Asianet News MalayalamAsianet News Malayalam

ജലദോഷം മുതല്‍ ന്യുമോണിയ വരെ; കൊറോണാവൈറസിനെ കുറിച്ച് അറിയാത്തത്...

കൊറോണാവൈറസ് ബാധ സംശയിക്കുന്ന കൊച്ചിയില്‍ ഒരാള്‍കൂടി നിരീക്ഷണത്തിലാണ്. ചൈനയില്‍ നിന്ന് കേരളത്തിലെത്തിയ മൂന്നുപേരാണ് മൊത്തം നിരീക്ഷണത്തിലുളളത്. 

info clinic fb post related to coronavirus
Author
Thiruvananthapuram, First Published Jan 27, 2020, 12:09 PM IST

കൊറോണാവൈറസ് ബാധ സംശയിക്കുന്ന കൊച്ചിയില്‍ ഒരാള്‍കൂടി നിരീക്ഷണത്തിലാണ്. ചൈനയില്‍ നിന്ന് കേരളത്തിലെത്തിയ മൂന്നുപേരാണ് മൊത്തം നിരീക്ഷണത്തിലുളളത്. ചൈനയിൽ കൊറോണ വൈറസ് വ്യാപനം നിയന്ത്രണാതീതമായി തുടരുന്നു. ചൈനയിൽ രോഗബാധയെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 80 ആയി ഉയർന്നു. യുഎസിലും തയ്‍വാനിലും കൂടുതല്‍ പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,744 ആയി ഉയർന്നെന്നു വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു. 

കൊറോണാവൈറസിനെ കുറിച്ച് പലര്‍ക്കും ഇപ്പോഴും വലിയ ധാരണയൊന്നുമില്ല. ഈ സാഹചര്യത്തില്‍ രോഗത്തെ കുറിച്ച് ഇന്‍ഫോക്ലിനിക് പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 

ഇന്‍ഫോക്ലിനിക് പങ്കുവെച്ച കുറിപ്പ് വായിക്കാം...


31 ഡിസംബർ 2019, മധ്യ ചൈനയിലെ പ്രധാന വ്യാവസായിക കേന്ദ്രമായി അറിയപ്പെടുന്ന ഒന്നാണ് തുറമുഖ നഗരമായ വുഹാൻ. ഏതാണ്ട് 11 ദശലക്ഷത്തോളം ആളുകൾ അധിവസിക്കുന്ന വുഹാനിൽ നിന്ന് പ്രതിദിനം വ്യോമ മാർഗം യാത്ര ചെയ്യുന്നവരുടെ എണ്ണം തന്നെ മുപ്പതിനായിരത്തിലേറെ വരും.

പെട്ടെന്നാണ് കാരണമെന്തെന്നറിയാത്ത ഏതാനും ന്യൂമോണിയ കേസുകൾ വുഹാനിൽ നിന്ന് ലോകാരോഗ്യ സംഘടനയ്ക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടത്. നാല് ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 44 ആയി വർധിച്ചു.

പുതിയ ഇനം കൊറോണ വൈറസ് ആണ് ഈ ന്യൂമോണിയ പകര്‍ച്ചവ്യാധിക്ക് കാരണമെന്ന് ചൈനയിലെ നാഷനൽ ഹെൽത്ത് കമ്മീഷൻ ജനുവരി 7, 2020 ന് സ്ഥിരീകരിച്ചു. 2019 നോവൽ കൊറോണ വൈറസ് (2019 nCoV) എന്നാണ് ലോകാരോഗ്യ സംഘടന ഈ പുതിയ ഇനം വൈറസിനെ നാമകരണം ചെയ്തത്.

