Asianet News Malayalam

തലചുറ്റല്‍, ശ്വാസ തടസ്സം എന്നിവ അനുഭവപ്പെടാറുണ്ടെങ്കിൽ സൂക്ഷിക്കുക; ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എഴുതിയത്

മന:ശാസ്ത്ര ചികിത്സയാണ് ഇത്തരം സാഹചര്യങ്ങളില്‍ ആവശ്യം. മന:ശാസ്ത്ര ചികിത്സയെന്നാല്‍ മരുന്നില്ലാതെ തന്നെ വ്യക്തിയുടെ മനസ്സിലെ ഉൽകണ്‌ഠയും ഭയംനിറഞ്ഞ ചിന്തകളും മാറ്റാന്‍ അവരെ സ്വയം പ്രാപ്തരാക്കുക എന്നതാണ്. 

dr priya varghese column about beware if you experience dizziness or shortness of breath
Author
Trivandrum, First Published Jul 5, 2021, 7:15 PM IST
  • Facebook
  • Twitter
  • Whatsapp

ഉറക്കത്തില്‍ ഞെട്ടി ഉണരുക, ശ്വാസതടസ്സം അനുഭവപ്പെടുക, നെഞ്ചിടിപ്പുയരുക, പെട്ടെന്നു വല്ലാതെ വിയർക്കുക, വല്ലാത്ത ഭയം തോന്നുക, ഇപ്പോള്‍ മരിച്ചു പോകുമോ എന്നുപോലും തോന്നിപ്പോവുക. ഈ അവസ്ഥ ഉറക്കത്തില്‍ മാത്രമല്ല, ഉണർന്നിരിക്കുമ്പോഴും ഒരു ദിവസത്തില്‍ ഏതു സമയത്തു വേണമെങ്കിലും സംഭവിക്കാം എന്ന വല്ലാത്ത ഒരു ഭീതിയില്‍ കഴിയേണ്ടി വരുന്ന അവസ്ഥ വളരെ ബുദ്ധിമുട്ടു നിറഞ്ഞതായിരിക്കും.ഇതിലൂടെ കടന്നുപോകുന്ന വ്യക്തി വളരെ ഭയം നിറഞ്ഞ മാനസികാവസ്ഥയിലൂടെ ആയിരിക്കും കടന്നുപോവുക.

ഇത് ഹാർട്ട് അറ്റാക്കോ മരണം സംഭവിക്കാന്‍ പോകുന്നതിന്റെ ലക്ഷണമാണോ എന്നാവും ആദ്യം മനസ്സിലേക്ക് വരുന്ന ചിന്തയെന്ന് ഈ അവസ്ഥയിലൂടെ കടന്നുപോയിട്ടുള്ളവര്‍ പറയാറുണ്ട്. മനസ്സിന്റെ പിടിവിട്ടു പോവുകയാണോ, വലിയ മാനസിക രോഗിയായി തീരുകയാണോ എന്നുപോലും ആ സമയം തോന്നിപ്പോകാം.

എന്നാല്‍ ഈ ലക്ഷണങ്ങള്‍ എല്ലാം മിനിറ്റുകള്‍ക്കകം കുറഞ്ഞു വന്ന് നോർമൽ അവസ്ഥയിലേക്ക് ആ വ്യക്തി എത്തുകയും ചെയ്യുന്നു. ഇതാണ് മറ്റു ശരീരരോഗലക്ഷണങ്ങളില്‍ നിന്നും ഇതിനെ വേർതിരിക്കാൻ കഴിയുന്ന ഒരു കാര്യം. യഥാർത്ഥത്തില്‍ ഇത് മനസ്സിന്റെ ടെൻഷന്‍മൂലം ഉണ്ടാകുന്ന പാനിക് അറ്റാക്ക്‌ എന്ന അവസ്ഥയാണ്‌. ശരീരത്തില്‍ രോഗങ്ങള്‍ ഒന്നും തന്നെ കണ്ടുപിടിക്കാന്‍ കഴിയാത്തപ്പോഴും ഈ ലക്ഷണങ്ങള്‍ കാരണങ്ങള്‍ ഇല്ലാതെ തുടരുമ്പോഴാണ് അതു പാനിക് അറ്റാക്കാണ് എന്നു കണ്ടെത്താന്‍ കഴിയുക.

