പട്ടികളെ സ്വന്തം കുടുംബാംഗങ്ങള്‍ക്ക് തുല്യമായി കാണുന്നവരുണ്ട്. അവരെ സംബന്ധിച്ച് പട്ടികള്‍ക്ക് എന്തെങ്കിലും പറ്റിയാല്‍  അത് അവര്‍ക്ക് ഒരിക്കലും സഹിക്കാന്‍ കഴിയില്ല. അത്രമാത്രം പട്ടിസ്നേഹികള്‍ നമ്മുടെ സമൂഹത്തിലുണ്ട്. 

പട്ടികളെ വളര്‍ത്തുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്തയാകും ഈ പുതിയ പഠനം. പട്ടിയെ വളര്‍ത്തുന്നവരില്‍ നല്ല ഹൃദയാരോഗ്യം ഉണ്ടാകുമെന്നാണ് പഠനം പറയുന്നത്. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ ആണ് പഠനം നടത്തിയത്. ഹൃദയാഘാതം, സ്ട്രോക്ക് എന്നിവ വന്നവര്‍ പട്ടികളെ വളര്‍ത്തുന്നത് അവരുടെ ഹൃദയത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ് എന്നാണ് പഠനം പറയുന്നത്. അതുകൊണ്ടുതന്നെ, ഹൃദ്രോഗികള്‍ വീട്ടില്‍ പട്ടികളെ വളര്‍ത്തുന്നത് നല്ലതാണെന്നും പഠനം പറഞ്ഞുവെയ്ക്കുന്നു. 

കാര്‍ഡിയോ വാസ്കുലാര്‍ ക്വാളിറ്റി ആന്‍റ്  ഔട്ട്കംസ്  എന്ന ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചു.  നായകളെയും പൂച്ചകളെയും വളര്‍ത്തുന്നത് മാനസികാരോഗ്യത്തിന് നല്ലതാണെന്നും മുന്‍പ് ചില പഠനങ്ങള്‍ സൂചിപ്പിച്ചിരുന്നു.