പല്ലികൾ മിക്ക വീടുകളിലെയും പ്രശ്നമാണ്. ഭക്ഷണം ഉണ്ടാക്കുമ്പോഴും തുറന്നു വച്ച ഭക്ഷണത്തിലും പല്ലികള്‍ വീഴുന്നതും പല വീട്ടിലും പതിവാണ്. ചെറുപ്രാണികളുടെ സാന്നിധ്യം പല്ലികളെ ആകര്‍ഷിക്കുന്ന മുഖ്യഘടകമാണ്. ഇവയെ ഭക്ഷിക്കാനാണ് പ്രധാനമായും പല്ലികളെത്തുന്നത്. 

വൃത്തിഹീനമായ അടുക്കള, കഴുകാത്ത പാത്രങ്ങള്‍, ഭക്ഷണാവശിഷ്ടങ്ങള്‍ ഇവയൊക്കെ ഉറുമ്പുകളടക്കമുള്ള ചെറുപ്രാണികളെ ആകര്‍ഷിക്കും, ഇവയെ തിന്നാൻ പല്ലികളെത്തും. വീട്ടിലുള്ള ചില വസ്തുക്കള്‍ ഉപയോഗിച്ച് തന്നെ പല്ലികളെ തുരത്താനാകും...

ഒന്ന്...

ഉള്ളി, വെളുത്തുള്ളി എന്നിവയുടെ രൂക്ഷഗന്ധം പല്ലികൾക്ക് സഹിക്കാൻ കഴിയില്ല. അവയിൽ നിന്ന് പുറത്തുവരുന്ന ദുർഗന്ധം പല്ലികളെ അകറ്റുന്നു. ഉള്ളിയുടെയും വെളുത്തുള്ളിയുടെയും നീര് അൽപം വെള്ളത്തിൽ ചേർത്ത് പല്ലികൾ മറഞ്ഞിരിക്കുന്ന കർട്ടനുകൾക്ക് പിന്നിലോ വാതിലിന്റെ ഇടയിലോ തളിക്കുക. ഇങ്ങനെ ചെയ്യുന്നത് അവയെ എളുപ്പത്തിൽ വീട്ടിൽ നിന്ന് അകറ്റാൻ സഹായിക്കും. പല്ലികളെ ഒഴിവാക്കുന്നതിനുള്ള മികച്ച പൊടിക്കൈയാണ് ഇത്.

രണ്ട്...

പല്ലികളെ തുരത്താനുള്ള ഫലപ്രദമായ മാര്‍ഗമാണ് മുട്ടത്തോട്. മുട്ടയുടെ മണം പല്ലികളെ തുരത്താനുള്ള എളുപ്പമാര്‍ഗം ആണ്. ഇതിനായി ഉപയോഗിച്ച് കഴിഞ്ഞ മുട്ടത്തോട് പല്ലികള്‍ വരാന്‍ ഇടയുള്ള സ്ഥലങ്ങളില്‍ വയ്ക്കുക.

മൂന്ന്...

പല്ലികളെ വീട്ടിൽ നിന്ന് അകറ്റി നിർത്താനുള്ള മറ്റൊരു ഫലപ്രദമായ മാർഗമാണ് പെപ്പർ സ്പ്രേ. ഒരു സ്പ്രേ കുപ്പി എടുത്ത് വെള്ളവും കുരുമുളക് പൊടിയും കുറച്ച് ചുവന്ന മുളകുപൊടിയും ഇട്ട് നന്നായി കുലുക്കി യോജിപ്പിക്കുക. പല്ലിയെ കാണുന്ന ഇടങ്ങളിലെല്ലാം ഇത് തളിക്കുക. ഇങ്ങനെ ചെയ്യുന്നത് പല്ലികളെ അകറ്റാൻ സഹായിക്കുന്നു.