പാനിക്ക് അറ്റാക്ക്‌ ലക്ഷണങ്ങള്‍...

•    പെട്ടെന്നു നെഞ്ചിടിപ്പു വല്ലാതെ ഉയരുക
•    നെഞ്ചു വേദന തോന്നുക
•    ശ്വാസ തടസ്സം അനുഭവപ്പെടുക
•    തലചുറ്റല്‍
•    മനസ്സിന്റെ  നിയന്ത്രണം വിട്ടുപോകുന്നപോലെ തോന്നുക
•    പെട്ടെന്നു ഭയമുണ്ടാക്കിയ ആ സാഹചര്യത്തില്‍ നിന്നും പുറത്തുകടക്കാന്‍ ശ്രമം നടത്തുക
•    അല്പ നിമിഷങ്ങൾക്കുള്ളില്‍ എല്ലാ ലക്ഷണങ്ങളും മാറിവരിക 
•    ഇങ്ങനെ പല തവണഭയം അനുഭവപ്പെടുക (ഒരു മാസത്തില്‍ അധികം പല തവണകളായി)
•    സാധാരണ ആളുകൾക്ക് അപകടകരമല്ലാത്ത സാഹചര്യങ്ങളെപ്പോലും ഒഴിവാക്കുക.

ശരീരത്തിന് മറ്റൊരു ആരോഗ്യ പ്രശ്നങ്ങളും ഉള്ളതായി കണ്ടെത്താന്‍ കഴിയുന്നില്ല, ഒരു മരുന്നുകളും കഴിക്കുകയോ, മറ്റു ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുകയോ ഒന്നും തന്നെ ചെയ്യുന്നില്ല എന്നിരുന്നിട്ടുപോലും എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്‌ എന്ന വല്ലാത്ത ആധി ഇവരില്‍ അനുഭവപ്പെടും.

ചില ആളുകളില്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമായും ഇത് അനുഭവപ്പെടാം. ഉദാ: ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍, വലിയ ആൾക്കൂട്ടത്തില്‍, പെട്ടെന്നു അവിടെ നിന്നും പുറത്തേക്കിറങ്ങാന്‍ സാധ്യമല്ല എന്ന അവസരങ്ങളില്‍, ഇടുങ്ങിയ സ്ഥലത്തുകൂടി നടക്കേണ്ടി വരുമ്പോള്‍, ലിഫ്റ്റില്‍ കയറുമ്പോള്‍ എന്നിവ. ഇങ്ങനെ വരുമ്പോള്‍ ഇത്തരം സ്ഥലങ്ങളില്‍ പോകാതെ ഒഴിവാക്കുകയാവും ഇവര്‍ ചെയ്യുക.

സാമൂഹിക ഭയം (social phobia) ഉള്ള ആളുകളിലും മീറ്റിങ്ങുകളോ മറ്റു ചടങ്ങുകളോ പങ്കെണ്ടുക്കേണ്ടി വരികയും അവിടെ ഒരു സദസ്സില്‍ സംസാരിക്കേണ്ടി വരികയും ഒക്കെ ചെയ്യേണ്ടി വരുന്ന സാഹചര്യത്തില്‍ ചിലപ്പോള്‍ ഇങ്ങനെ പാനിക്ക് അറ്റാക്ക് അനുഭവപ്പെടാം.

തുടർച്ചയായും എപ്പോഴാണ് സംഭവിക്കുക എന്ന് പ്രവചിക്കാന്‍ കഴിയാതെ വരികയും ചെയ്യുന്ന സാഹചര്യങ്ങളില്‍ ഒറ്റയ്ക്കിരിക്കാന്‍ വല്ലാതെ ഭയക്കുകയും പൊതു സ്ഥലത്തേക്കു പോകാതാകുകയും ചെയ്യും.

ചികിത്സ എങ്ങനെ?

