ബെയ്ജിങ്: സഹിക്കാനാവാത്ത ചെവിവേദന കൊണ്ട് പുളഞ്ഞ യുവാവ് വീട്ടുകാരോട് ചെവി പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. ടോര്‍ച്ചിന്‍റെ വെളിച്ചത്തില്‍ വീട്ടുകാര്‍ നോക്കിയപ്പോള്‍ ചെവിക്കുള്ളില്‍ എന്തോ ഒരു ജീവി അനങ്ങുന്നതായി കണ്ടു. ഇതോടെ ഇവര്‍ യുവാവിനെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ വിദഗ്ധ പരിശോധനയില്‍ യുവാവിന്‍റെ ചെവിക്കുള്ളില്‍ കണ്ടെത്തിയത് ജീവനുള്ള പാറ്റയെയും പത്തിലേറെ കുഞ്ഞുങ്ങളെയും!

 ചൈനയിലാണ് സംഭവം. 24- കാരനായ യുവാവിന് കടുത്ത ചെവി വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഹ്യുഷു പട്ടണത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ചെവിക്കുള്ളില്‍ എന്തോ ജീവനുള്ള വസ്തു ഇഴയുന്നുണ്ടെന്നും അനങ്ങുന്നതായി തോന്നുന്നെന്നും  ഇത് മൂലം തനിക്ക് അസ്വസ്ഥതയും ശക്തമായ വേദനയും ഉണ്ടെന്നും യുവാവ് ഡോക്ടറോട് പറഞ്ഞു. തുടര്‍ന്ന് ഡോക്ടര്‍ നടത്തിയ പരിശോധനയിലാണ് ചെവിയില്‍ നിന്ന് പാറ്റയെയും പത്തില്‍ കൂടുതല്‍ ജീവനുള്ള കുഞ്ഞുങ്ങളെയും കണ്ടെത്തിയത്.

പാറ്റകള്‍ ചെവിക്കകത്ത് ഇഴഞ്ഞു നടക്കുകയായിരുന്നെന്ന് യുവാവിനെ ചികിത്സിച്ച ഡോക്ടര്‍ പറഞ്ഞതായി ഒരു അന്തര്‍ദേശീയ മാധ്യമത്തെ ഉദ്ധരിച്ച് ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പാറ്റകളെ നീക്കം ചെയ്ത ശേഷം ഡോക്ടര്‍ യുവാവിന് ചെവിയില്‍ പുരട്ടാന്‍ മരുന്ന് നല്‍കി. കഴിച്ച ശേഷം ബാക്കി വന്ന ഭക്ഷണം കിടക്കയുടെ സമീപം സൂക്ഷിക്കുന്ന സ്വഭാവമുള്ളയാളാണ് യുവാവ്. ഭക്ഷണത്തിന്‍റെ  മണം പിടിച്ചെത്തിയ പാറ്റകള്‍ യുവാവിന്‍റെ ചെവിയില്‍ കയറിക്കൂടിയതാകാം എന്നാണ് നിഗമനം.