ലൈംഗികബന്ധത്തിലൂടെ ഡെങ്കിപ്പനി പടർന്നുപിടിച്ച ആദ്യ കേസ് സ്പെയിനിൽ സ്ഥിരീകരിച്ചു. മാഡ്രിഡിൽ നിന്നുള്ള 41 വയസുകാരനാണ് ഡെങ്കിപ്പനി പിടിച്ചതെന്ന് മാഡ്രിഡ് പബ്ലിക് ഹെൽത്ത് ഓഫീസർ സൂസാന ജിമെനെസ് പറഞ്ഞു. തുടക്കത്തിൽ ഇയാൾക്ക് കടുത്ത പനി അനുഭവപ്പെട്ടിരുന്നു.. 

ക്യൂബയിലേക്കുള്ള ഒരു യാത്രയ്ക്കിടെ ഇയാളുടെ പുരുഷ പങ്കാളിയുമായി സെക്സിലേർപ്പെടുകയും വൈറസ് ബാധിക്കുകയും പത്ത് ദിവസം മുൻപേ ലക്ഷണങ്ങൾ കണ്ട് തുടങ്ങുകയും ചെയ്തിരുന്നു. പങ്കാളിയുടെ ശുക്ലത്തിലൂടെയാകാം രോഗം പകർന്നതെന്ന് അധികൃതർ പറയുന്നു. വൈറസിന് ശുക്ലത്തിൽ ജീവിക്കാൻ കഴിയുമെന്ന് മുമ്പ് ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. 

ലോകത്തിന്റെ പല ഭാഗങ്ങളിലും സാധാരണ കണ്ടുവരുന്ന ഒരു വൈറൽ അണുബാധയാണ് ഡെങ്കി. പ്രത്യേകിച്ച് ഏഷ്യ, തെക്കേ അമേരിക്ക, കരീബിയൻ തുടങ്ങിയ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ. ഉയർന്ന താപനില, തലവേദന, കണ്ണിനു പിന്നിലും പേശികളിലും വേദന, ഛർദ്ദി തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. 

ഇത് ആദ്യത്തെ സംഭവമാണെന്ന് യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ (ഇസിഡിസി) അധികൃതർ പറഞ്ഞു. പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷന്മാരിൽ ഡെങ്കി വൈറസ് പടരുന്നത് ഇത് ആദ്യം കേസാണെന്ന് അധികൃതർ പറഞ്ഞു. 

ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനിക്ക് കാരണം. ഇത് ജനസാന്ദ്രതയുള്ള ഉഷ്ണമേഖലാ കാലാവസ്ഥയിൽ വളരുകയാണ് ചെയ്യുന്നതെന്ന് ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കുന്നു. തെക്കുകിഴക്കൻ ഏഷ്യ, ആഫ്രിക്ക, ഓസ്‌ട്രേലിയ, കരീബിയൻ, തെക്ക്, മധ്യ അമേരിക്ക തുടങ്ങിയ ചൂടുള്ള കാലാവസ്ഥകളിലേക്ക് യാത്ര ചെയ്യുന്നവരിലാണ് ഡെങ്കിപ്പനി കൂടുതലായി പിടിക്കുന്നത്.