മന:ശാസ്ത്ര ചികിത്സയാണ് ഇത്തരം സാഹചര്യങ്ങളില്‍ ആവശ്യം. മന:ശാസ്ത്ര ചികിത്സയെന്നാല്‍ മരുന്നില്ലാതെ തന്നെ വ്യക്തിയുടെ മനസ്സിലെ ഉൽകണ്‌ഠയും ഭയംനിറഞ്ഞ ചിന്തകളും മാറ്റാന്‍ അവരെ സ്വയം പ്രാപ്തരാക്കുക എന്നതാണ്. അതുകൊണ്ടു തന്നെ കൃത്യമായി ചിന്തകളും പ്രവർത്തികളും മാറ്റിയെടുക്കുന്നതിനുള്ള മാനസിക വ്യായാമങ്ങള്‍ (mental exercise) ചെയ്യുക എന്നതും വളരെ പ്രധാനമാണ്. Relaxation training, Cognitive Behaviour Therapy എന്നീ ചികിത്സാ രീതികളാണ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍ ഉപയോഗിക്കുന്ന ചികിത്സാ രീതികള്‍.

പാനിക്കാവുന്ന സാഹചര്യങ്ങളില്‍ പൊതുവേ ആളുകള്‍ ചെയ്യുക ഹാർട്ട് അറ്റാക്കോ മറ്റോ വന്നു മരണപ്പെടാന്‍ പോകുകയാണോ എന്നു ഭയന്ന് അടുത്തുള്ള ആശുപത്രിയെ സമീപിക്കുക എന്നതാണ്. ചിലർക്ക്  ഇതു പാനിക്ക് അറ്റാക്ക്‌ ആണെന്നു മനസ്സിലാകുന്നില്ല എങ്കില്‍ കുറെയധികം ആളുകള്‍ ഇതവര്‍ ഭയപ്പെട്ടപോലെ ശരീരത്തിന്റെ രോഗമല്ല എന്നു കേൾക്കുമ്പോള്‍ അവിടെ മന:ശാസ്ത്ര ചികിത്സ തേടാനുള്ള സാഹചര്യം ഒഴിവാക്കുന്നു. 

നല്ലൊരു ശതമാനം ആളുകൾക്കും ചികിത്സ തേടാന്‍ കുടുംബന്റെ പിന്തുണ ലഭിക്കുന്നില്ല (അത് ഏതു മാനസിക പ്രശ്നത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ്). അല്ലെങ്കില്‍ ഇതു മനസ്സിന്റെ ടെന്‍ഷനാണ് എന്ന് അംഗീകരിക്കാന്‍ മനസ്സു കാണിക്കാതെ വീണ്ടും പല പല ആശുപത്രികള്‍ കയറി ഇറങ്ങുകയും അതിനാല്‍ തന്നെ ടെൻഷന്‍ മാറാതെ ഈ അവസ്ഥ അങ്ങനെ തന്നെ തുടരുകയുമാകും ചെയ്യുക.

പരിഹരിക്കാന്‍ കഴിയുമായിരുന്ന ഒരു പ്രശ്നം പരിഹരിക്കണ്ട എന്നു തീരുമാനിക്കുമ്പോള്‍ ഉണ്ടാകുന്ന എല്ലാ ബുദ്ധിമുട്ടുകളിലൂടെയും ജീവിക്കേണ്ടി വരുന്നു. ഫലം അവരുടെ ജീവിതത്തിന്റെ നല്ല ഭാഗം ഭയന്നും രോഗിയാണെന്ന് തെറ്റിദ്ധരിച്ചും മുന്നോട്ടു നീക്കേണ്ടി വരുന്നു. 

