ക്യാന്‍സര്‍ ചികിത്സയില്‍ കഴിയുന്ന രോഗികളനുഭവിക്കുന്ന ശാരീരികവും മാനസികവുമായ വേദനകളും വിഷമതകളുമെല്ലാം പറഞ്ഞറിയിക്കാവുന്നതിലും തീവ്രമാണെന്ന് നമുക്കറിയാം. സ്‌നേഹവും കരുതലും സാമീപ്യവും മാത്രമാണ് നമുക്കവര്‍ക്ക് തിരിച്ചുനല്‍കാനാവുക.

കീമോതെറാപ്പിയാണ് ക്യാന്‍സര്‍ ചികിത്സയിലെ ഒരു സുപ്രധാനഘട്ടം എന്ന് പറയാം. കീമോ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ശാരീരികമായി ഒരുപാട് വ്യത്യാസങ്ങള്‍ സാധാരണനിലയില്‍ നിന്ന് ഒരു വ്യക്തി നേരിടുന്നുണ്ട്. കടുത്ത ക്ഷീണം, വേദന, ഉറക്കമില്ലായ്മ, ഭക്ഷണം കഴിക്കാനാവാതിരിക്കുക, ഛര്‍ദ്ദി ഇങ്ങനെ ഓരോ രോഗിയിലും പല തരത്തില്‍ ഇതിന്റെ ബുദ്ധിമുട്ടുകള്‍ ഏറിയും കുറഞ്ഞും കാണും.

ഈ അവസ്ഥകളിലൂടെ കടന്നുപോകുന്ന, ക്യാന്‍സര്‍ ബാധിതനായ ഒരു വ്യക്തി എഴുതിയ കുറിപ്പിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. എത്രയോ വേദനകളിലൂടെ കടന്നുപോകുമ്പോഴും തങ്ങളെ, താങ്ങിനിര്‍ത്തുന്നവരെ ഓര്‍ക്കാനും അവര്‍ക്ക് നന്ദിയറിയിക്കാനും പ്രാര്‍ത്ഥനകളറിയിക്കാനും അദ്ദേഹം കാണിച്ച മനസിനെക്കുറിച്ചാണ് പറയാനുള്ളത്.

എല്ലാ ഞായറാഴ്ചകളിലും മറ്റവധി ദിവസങ്ങളിലും ഹര്‍ത്താല്‍ ദിവസങ്ങളിലുമെല്ലാം തിരുവനന്തപുരത്തെ ആര്‍സിസിയില്‍ (റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍) 'ബ്ലഡ് ഡോണേഴ്‌സ് കേരള' എന്ന സംഘടന രോഗികള്‍ക്ക് സൗജന്യഭക്ഷണ വിതരണം നടത്താറുണ്ട്. എന്ത് ബുദ്ധിമുട്ടുകള്‍ നേരിട്ടാലും മുടങ്ങാതെ വര്‍ഷങ്ങളായി ഇവരിത് ഏറ്റെടുത്ത് ചെയ്യുകയാണ്. തിരിച്ച് മറ്റൊന്നും പ്രതീക്ഷിക്കാതെ ഒരു കടമ പോലെയോ ധാര്‍മ്മികമായ ഉത്തരവാദിത്തം പോലെയോ ആണ് 'ബ്ലഡ് ഡോണേഴ്‌സ് കേരള'യുടെ പ്രവര്‍ത്തകര്‍ ഈ സല്‍ക്കര്‍മ്മത്തില്‍ പങ്കാളികളാകുന്നത്.

ഇക്കഴിഞ്ഞ ഞായറാഴ്ചയും അവര്‍ അവരുടെ 'സ്‌നേഹസദ്യ'യുടെ പ്രവര്‍ത്തനങ്ങളില്‍ മുഴുകി ആര്‍സിസി പരിസരത്തുണ്ടായിരുന്നു. തിരക്കിനിടെ മുഖത്ത് ആശുപത്രി മാസ്‌ക് ധരിച്ചൊരു മനുഷ്യന്‍ ഒരു നോട്ട്ബുക്ക് പേജിലെഴുതിയ കുറിപ്പുമായി അവര്‍ക്കരികിലെത്തി. ഭക്ഷണം വാങ്ങാനെത്തിയ രോഗിയാണെന്ന് തോന്നിയപ്പോള്‍, കടലാസൊന്നും തരണ്ട, ക്യൂവില്‍ നിന്ന് ഭക്ഷണം വാങ്ങിയാല്‍ മതിയെന്ന് പ്രവര്‍ത്തകന്‍ തിരിച്ചുപറഞ്ഞു.

എന്നാല്‍ ആ കടലാസിലെഴുതിയത് വായിക്കാന്‍ ആംഗ്യത്തിലൂടെ അദ്ദേഹം ആവശ്യപ്പെട്ടത് പ്രകാരം പ്രവര്‍ത്തകന്‍ അത് വാങ്ങി വായിച്ചു.

'ആര്‍സിസിയില്‍ വരുമ്പോള്‍ ഭക്ഷണം തരുന്ന... സ്‌നേഹസഹകരണങ്ങള്‍ തരുന്ന നിങ്ങള്‍ ഞങ്ങളെപ്പോലെ മാറാരോഗി ആകാതെ പടച്ച തമ്പുരാന്‍ നിങ്ങളെ കാത്ത് രക്ഷിക്കട്ടെ. നിങ്ങള്‍ തരുന്ന ഭക്ഷണം ഞാനല്ല കഴിക്കുന്നത്. വീട്ടുകാരാണ് കഴിക്കുന്നത്. എനിക്ക് ബയോപ്‌സി കാരണം കഴിക്കാന്‍ പറ്റുന്നില്ല. ഭക്ഷണം എന്തെന്ന് അറിയാനും ഭക്ഷണരുചി എന്തെന്ന് അറിയാനും കഴിയാത്ത ഞങ്ങളുടെ പ്രാര്‍ത്ഥന എന്നും നിങ്ങള്‍ക്ക് വേണ്ടിയുണ്ടാകും...' - ഇതായിരുന്നു ആ കടലാസിലെഴുതിയിരുന്നത്.

എത്രയോ നാളത്തെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കിട്ടിയ അംഗീകാരമാണതെന്ന് തോന്നിയെങ്കിലും സന്തോഷമാണോ വിഷമമാണോ തങ്ങള്‍ക്ക് അപ്പോള്‍ തോന്നിയതെന്ന് പറയാനാകുന്നില്ലെന്നാണ് 'ബ്ലഡ് ഡോണേഴ്‌സ് കേരള' പ്രവര്‍ത്തകര്‍ പറയുന്നത്. തുടര്‍ന്നും സന്നദ്ധപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും ഈ കുറിപ്പെഴുതിയ വ്യക്തിയുടെ രോഗം എത്രയും വേഗം ഭേദമാകട്ടെയെന്നും 'ബ്ലഡ് ഡോണേഴ്‌സ് കേരള' ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റ്....