മിക്ക അമ്മമാരേയും അലട്ടുന്ന പ്രശ്നമാണ് കുട്ടികള്‍ ശരിയായി ഭക്ഷണം കഴിക്കാത്തത്. എങ്ങനെയാണ് കുട്ടിയെ ഭക്ഷണം കഴിപ്പിക്കേണ്ടത്, ഏതൊക്കെ സമയത്ത്, ഏതൊക്കെ ഭക്ഷണങ്ങൾ നൽകണമെന്നതിനെ കുറിച്ച് അമ്മമാർ സംശയമുണ്ടാകും. പേടിപ്പിച്ചും അടി കൊടുത്തും ഒരു കാരണവശാലും കുട്ടികൾക്ക് ഭക്ഷണം നൽകരുത്. സ്നേഹത്തോടെയും സൗഹൃദത്തോടെയും കുട്ടിയെ അടുത്തുവിളിച്ചിരുത്തി ഭക്ഷണം കൊടുക്കുകയാണ് വേണ്ടത്.

സ്‌കൂളിലേക്കായാലും കഴിവതും വീട്ടിലുണ്ടാക്കുന്ന ഭക്ഷണം കൊടുത്തുവിടാന്‍ ശ്രദ്ധിക്കണം. ബിസ്‌ക്കറ്റ്, ബേക്കറിപലഹാരങ്ങള്‍ ഇവയൊക്കെ കുട്ടിയുടെ വിശപ്പ് കുറയ്ക്കാനെ സഹായിക്കു. കുട്ടികള്‍ക്ക് എപ്പോഴും പോഷകസമൃദ്ധവും ഗുണപ്രദവുമായ ഭക്ഷണം കൊടുത്തുശീലിപ്പിക്കണം. കുട്ടികൾക്ക് ഭക്ഷണം നൽകുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ....

ഒന്ന്...

 കുട്ടി രാവിലെതന്നെ ഒരു ഗ്ലാസ് പാല് കുടിച്ചാല്‍ ആശ്വാസമായെന്നു കരുതുന്നവരാണ് പല രക്ഷിതാക്കളും. പാല്‍ ശരീരത്തിന് വളരെ ആരോഗ്യപ്രദംതന്നെയാണ്. പക്ഷേ പ്രഭാത ഭക്ഷണമായി പാല് കൊടുത്താല്‍ കുട്ടിയുടെ വിശപ്പ് കെട്ടുപോകും. മറ്റ് ഭക്ഷണം കഴിക്കാന്‍ മടിയുമാവും.പ്രഭാതഭക്ഷണം ഒരു കാരണവശാലും ഒഴിവാക്കരുത്. ഇങ്ങനെ ചെയ്യുന്നതുമൂലം വിശപ്പില്ലായ്മയുണ്ടാകുന്നു.

രണ്ട്...

കുട്ടികളെ കമ്പ്യൂട്ടറിന്റെ മുന്‍പിലും മൊബൈലിന്റെ മുന്‍പിലും പിടിച്ചുവയ്ക്കാതെ കളിക്കാന്‍ വിടൂ. കുറച്ചുസമയം കളിച്ചുകഴിയുമ്പോള്‍ താനേ വിശപ്പുണ്ടാകും. ഓര്‍ക്കുക നന്നായി കളിക്കുന്ന കുട്ടികളാണ് നന്നായി ഭക്ഷണം കഴിക്കുന്നത്. 

മൂന്ന്...

 കുഞ്ഞുങ്ങളുടെ ദഹനശേഷി, വളര്‍ച്ചയ്ക്കാവശ്യമുള്ള പോഷകങ്ങള്‍ ഇവ പരിഗണിച്ചാവണം അവര്‍ക്കുള്ള ഭക്ഷണം തെരഞ്ഞെടുക്കേണ്ടത്.

നാല്...

 പഴങ്ങള്‍, പച്ചക്കറികള്‍, കൊഴുപ്പ് നീക്കിയ പാല്‍, മത്സ്യം, പയര്‍വര്‍ഗങ്ങള്‍, തവിടോടുകൂടിയ ധാന്യങ്ങള്‍, കൊഴുപ്പുകുറഞ്ഞ മാംസം, മുട്ട എന്നിവ കുട്ടികളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.

അഞ്ച്...

 വിശപ്പ് വര്‍ധിപ്പിക്കാനും പ്രോട്ടീനുണ്ടാകുന്നതിനും വളരെ നല്ലതാണ് കപ്പലണ്ടി. ഇഞ്ചി  വിശപ്പ് വര്‍ധിപ്പിക്കാന്‍ സഹായിക്കും.