ജീവിതം മെച്ചപ്പെടുത്തുകയാണോ അതോ സമൂഹത്തെ ഭയന്ന് മന:ശാസ്ത്രചികിത്സ വേണ്ടാന്നു വെക്കുകയാണോ എന്തിനാണ് അധികം പ്രാധാന്യം കൊടുക്കേണ്ടത് എന്ന ചോദ്യമാണ് സ്വയം ചോദിക്കേണ്ടത്‌. ശരീരത്തിന്റെ രോഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പൊതുവേ നിസ്സാരമായി കാണുന്ന ഒന്നാണ് മനസ്സിന്റെ ആരോഗ്യം.അതുപോലെ തന്നെ പല ശാരീരിക രോഗങ്ങള്ക്കും  മനസ്സിന്റെഅ സമ്മര്ദ്ദം  (mental stress) കാരണമാകാം എന്നുള്ളതും പലപ്പോഴും നമ്മള്‍ മനസ്സിലാക്കുന്നില്ല.

ടെൻഷൻ കാരണമുള്ള പ്രശ്നങ്ങള്‍ വലിയ തീവ്രതയുള്ള മാനസിക രോഗങ്ങള്‍ ഒന്നും അല്ല എന്നതാണ് വാസ്തവം. അതുകൊണ്ടുതന്നെ അവയില്‍ പലതും മരുന്നു കഴിക്കാതെതന്നെ മാറ്റിയെടുക്കാന്‍ കഴിയും. ടെന്ഷ്ന്‍, ഡിപ്രഷന്‍ പോലെയുള്ള അവസ്ഥകള്‍ ചെറിയ രീതിയില്‍ എങ്കിലും ജീവിതത്തില്‍ ഒരിക്കലെങ്കിലും അനുഭവിച്ചിട്ടില്ലാത്ത ആളുകള്‍ ഉണ്ടാവില്ല. ചില ആളുകളില്‍ അതു സ്വയം മാറ്റിയെടുക്കാന്‍ കഴിയുക എന്നാല്‍ അത്ര എളുപ്പമാകെതെ വരുമ്പോള്‍ സൈക്കോളജിസ്റ്റിന്റെ സഹായം തേടുകയാണ് വേണ്ടത്.

ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ എത്രമാത്രം സമയവും പരിശ്രമവും ആവശ്യമാണോ അത്രമാത്രം പ്രാധാന്യം മനസ്സിന്റെി കാര്യത്തിലും നല്കിണം. ഒരു ദിവസം ഒരു മണിക്കൂര്‍ എന്നതാണ് പൊതുവേ മന:ശാസ്ത്ര ചികിത്സയ്ക്കായി മാറ്റിവയ്ക്കേണ്ടി വരിക. അങ്ങനെ എട്ടു മുതല്‍ പന്ത്രണ്ടു ദിവസമാകുംസാധാരണഗതിയില്‍ ചികിത്സ. ഓരോ പ്രശ്നങ്ങളുടെയും തീവ്രത അനുസരിച്ച് ഏറ്റക്കുറച്ചില്‍ വരാം. ചിലരില്ഒ ന്നോ രണ്ടോ സെഷനിലും നല്ല മാറ്റം കണ്ടു തുടങ്ങും.

ഭാവിയില്‍ ഇതോ അല്ലെങ്കില്‍ ഇതിനു സമാനമായ പ്രശ്നങ്ങളോ നേരിടേണ്ടി വന്നാല്‍ എങ്ങനെ അവയെ എളുപ്പത്തില്‍ നേരിടാം എന്ന ഒരു പരിശീലനം കൂടി ചികിത്സ തേടുന്ന ആളുകളില്‍ ഉണ്ടാക്കിയെടുക്കാന്‍ മന:ശാസ്ത്ര വിദഗ്‌ദ്ധര്‍ക്കു കഴിയും.

വെറുതെ സംസാരിച്ചിരിക്കുക എന്നതു മാത്രമല്ലേ മന:ശാസ്ത്ര ചികിത്സകര്‍ ചെയ്യുക എന്നു ചോദിക്കുന്നവര്‍ ഉണ്ട്. മാനസിക പ്രശ്നങ്ങള്‍ വെറുതെ എന്തെങ്കിലും സംസാരിച്ചാല്‍ മാറുന്ന ഒന്നായിരുന്നു എങ്കില്‍ നൂറു ശതമാനം മാനസികാരോഗ്യം നേടിയെടുക്കാന്‍ കഴിയുന്ന സമൂഹമാകാന്‍ നമുക്കയേനെ. എന്നാല്‍ നാലുപേരില്‍ ഒരാള്‍ വീതം മാനസിക പ്രശ്നങ്ങള്‍ അനുഭവിക്കുന്നു എന്നാണ് കണക്ക്.

