കൊവിഡ് 19 എന്ന മഹാമാരി പിടിമുറുക്കിയ ഈ പുതിയകാലത്ത് പലതും പഴയപോലല്ല. ഇനി ആകുമെന്നും തോന്നുന്നില്ല. നമ്മൾ തൊഴിൽ ചെയ്തിരുന്ന, യാത്ര ചെയ്തിരുന്ന, പൊതു ഇടങ്ങളിൽ ഭക്ഷണം കഴിച്ചിരുന്ന, ജനങ്ങളോട് ഇടപെട്ടിരുന്ന പല രീതികളും ഇനി വിപ്ലവകരമായ പല മാറ്റങ്ങൾക്കും സാക്ഷ്യം വഹിയ്ക്കാൻ പോവുകയാണ്. ആളുകളുടെ മനസ്സിൽ അവനവന്റെയും, കുടുംബത്തിന്റെയും ആരോഗ്യമെന്നത് എത്ര പെട്ടെന്നാണ് ഒരു 'ഹൈ പ്രയോരിറ്റി' ഐറ്റമായി മാറിയത്. ഇതിനെപ്പറ്റിയൊന്നും മുമ്പ് ആളുകൾ ചിന്തിച്ചിരുന്നില്ല എന്നല്ല പറഞ്ഞുവരുന്നത്. അവയൊക്കെ ആളുകളുടെ ഇഷ്ടാനിഷ്ടങ്ങളുമായി മാത്രം ബന്ധപ്പെട്ടു കിടന്നിരുന്നു എന്നുമാത്രം. ഇന്ന് പക്ഷെ, പലരും സ്വന്തം ആഹാരശീലങ്ങൾ പോലും കൊറോണവൈറസിന്റെ വ്യാപനത്തിന് കാരണമായേക്കുമോ ആശങ്കയിലാണ് കഴിയുന്നത്. ഈ അവസരത്തിൽ ലോകാരോഗ്യ സംഘടന(WHO) ഭക്ഷണശീലങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് അഞ്ചു നിർദേശങ്ങൾ മുന്നോട്ടുവെച്ചിരിക്കുകയാണ്.

1. ശുചിത്വം പാലിക്കുക

ഭക്ഷണം ഉണ്ടാകുന്നതിന് മുമ്പും, ഉണ്ടാക്കിക്കഴിഞ്ഞ ശേഷവും കൈകൾ നല്ലപോലെ സോപ്പിട്ടു കഴുകുക. ടോയ്‌ലെറ്റിലേക്ക് പോകും മുമ്പ് കൈകഴുകുന്നത് ശീലമാക്കുക. ഭക്ഷണം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ ഉപരിതലങ്ങൾ നല്ലപോലെ കഴുകി 'സാനിറ്റൈസ്' ചെയ്തെടുക്കുക. കീടങ്ങൾ, പ്രാണികൾ, മറ്റു ജന്തുക്കൾ എന്നിവയിൽ നിന്ന് വിമുക്തമാക്കി അടുക്കള  വൃത്തിയായി സൂക്ഷിക്കുക.

എന്തിന്?

പല സൂക്ഷ്മാണുക്കളും നിരുപദ്രവകാരികളാണ് എന്നിരിക്കിലും, നമുക്ക വലിയ അപകടങ്ങളുണ്ടാക്കാൻ ശേഷിയുള്ള ചില സൂക്ഷ്മാണുക്കളുടെ സാന്നിധ്യം മണ്ണിലും, വെള്ളത്തിലും, വളർത്തുമൃഗങ്ങളിലും, മറ്റു പ്രാണികളിലും, മനുഷ്യരിൽപ്പോലും കണ്ടെത്തപ്പെട്ടിട്ടുള്ളതാണ്. ഈ സൂക്ഷ്മാണുക്കൾ കൈകളിലും, തുടക്കുന്ന തുണികളിലും, പാത്രങ്ങളിലും, കട്ടിങ് ബോർഡുകളിലും കണ്ടുവരുന്നു. പാചകം ചെയ്യുന്നതിനിടെ നമ്മുടെ കൈകളിലൂടെ, സ്പർശം മുഖേന ഇവ ഭക്ഷണത്തിൽ കലരുകയും ഭക്ഷ്യജന്യരോഗങ്ങൾക്ക് കാരണമാവുകയും ചെയ്യാം.

2 . പാകം ചെയ്തതും, ചെയ്യാത്തതും വെവ്വേറെ സൂക്ഷിക്കുക

പാകം ചെയ്യാത്ത ചിക്കൻ, മട്ടൻ, ബീഫ്, മീൻ തുടങ്ങിയവ വെവ്വേറെ സൂക്ഷിക്കുക. ഇത്തരത്തിലുള്ള സാധനങ്ങൾ കൈകാര്യം ചെയ്യാൻ വെവ്വേറെ കത്തി, കട്ടിങ് ബോർഡ്, പാത്രങ്ങൾ തുടങ്ങിയവ ഉപയോഗിക്കുക. പാകം ചെയ്ത ഭക്ഷണവും, പച്ചയിറച്ചിയും മീനും ഒക്കെത്തമ്മിൽ കലരാതിരിക്കാൻ അവ പ്രത്യേകം അടച്ചുറപ്പുള്ള പാത്രങ്ങളിൽ മാത്രം സൂക്ഷിക്കുക.

എന്തിന്?

പച്ച മാംസം, മീൻ തുടങ്ങിയവയിൽ നിന്ന് ഒരു തരം നീര് ഒലിച്ചിറങ്ങുന്നത് കണ്ടിട്ടില്ലേ? ഈ നീരിൽ അവയുടെ കാലപ്പഴക്കത്തിനനുസരിച്ച് അപകടകരമായ സൂക്ഷ്മാണുക്കളുടെ സാന്നിധ്യം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഇവ ഭക്ഷണമുണ്ടാക്കുമ്പോഴും, പിന്നേക്ക് സൂക്ഷിച്ചു വെക്കുമ്പോഴും പാചകം ചെയ്ത ഭക്ഷണത്തിലേക്ക് കലരാനുള്ള സാധ്യത വളരെയധികമാണ്.

 3 . നല്ലപോലെ വേവിച്ചു മാത്രം കഴിക്കുക

ചിക്കൻ, മട്ടൻ, ബീഫ്, പോർക്ക് തുടങ്ങി എല്ലാത്തരം ഇറച്ചിയും, മുട്ടയും മീനും എല്ലാം തന്നെ നന്നായി വേവിച്ചു മാത്രം ആഹരിക്കുക. സൂപ്പുകളും, സ്റ്റ്യൂകളും എല്ലാം ചുരുങ്ങിയത് 70 ഡിഗ്രി വരെയെങ്കിലും ചൂടാക്കി തിളപ്പിച്ച ശേഷം മാത്രം കഴിക്കുക. ഇറച്ചി പാചകം ചെയ്യുമ്പോൾ അതിൽ നിന്നുവരുന്ന നീര് പിങ്കുനിറത്തിൽ അല്ല, തെളിഞ്ഞാണ് ഇരിക്കുന്നത് എന്നുറപ്പിക്കുക. പാകം ചെയ്ത ഭക്ഷണവും ആവശ്യമെങ്കിൽ വീണ്ടും  ചൂടാക്കി മാത്രം കഴിക്കുക.

എന്തിന്?

നല്ലപോലെ ചൂടാക്കിയാൽ തന്നെ ഒരു വിധം സൂക്ഷ്മാണുക്കളൊക്കെ നശിച്ചു പോകും. 70 ഡിഗ്രിവരെ ആഹാരസാധനങ്ങൾ ചൂടാകുന്നത് അവയുടെ സുരക്ഷിതത്വം ഏറ്റുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുള്ളതാണ്. വലിയ കഷ്ണം ഇറച്ചി പാകം ചെയ്യുമ്പോൾ പ്രത്യേകിച്ച് എല്ലാ ഭാഗവും വെന്തിട്ടുണ്ടോ എന്നുറപ്പിക്കേണ്ടതുണ്ട്.

