തിരക്കിട്ട് ജോലി ചെയ്യുന്നതിനിടയില്‍, വായിക്കുന്നതിനിടയില്‍, യാത്ര ചെയ്യുമ്പോള്‍- ഒക്കെ പെട്ടെന്ന് കടുത്ത ക്ഷീണം പിടിപെടുന്നു. ആകെ തളര്‍ന്ന് ഒന്നെവിടയെങ്കിലും കിടന്നാല്‍ മാത്രം മതിയെന്ന മാനസികാവസ്ഥയിലെത്തുന്നു. ഈ അനുഭവം നിങ്ങള്‍ക്കുണ്ടോ?

ആദ്യമേ നല്‍കാനുള്ള പ്രധാനപ്പെട്ട നിര്‍ദേശം എന്തെന്നാല്‍, നിരന്തരം അനുഭവപ്പെടുന്ന ക്ഷീണത്തെ ഒരിക്കലും അവഗണിക്കരുത്. പല ആരോഗ്യപ്രശ്‌നങ്ങളുടേയും അസുഖങ്ങളുടേയും ആദ്യസൂചനയാകാം ശരീരത്തിന് തളര്‍ച്ച അനുഭവപ്പെടുന്നത്. ഇതിലൊരു കാരണത്തെക്കുറിച്ചാണ് ഇനി പറയുന്നത്. 

വര്‍ഷങ്ങളായി മാനസികപ്രശ്‌നം എന്ന തരത്തില്‍ കണ്ടിരുന്ന ഒരു രോഗാവസ്ഥയെ ആണ് ഇപ്പോള്‍ ഗവേഷകര്‍ ശാരീരികപ്രശ്‌നമായി തന്നെ കണക്കാക്കിത്തുടങ്ങുന്നത്. അതായത്, വന്‍കുടലിനകത്തെ ബാക്ടീരിയകളുടെ എണ്ണത്തിലും അതിന്റെ സ്വഭാവത്തിലും വരുന്ന മാറ്റങ്ങളെത്തുടര്‍ന്നുണ്ടാകുന്ന ശക്തമായ ദഹനപ്രശ്‌നങ്ങളാണ് ഒരു വ്യക്തിയില്‍ എല്ലായ്‌പോഴും ക്ഷീണമുണ്ടാക്കാന്‍ ഇടയാക്കുന്ന കാരണമെന്നാണ് ഗവേഷകര്‍ വിശദീകരിക്കുന്നത്. 

'ക്രോണിക് ഫാറ്റിഗ് സിന്‍ഡ്രോം' എന്നാണ് ഈ അവസ്ഥയെ ഗവേഷകര്‍ വിളിക്കുന്നത്. കാര്യമായ കാരണങ്ങളൊന്നും കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് മുമ്പ് രോഗിയുടെ മാനസികപ്രശ്‌നമാണ് എന്ന തരത്തിലാണത്രേ ഡോക്ടര്‍മാര്‍ ഈ അവസ്ഥയെ കണക്കാക്കിയിരുന്നത്. എന്നാല്‍ അടുത്തിടെയാണ് കോര്‍ണെല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഒരു സംഘം ഈ വിഷയത്തില്‍ വിശദമായ പഠനം നടത്തിയത്. 

സാധാരണഗതിയില്‍ ദഹനപ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന ചിലയിനം ബാക്ടീരിയകള്‍ നമ്മുടെ കുടലില്‍ കണ്ടുവരാറുണ്ട്. ഇവ യഥാര്‍ത്ഥത്തില്‍ നമുക്ക് ഉപകാരികളാണെന്ന് പറയാം. എന്നാല്‍ ഉപദ്രവകാരികളായ ചിലയിനം ബാക്ടീരിയകളും ഇതിനിടയില്‍ വന്നുപെടാം. അത് അളവിലധികം ആകുന്നതോടെയാണത്രേ ദഹനതടസങ്ങളുണ്ടാകുന്നത്. അതോടൊപ്പം തന്നെ ചിലരിലാണെങ്കില്‍ കുടലില്‍ നിന്ന് ഈ ബാക്ടീരിയകള്‍ രക്തത്തിലേക്ക് കലരുകയും അവയെ തുരത്താന്‍ പ്രതിരോധ വ്യവസ്ഥ കൂടുതല്‍ ജോലി ചെയ്യുന്നതോടെ ക്ഷീണം അനുഭവപ്പെടുകയും ചെയ്യുകയാണത്രേ. 

എന്തായാലും ആഗോളതലത്തില്‍ 'ക്രോണിക് ഫാറ്റിഗ് സിന്‍ഡ്രോം' പിടിപെടുന്ന ആളുകളുടെ എണ്ണം വര്‍ധിച്ചുവരികയാണ് എന്നാണ് പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. 'മൈക്രോബയോം ജേണല്‍' എന്ന ആരോഗ്യ പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നത്.