മന:ശാസ്ത്ര ചികിത്സകളായ ognitive therapy, exposure therapy, മറ്റു behaviour therapyകളും പോലെയുള്ള ചികിത്സാ രീതികള്‍ ഉപയോഗിച്ച്ചിന്തകള്‍ക്കും പെരുമാറ്റ രീതികൾക്കും വ്യത്യാസം വരുത്താന്‍ കഴിയും എന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്. 

ചികിത്സയില്‍ എന്താണ് ഒരു വ്യക്തിയുടെ മാനസിക പ്രശ്നം എന്നതിന്റെള രോഗനിര്ണ്ണ്യം ആദ്യമായി നടത്തുന്നു. അതു ലഘു മാനസിക പ്രശ്നമാണോ (neurosis) അതോ അല്പംകൂടിതീവ്രതയുള്ള മാനസിക പ്രശ്നമാണോ (psychosis) എന്നു നിർണ്ണയിക്കാൻ കഴിയണം. സൈക്യാട്രിസ്റ്റിന്റെ സേവനം കൂടി ഉറപ്പാക്കേണ്ട സാഹചര്യം ഉണ്ടോ എന്നു തിരിച്ചറിയണം. എല്ലാ മാനസിക പ്രശ്നങ്ങൾക്കും മരുന്നാവശ്യമായി വരുന്നില്ല.

വെറുതെ ഒരു വ്യക്തിയെ കേൾക്കുന്നതിലൂടെയോ ഉപദേശിക്കുന്നതില്ലോടെയോ പൂർണ്ണമായ പ്രശ്ന നിവാരണം അവിടെ സാധ്യമാകുന്നില്ല. അതിനു മന:ശാസ്ത്രം (Psychology) ശാസ്ത്രീയമായി പഠിച്ചവരുടെ സഹായം തന്നെ ആളുകള്ക്കുത ലഭിക്കണം. പക്ഷേ അവിടെയും വില്ലനായി മന:ശാസ്ത്രം രണ്ടു ദിവസവും ഒരാഴ്ചയുംപഠിച്ചതുകൊണ്ട്സൈക്കോളജിസ്റ്റ് എന്നുസ്വയം പ്രഖ്യാപിച്ചു നടക്കുന്ന വ്യാജന്മാരാല്‍ ആളുകള്‍ പറ്റിക്കപ്പെടുന്നു. 

സർവ്വകലാശാലകളുടെ കീഴില്‍ UGC അംഗീകാരത്തോടെ നടക്കുന്ന മറ്റേതൊരു അംഗീകൃത കോഴ്സുംപോലെ തന്നെസൈക്കോളജിയിലുംUndergraduate, Postgraduate, MPhil, Phd എന്നീ പഠനങ്ങങ്ങളുണ്ട്. ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്നാല്‍ PGക്കു ശേഷം രണ്ടു വർഷം MPhil കൂടി പഠിച്ചിരിക്കണം. ചുരുക്കത്തില്‍ സൈക്കോളജിസ്റ്റ് എന്നാൽ വെറുതെ സംസാരിച്ചിരിക്കുന്ന ആള്‍ മാത്രമല്ല, ആ സംസാരിക്കുന്ന കാര്യങ്ങള്‍ എന്തു മാനസിക പ്രശ്നത്തെ സൂചിപ്പിക്കുന്നു എന്നു മനസ്സിലാക്കുകയും പരിഹാര മാർ​ഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുന്നു.

എഴുതിയത്:
പ്രിയ വർ​ഗീസ് (M.Phil, MSP, RCI Licensed)
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, Near TMM Hospital, തിരുവല്ല
Online consultation available
For appointmentscall: 8281933323

Follow Us:
Download App:
  • android
  • ios