ശീതീകരിച്ച് സൂക്ഷിക്കുന്ന ഭ്രൂണം പിന്നീട് ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചതിന് ശേഷമോ അല്ലെങ്കില്‍ സൂക്ഷിക്കുന്ന ഘട്ടങ്ങളില്‍ തന്നെയോ നശിച്ചുപോകാനോ, ജീവൻ നഷ്ടപ്പെടാനോ സാധ്യതയുണ്ട്

വന്ധ്യത ചികിത്സാരംഗത്ത് പല പുരോഗതികളും ഇന്ന് വന്നുകഴിഞ്ഞിട്ടുണ്ട്. ഇതിലൊന്നാണ് ബിജത്തെയും അണ്ഡത്തെയും കൃത്രിമ ബീജസങ്കലനത്തിലൂടെ ഒന്നിപ്പിച്ച് ഭ്രൂണമുണ്ടാക്കി അത് ശീതീകരിച്ച് സൂക്ഷിച്ച്, പിന്നീട് അനുയോജ്യമായ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്നത്. 

ഇങ്ങനെ സൂക്ഷിക്കുന്ന ഭ്രൂണം പിന്നീട് ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചതിന് ശേഷമോ അല്ലെങ്കില്‍ സൂക്ഷിക്കുന്ന ഘട്ടങ്ങളില്‍ തന്നെയോ നശിച്ചുപോകാനോ, ജീവൻ നഷ്ടപ്പെടാനോ സാധ്യതയുണ്ട്. ഇങ്ങനെയൊരു സാഹചര്യം നിലനില്‍ക്കേ ഒരു അമേരിക്കൻ കോടതിയുടെ വിധിയാണിപ്പോള്‍ ഏറെ ചര്‍ച്ചയാകുന്നത്.

ശീതീകരിച്ച് സൂക്ഷിക്കുന്ന ഭ്രൂണത്തെയും നിയമപരമായി 'കുട്ടികള്‍' ആയി കണക്കാക്കണമെന്നാണ് അമേരിക്കയിലെ അലബാമ സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. ഏതെങ്കിലും വിധത്തില്‍ ശീതീകരിച്ച ഭ്രൂണം നശിച്ചുപോയാല്‍ ഇനി, അതൊരു മരണം തന്നെയായി കണക്കാക്കപ്പെടും എന്നതാണല്ലോ കോടതി വിധിയുടെ ആശയം. 

ഇതോടെ ഐവിഎഫ് ചികിത്സ ചെയ്യുന്ന ഡോക്ടര്‍മാര്‍, ക്ലിനിക്കുകള്‍, ആരോഗ്യപ്രവര്‍ത്തകര്‍, ലബോറട്ടറികള്‍, അവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍, ഇത്തരത്തിലുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്ന അഭിഭാഷകര്‍ എന്നിങ്ങനെ വിവിധ വിഭാഗക്കാര്‍ ആശയക്കുഴപ്പത്തില്‍ ആയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കോടതി വിധിക്ക് പിന്നാലെ പലയിടങ്ങളിലും ഐവിഎഫ് ചികിത്സ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണത്രേ. എന്തെങ്കിലും പിഴവ് സംഭവിച്ചാല്‍ നിസാരമായ കുറ്റമല്ലല്ലോ, ജോലി മാത്രമല്ല ജീവിതവും പോകുമെന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെങ്കില്‍ പ്രയാസമാണല്ലോ എന്നതാണ് ഇവരുടെ വാദം.

ഇതിനിടെ കോടതി വിധി ഉടനടി ബാധിച്ചേക്കാവുന്ന ചില കേസുകള്‍ പരിഗണനയിലേക്ക് കടക്കാനിരിക്കുകയാണ്. അതായത്, മൂന്നോളം ദമ്പതികള്‍ വന്ധ്യതാചികിത്സയ്ക്കിടെ ഇവരുടെ ശീതീകരിച്ച ഭ്രൂണങ്ങള്‍ നശിച്ചതിനെതിരെ കേസ് നല്‍കിയിട്ടുണ്ട്. അതത് ക്ലിനിക്കുകള്‍ക്ക് എതിരെയാണ് ഇവര്‍ കേസ് ഫയര്‍ ചെയ്തിരിക്കുന്നത്. അലബാമ സുപ്രീംകോടതി വിധി പ്രകാരമാണെങ്കില്‍ ഈ കേസില്‍ ക്ലിനിക്കുകള്‍ കൊലക്കുറ്റത്തില്‍ വരെ പ്രതികളാക്കപ്പെടാവുന്ന ചുറ്റുപാടാണുള്ളത്. എന്തായാലും വ്യത്യസ്തമായ കോടതി വിധി വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കുമാണ് വഴിവച്ചിരിക്കുന്നത്. 

Also Read:- 'വിറകടുപ്പിലെ പാചകം അപകടം'; പഠനം പറയുന്നു...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo