കുട്ടികൾക്ക് കൂടുതലും പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ നൽകണമെന്ന് പറയാറുണ്ട്. കുട്ടികളുടെ ഭക്ഷണം ശാരീരികാരോഗ്യത്തെ മാത്രമല്ല മാനസികനിലയെയും നല്ലൊരളവോളം സ്വാധീനിക്കുന്നുണ്ട്. കുട്ടിക്ക് ഒരു ദിവസത്തേക്കുവേണ്ട ഊര്‍ജത്തിന്റെയും മറ്റ് പോഷകങ്ങളുടേയും മൂന്നില്‍ ഒന്ന് പ്രഭാത ഭക്ഷണത്തില്‍ നിന്ന് ലഭിക്കണം. 

പോഷകക്കുറവ് വിളര്‍ച്ചയ്ക്കും വളര്‍ച്ചാക്കുറവിനും കാരണമാകും. മെറ്റബോളിസം കുറയുന്നത് അമിത വണ്ണത്തിനും കൊളസ്‌ട്രോളിനും ഇടയാക്കുന്നു. പ്രഭാത ഭക്ഷണം കുറഞ്ഞാല്‍ രക്തത്തിലെ പഞ്ചസാര താഴുന്നു. ഇവ തലച്ചോറിലേക്കുള്ള ഓക്‌സിജന്‍ കുറയാനും ന്യൂറോണുകള്‍ക്ക് അപചയം സംഭവിക്കാനുമുള്ള സാധ്യതയുണ്ട്. 

കുട്ടികള്‍ സ്‌കൂളില്‍ പോകുന്ന സമയത്തിന് അനുസരിച്ച് പ്രഭാത ഭക്ഷണം ക്രമീകരിക്കണം. ആവിയില്‍ വേവിച്ച ഭക്ഷണങ്ങളാണ് ദഹനത്തിന് നല്ലത്. പാല്‍, മുട്ട, പയറുവര്‍ഗങ്ങള്‍ എന്നിവ രക്തത്തിലെ റ്റൈറോസിന്‍ (അമിനോആസിഡ്) അളവിനെ കൂട്ടി കുട്ടികളുടെ തലേച്ചാറിന്റെ പ്രവര്‍ത്തനം വര്‍ധിപ്പിക്കുന്നു. കുട്ടികൾക്ക് ഭക്ഷണം നൽകുമ്പോൾ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം.....

ഒന്ന്...

 കുട്ടികള്‍ക്ക് ആരോഗ്യദയകമായ സ്‌നാക്‌സ് സ്‌കൂളില്‍ കൊടുത്ത് വിടാം. പഴവര്‍ഗങ്ങള്‍, അണ്ടിപ്പരിപ്പുകള്‍, ആവിയില്‍ പുഴുങ്ങിയ ചെറുപലഹാരം, അവല്‍ വിളയിച്ചത് തുടങ്ങിയവ നല്‍കാവുന്നതാണ്. 

രണ്ട്...

ലഞ്ച്‌ബോക്‌സില്‍ ചോറ് നിര്‍ബന്ധമില്ല. പകരം സ്റ്റഫ്റ്റഡ് ചപ്പാത്തിയോ സാന്‍വിച്ചോ കൊടുത്തുവിടാവുന്നതാണ്. പലതരത്തിലുള്ള റൈസ് വിഭവങ്ങളും നല്‍കാം. പുലാവ്, ഫ്രൈഡ്‌റൈസ്, തൈര് ചോറ്, നാരങ്ങാ ചോറ് എന്നിവയും ഇലക്കറികളും ഉള്‍പ്പെടുത്തിയാല്‍ സൂക്ഷ്മപോഷകങ്ങളുടെ കുറവ് നികത്താം. 

മൂന്ന്...

പഴങ്ങളിലും പച്ചക്കറികളിലുമുള്ള ഫൈറ്റോന്യൂട്രിയന്‍സുകള്‍ രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കും. ചീര, പിങ്ക് കാബേജ്, ക്യാരറ്റ്, ബീറ്റ്‌റൂട്ട്, മഞ്ഞനിറത്തിലുള്ള പഴങ്ങള്‍ (മാങ്ങ, പപ്പായ, പൈനാപ്പിള്‍) ഇവയിലുള്ള കരോട്ടിനും വിറ്റമിന്‍  എ യും കുട്ടികളുടെ കാഴ്ച ശക്തിയെ സംരക്ഷിക്കുന്നു.

നാല്...

സ്‌കൂള്‍വിട്ട് വീട്ടില്‍ വരുന്ന കുട്ടിക്ക് കൊഴുപ്പടങ്ങിയ ആഹാരം നല്‍കരുത്. വീട്ടില്‍ തയാറാക്കുന്ന ആരോഗ്യകരമായ ലഘുഭക്ഷണം നല്‍ക്കാന്‍ ശ്രദ്ധിക്കണം. അവല്‍, ഏത്തപ്പഴം, ഇലയട, പുഴുങ്ങിയ പയര്‍വര്‍ഗങ്ങള്‍, മില്‍ക്ക് ഷെയ്ക്കുകള്‍, സൂപ്പുകള്‍, ഫ്രൂട്ട് ജ്യൂസുകള്‍ ഇവയെല്ലാം കുട്ടികളുടെ ക്ഷീണമകറ്റി ഉത്സാഹവും പ്രസരിപ്പും നല്‍ക്കാന്‍ സഹായിക്കും. 

അഞ്ച്...

 കൊഴുപ്പ് കുറഞ്ഞതും നാരുകള്‍ ധാരാളം അടങ്ങിയതുമായിരിക്കണം രാത്രി ഭക്ഷണം. മധുരം, പുളി, എരിവ് എന്നീ ഭക്ഷണം അത്താഴത്തിന് ഒഴിവാക്കാം. ആഹാരം കഴിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞേ കുട്ടികളെ ഉറക്കാൻ പാടുള്ളൂ. 

ആറ്...

തിളപ്പിച്ചാറിയ വെള്ളം, ജീരകവെള്ളം, മോരിന്‍ വെള്ളം, നാരങ്ങാ വെള്ളം, ഫ്രഷ് ജ്യൂസ് തുടങ്ങിയവ നല്‍ക്കാം. പായ്ക്കറ്റില്‍ കിട്ടുന്ന ജ്യൂസുകള്‍ കോളപാനീയങ്ങള്‍ ആരോഗ്യത്തിന് ഹാനികരമാണ്.