മസില്‍ പെരുപ്പിച്ച്, ശരീരം 'ജിംനാസ്റ്റിക് ബോഡി' ആക്കാനൊന്നുമല്ല മിക്കവരും ഇപ്പോള്‍ വ്യായാമത്തിലേര്‍പ്പെടുന്നത്. ജീവിതശൈലീ രോഗങ്ങളില്‍ നിന്നെല്ലാം അകന്ന്, ശരീരം ആരോഗ്യമുള്ളതാക്കി കാത്തുസൂക്ഷിക്കുകയെന്നത് തന്നെയാണ് ഭൂരിഭാഗം പേരുടേയും ലക്ഷ്യം. ഇതിന് ആദ്യം ചെയ്യുന്നത് ശരീരത്തില്‍ അനാവശ്യമായി അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പിനെ എരിച്ചുകളയുകയാണ്. 

ഇത്തരത്തില്‍ കൊഴുപ്പിനെ എരിച്ചുകളയാനുള്ള വ്യായാമമുറകളാണ് മിക്കവരും പരിശീലിക്കുന്നതും. എന്നാല്‍ ഒരു ദിവസത്തില്‍ ഏത് സമയത്താണ് നിങ്ങള്‍ വ്യായാമത്തിലേര്‍പ്പെടേണ്ടതെന്ന് അറിയാമോ? വ്യായാമത്തിന് അത്രയും കൃത്യമായ സമയം വേണോ എന്ന ചോദ്യവും ഇതോടൊപ്പം ഉയര്‍ന്നേക്കാം. 

വ്യായാമം ഒന്നുകില്‍ രാവിലെയോ അല്ലെങ്കില്‍ വൈകീട്ടോ ഒക്കെ ചെയ്യാവുന്നത് തന്നെയാണ്. എന്നാല്‍ ചില സമയങ്ങള്‍ കൂടുതല്‍ ഫലപ്രദമാകും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഈ വാദത്തിനോട് കൂട്ടിവായിക്കാനാകുന്ന ഒരു പഠനറിപ്പോര്‍ട്ടിനെ കുറിച്ചാണ് ഇനി പറയുന്നത്. 

'ദ ജേണല്‍ ഓഫ് ക്ലിനിക്കല്‍ എന്‍ഡോക്രൈനോളജി ആന്റ് മെറ്റബോളിസം' എന്ന ആരോഗ്യ പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നത്. ബാത്ത് യൂണിവേഴ്‌സിറ്റി- ബ്രിമിംഗ്ഹാം യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരാണ് പഠനത്തിന് പിന്നില്‍. 

അതായത്, പുരുഷന്മാര്‍ക്ക് ഏറ്റവുമധികം കൊഴുപ്പെരിച്ചുകളയാന്‍ പ്രഭാതഭക്ഷണത്തിന് മുമ്പുള്ള സമയത്തെ വ്യായാമമാണ് നല്ലതെന്നായിരുന്നു ഇവരുടെ കണ്ടെത്തല്‍. മറ്റ് സമയങ്ങളില്‍ വ്യായാമം ചെയ്യുന്നവരെ അപേക്ഷിച്ച് ഇരട്ടിഫലമാണത്രേ ഈ സമയങ്ങളില്‍ വ്യായാമം ചെയ്യുന്ന പുരുഷന്മാരില്‍ ഇവര്‍ക്ക് കണ്ടെത്താന്‍ സാധിച്ചത്. 

കൊഴുപ്പ് എരിച്ചുകളയാന്‍ മാത്രമല്ല, ഇന്‍സുലിനെ കാര്യക്ഷമമായി സ്വീകരിക്കാനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാനും, അതുവഴി പ്രമേഹവും ഹൃദയസംബന്ധവുമായ അസുഖങ്ങളെ ചെറുക്കാനുമെല്ലാം പ്രഭാതഭക്ഷണത്തിന് മുമ്പുള്ള വ്യായാനം പുരുഷനെ സഹായിക്കുമത്രേ.