖലനവും. ഉദ്ധാരണത്തിന് ശേഷം സ്‌കലനത്തിന് എടുക്കുന്ന സമയം വിവിധ രാജ്യങ്ങളില്‍, വിവിധ ജനവിഭാഗങ്ങളില്‍, വിവിധ വ്യക്തികളില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ നോര്‍മല്‍ സമയം എത്രയാണ്, എത്ര വേണം... എന്നൊക്കെ ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല. ഏറ്റവും ലളിതമായി പറഞ്ഞാല്‍, ഒരാള്‍ ആഗ്രഹിക്കുന്നതിനുമുന്നേ സ്ഖലനം സംഭവിക്കുന്നതിനെ ശീഘ്രസ്‌കലനം എന്ന് വിളിക്കാം.
ഇടക്കൊക്കെയുള്ള ശീഘ്രസ്‌കലനം എല്ലാവരിലും സാധാരണമാണ് (Physiological). നോര്‍മല്‍ സ്‌കലനം ഉണ്ടായിരുന്ന ഒരാള്‍ക്ക് PE എന്ന പ്രശ്‌നം നീണ്ടുനില്‍ക്കുകയാണെങ്കില്‍, അത് വിവിധ മാനസിക-ശാരീരിക കാരണങ്ങള്‍ കൊണ്ടാവാം (Acquired PE). ഉല്‍ക്കണ്ട, മാനസിക സമ്മര്‍ദ്ദം, വിഷാദരോഗങ്ങള്‍, പങ്കാളിയുമായുള്ള പ്രശ്‌നങ്ങള്‍, ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍, പ്രോസ്റ്റേറ്റ് അസുഖങ്ങള്‍, ചില മരുന്നുകള്‍, കഴിച്ചു കൊണ്ടിരിക്കുന്ന ചില മരുന്നുകള്‍ പെട്ടെന്ന് നിര്‍ത്തുന്നത് തുടങ്ങിയവയാണ് കാരണങ്ങള്‍.
കൗമാരത്തില്‍ ആദ്യ സ്ഖലനം നടക്കുന്നത് മുതല്‍ എല്ലായ്‌പ്പോഴും ഏതു പങ്കാളിയുമായും ഈ പ്രശ്‌നമുണ്ടാകുന്നത് ജനിതക/ന്യൂറോളജിക്കല്‍ കാരണങ്ങള്‍ കൊണ്ടാണ് (Primary PE). ഇവയില്‍ യഥാര്‍ത്ഥ കാരണം കണ്ടുപിടിച്ചു കൗണ്‍സലിംഗ്, സൈക്കോതെറാപ്പി, മരുന്നു ചികിത്സകള്‍ ഇവ ആവശ്യാനുസരണം ഉപയോഗിക്കുകയാണ് ശാസ്ത്രീയ ചികിത്സ.
മരുന്നുകളുടെ കാര്യമാണെങ്കില്‍, വളരെ ഫലപ്രദമായ പല കാറ്റഗറികളില്‍ പെടുന്ന വിവിധതരം മരുന്നുകള്‍ ഈ പ്രശ്‌നത്തിന് ലഭ്യമാണ്. ഓരോരുത്തര്‍ക്കും അനുയോജ്യമായത് ഡോക്ടര്‍ തിരഞ്ഞെടുക്കുന്നു. ഇവയില്‍ പലതും വിഷാദ-ഉല്‍ക്കണ്ഠ രോഗങ്ങള്‍ക്കുള്ളത് കൂടിയാണ്. ആവശ്യമുള്ളപ്പോള്‍ മാത്രം കഴിക്കുന്നതും, ഉദ്ധാരണക്കുറവിനും ശീഘ്രസ്ഖലനത്തിനും ഒരുമിച്ചുള്ള കോമ്പിനേഷന്‍ മരുന്നുകളും ലഭ്യമാണ്.
PE പോലുള്ള ലൈംഗികപ്രശ്‌നങ്ങള്‍, അത് അങ്ങനെ പോട്ടെ എന്ന് കരുതി സമാധാനിക്കുന്നവരുണ്ട്. ഇത് ആത്മവിശ്വാസക്കുറവിനും അപകര്‍ഷതാബോധത്തിനും വിഷാദരോഗത്തിനും കാരണമാകാം. പങ്കാളിയുടെ സന്തോഷത്തെ കൂടി ബാധിക്കുന്ന കാര്യം കൂടി ആയതുകൊണ്ടു തന്നെ പരിഹരിക്കപ്പെടാതെ കൊണ്ടുനടക്കേണ്ടതല്ല, ഇത്.
ഏത് ഡോക്ടറെ കാണിക്കണം എന്ന ആശയക്കുഴപ്പവുമുണ്ട്. വിവിധ മാനസിക ശാരീരിക കാരണങ്ങള്‍ കൊണ്ട് ഉണ്ടാകുന്ന ഒരു അവസ്ഥയാണ് PE എന്നതുകൊണ്ടുതന്നെ ആദ്യം ഒരു ജനറല്‍ മെഡിസിന്‍ /ഫാമിലി മെഡിസിന്‍ ഡോക്ടറെ സമീപിക്കുകയാണ് ശരിയായ രീതി. ഇതൊക്കെ ഡോക്ടറുടെ മുന്നില്‍ എങ്ങനെ അവതരിപ്പിക്കും എന്നാണ് ചിന്തിക്കുന്നതെങ്കില്‍ ഒരു കാര്യം മനസ്സിലാക്കുക. ഇത് നിങ്ങളുടെ മാത്രം പ്രശ്‌നമല്ല, ലോകത്ത് 30% പുരുഷന്മാര്‍ക്കും ശീഘ്ര സ്‌കലനം ഒരു പ്രശ്‌നമാണ്.
പുത്തൂരം വീട്ടില്‍ പിറന്നതായാലും പൂവള്ളി തറവാട്ടില്‍ ജനിച്ചതായാലും ജീവിതത്തിലെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ ഈ അവസ്ഥയിലൂടെ കടന്നു പോയിട്ടില്ലാത്ത ഒരു പുരുഷപ്രജയും ഉണ്ടാവില്ല.