4 . ആഹാരവസ്തുക്കൾ സുരക്ഷിതമായ താപനിലകളിൽ സൂക്ഷിക്കുക

പാകം ചെയ്ത ഭക്ഷണത്തെ സാധാരണ ഊഷ്മാവിൽ രണ്ടു മണിക്കൂറിൽ കൂടുതൽ സൂക്ഷിക്കരുത്. പാകം ചെയ്ത ഏതൊരു ഭക്ഷണവും 5 ഡിഗ്രിയിൽ താഴെ റെഫ്രിജറേറ്റ് ചെയ്തുവേണം സൂക്ഷിക്കാൻ. തിരിച്ച് 60 ഡിഗ്രിക്കുമേൽ ഊഷ്മാവ് എത്തിച്ച ശേഷം മാത്രമേ കഴിക്കാനായി വിളമ്പാവൂ. ഫ്രിഡ്ജിനുള്ളിൽ ആണെങ്കിൽ പോലും ഒരു പരിധിക്കപ്പുറം, പാകം ചെയ്ത ഭക്ഷണം സൂക്ഷിക്കരുത്. ഫ്രോസൺ ഫുഡിനെ സാധാരണ താപനിലയിൽ അധികനേരം സൂക്ഷിക്കരുത്.

എന്തിന് ?

സാധാരണ താപനിലയിൽ സൂക്ഷ്മാണുക്കളെ വളരെ പെട്ടെന്ന് പെറ്റുപെരുകും. 5 ഡിഗ്രിക്ക് താഴെയോ, 60 ഡിഗ്രിക്ക് മേലെയോ ആയാൽ ഈ സൂക്ഷ്മാണുക്കളുടെ വളർച്ച മുരടിക്കുകയും നിലയ്ക്കുകയും ചെയ്യും.

5 . ശുദ്ധമായ വെള്ളം, ശുദ്ധമായ ഭക്ഷ്യവസ്തുക്കൾ എന്നിവ ഉപയോഗിച്ച് മാത്രം ഭക്ഷണം പാകം ചെയ്യുക

സൂക്ഷ്മാണുമുക്തമായ ജലം മാത്രം ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുക. നല്ലവെള്ളം ലഭ്യമല്ലെങ്കിൽ ലഭ്യമായതിനെ ഫിൽറ്റർ ചെയ്തെടുക്കുക. ഫ്രഷ് ആയ പച്ചക്കറികൾ, മാംസം, മത്സ്യം, മുട്ട, പാൽ എന്നിവ മാത്രം ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുക. ഭക്ഷ്യ സുരക്ഷയ്ക്കായുള്ള പ്രോസസിംഗുകൾ, ഉദാ. പാലിന്റെ പാസ്ചറൈസിംഗ് പോലുള്ളത്, അവയെ ആശ്രയിക്കുക. പച്ചയ്ക്ക് തിന്നാൻ ഉദ്ദേശിക്കുന്ന പച്ചക്കറികൾ നല്ലപോലെ കഴുകിയെടുക്കുക. എക്സ്പയറി ഡേറ്റ് കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

എന്തിന്?

വെള്ളവും, ഐസും അടക്കമുള്ള വസ്തുക്കളിൽ അപകടകരമായ സൂക്ഷ്മാണുക്കളും വിഷാംശമുള്ള രാസവസ്തുക്കളും മറ്റും കലരാനുള്ള സാധ്യത ഏറെയാണ്. പഴകിയ ഭക്ഷണത്തിലും കാണാം വിഷാംശമുള്ള വസ്തുക്കൾ. ഭക്ഷണം പാകം ചെയ്യാൻ ഫ്രഷ് ആയ അസംസ്കൃത വസ്തുക്കൾ തെരഞ്ഞെടുക്കുക എന്നതാണ് ആഹാരസുരക്ഷിതത്വത്തിന്റെ ആദ്യപടി. തെരഞ്ഞെടുക്കുമ്പോൾ സൂക്ഷിക്കുക, നല്ലപോലെ കഴുകുക, കഴിയുന്നതും തൊലി ചെത്തിക്കളഞ്ഞു മാത്രം ഉപയോഗിക്കുക തുടങ്ങിയ മുൻകരുതലുകൾ അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കും.