അമിതവണ്ണമുള്ളവര്‍ മറ്റുള്ളവരെ അപേക്ഷിച്ച് എപ്പോഴും കിതപ്പനുഭവിക്കുന്നതായി കാണാറില്ലേ? ശരീരത്തിന്റെ ഭാരം താങ്ങുന്നത് മൂലമാണ് അവരില്‍ കിതപ്പുണ്ടാകുന്നത് എന്നാണ് പൊതുവേ ഇതെക്കുറിച്ച് നമുക്കുള്ള ധാരണ. എന്നാല്‍ അത്രയും നിസാരമായ കാരണമല്ല ഇതിന് പിന്നിലെന്നാണ് പുതിയൊരു പഠനം സാക്ഷ്യപ്പെടുത്തുന്നത്

അമിതവണ്ണമുള്ളവര്‍ മറ്റുള്ളവരെ അപേക്ഷിച്ച് എപ്പോഴും കിതപ്പനുഭവിക്കുന്നതായി കാണാറില്ലേ? ശരീരത്തിന്റെ ഭാരം താങ്ങുന്നത് മൂലമാണ് അവരില്‍ കിതപ്പുണ്ടാകുന്നത് എന്നാണ് പൊതുവേ ഇതെക്കുറിച്ച് നമുക്കുള്ള ധാരണ. എന്നാല്‍ അത്രയും നിസാരമായ കാരണമല്ല ഇതിന് പിന്നിലെന്നാണ് പുതിയൊരു പഠനം സാക്ഷ്യപ്പെടുത്തുന്നത്. 

അമിതവണ്ണമുള്ളവരില്‍ ശരീരത്തില്‍ കൊഴുപ്പടിയുന്നത് പോലെ തന്നെ, ശ്വാസകോശത്തിലും കൊഴുപ്പടിയുമത്രേ, ഇങ്ങനെ കൊഴുപ്പടിയുന്നത് മൂലം ശ്വസനപ്രക്രിയയില്‍ ബുദ്ധിമുട്ടും തടസവും അനുഭവപ്പെടുന്നു. ഇതാണ് അവര്‍ എപ്പോഴും കിതയ്ക്കുന്നതിനുള്ള കാരണമായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. 

ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. ഇവരുടെ കണ്ടെത്തലുകളെ ശരിവച്ചുകൊണ്ട് 'യൂറോപ്യന്‍ റെസ്പിരേറ്ററി സൊസൈറ്റി'യുടെ പ്രസിഡന്റ് തിയോറി ട്രൂസ്‌റ്റേഴ്‌സുള്‍പ്പെടെ നിരവധി പ്രമുഖര്‍ രംഗത്തെത്തിയിട്ടുണ്ട്. 

കൊഴുപ്പടങ്ങിയ കലകള്‍ ശ്വാസകോശത്തിന്റെ എയര്‍വേകളില്‍ അടിഞ്ഞുകൂടുന്നത് വഴി അമിതവണ്ണമുള്ളവരില്‍ ആസ്ത്മ പോലുള്ള പ്രശ്‌നങ്ങള്‍ എളുപ്പത്തില്‍ ഉണ്ടാകുന്നുവെന്നും പഠനസംഘം നിരീക്ഷിക്കുന്നുണ്ട്. എന്തായാലും ശരീരവണ്ണവും ശ്വാസകോശവും തമ്മിലുള്ള ബന്ധം ഇത്രയും വ്യക്തമായി വിശദീകരിക്കുന്ന പഠനങ്ങള്‍ മുമ്പ് ഉണ്ടായിട്ടില്ലെന്നാണ് ആരോഗ്യരംഗത്തെ പ്രമുഖര്‍ വിലയിരുത്തുന്നത്. 

ഏതാണ്ട് ആയിരത്തിയഞ്ഞൂറോളം പേരെ ഉപയോഗിച്ചാണ് ഗവേഷകര്‍ പഠനം പൂര്‍ത്തിയാക്കിയത്. മരിച്ചവരില്‍ നിന്ന് ശേഖരിച്ച ശ്വാസകോശത്തിന്റെ ഭാഗങ്ങളുപയോഗിച്ചും പഠനസംഘം തങ്ങള്‍ക്കാവശ്യമായ വിവരങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.