വുഹാൻ സിറ്റിക്കടുത്ത ഒരു കടൽ വിഭവ / മത്സ്യമാംസ മാർക്കറ്റുമായുള്ള സമ്പർക്കമാണ് ഈ പകര്‍ച്ചവ്യധിയ്ക്ക് നിദാനമായതെന്ന് ചൈനയിലെ ആരോഗ്യ വകുപ്പ് കണ്ടെത്തി. തുടര്‍ന്ന് ജനുവരി 23 നകം ചൈന, ജപ്പാൻ,ദക്ഷിണകൊറിയ, അമേരിക്കൻ ഐക്യനാടുകൾ, ഫിലിപ്പീൻസ്, തായ്‌വാൻ എന്നിവിടങ്ങളിൽ നിന്നായി 581 കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയപ്പെട്ടു. അതിൽ 571 കേസുകളും ചൈനയിൽ നിന്നാണ്. ആകെ 17 പേർ മരണമടഞ്ഞു. 95 പേർ ഗുരുതരമായി രോഗം ബാധിച്ച അവസ്ഥയിലാണ്.

▪ എന്താണീ കൊറോണ വൈറസ്?

അതൊരു RNA വൈറസാണ്. ഗോളാകൃതിയിലുള്ള കൊറോണ വൈറസിന് ആ പേര് വന്നത് അതിന്റെ സ്തരത്തിൽ നിന്നും സൂര്യരശ്മികൾ പോലെ തോന്നിപ്പിക്കുമാറ് സ്ഥിതി ചെയ്യുന്ന കൂർത്ത മുനകൾ കാരണമാണ്.

പ്രധാനമായും പക്ഷിമൃഗാദികളിൽ രോഗങ്ങളുണ്ടാക്കുന്ന കൊറോണ വൈറസ് , ഇവയുമായി സഹവസിക്കുകയും അടുത്ത സമ്പർക്കം പുലർത്തുകയും ചെയ്യുന്ന മനുഷ്യരിലും രോഗകാരിയാകാറുണ്ട്. സാധാരണ ജലദോഷം മുതൽ വിനാശകാരിയായ ന്യൂമോണിയയും ശ്വസനത്തകരാറും വരെ കൊറോണ വൈറസ് മനുഷ്യരിൽ ഉണ്ടാക്കുന്നു. നവജാത ശിശുക്കളിലും ഒരു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളിലും ഉദരസംബന്ധമായ അണുബാധയ്ക്കും മെനിഞ്ചൈറ്റിസിനും കാരണമാകാറുണ്ട് ഈ വൈറസ്.

2002-2003 കാലഘട്ടത്തിൽ ചൈനയിലും സമീപരാജ്യങ്ങളിലും പടർന്നു പിടിച്ച SARS ( സിവിയർ അക്യൂട്ട് റെസ്പിരേറ്ററി സിൻഡ്രോം ) 8096 പേരെ ബാധിക്കുകയും 776 പേരുടെ മരണത്തിന് കാരണമാവുകയും ചെയ്തു. 2012-ൽ സൗദി അറേബ്യയിൽ MERS (മിഡിൽ ഈസ്റ്റ് റെസ്പിരേറ്ററി സിൻഡ്രോം ) കൊന്നൊടുക്കിയത് 858 പേരെയാണ്. ഇവയും കൊറോണ വൈറസ് മൂലമുണ്ടായ സാംക്രമിക രോഗബാധകളാണ്.

▪ കൊറോണ വൈറസ് - രോഗ ലക്ഷണങ്ങൾ

1. പനി
2. ജലദോഷം
3. ചുമ
4. തൊണ്ടവേദന
5. ശ്വാസതടസ്സം
6. ശ്വാസംമുട്ട്

എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. ന്യൂമോണിയ,വൃക്കകളുടെ പ്രവർത്തന മാന്ദ്യം തുടങ്ങി ഗുരുതരാവസ്ഥയിൽ മരണത്തിന് വരെ ഇവ കാരണമാകാം.

▪ രോഗപ്പകർച്ച

രോഗം ബാധിച്ച ആളുമായോ, പക്ഷിമൃഗാദികളുമായോ അടുത്ത സമ്പർക്കം പുലർത്തുന്നവർക്ക് രോഗം പിടിപെടാൻ സാധ്യത ഏറെയാണ്. രോഗി തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ ചിതറിത്തെറിക്കുന്ന ഉമിനീർ കണങ്ങൾ വഴിയോ സ്രവങ്ങൾ വഴിയോ രോഗം പകരാം.

രോഗാണു ശരീരത്തിൽ എത്തി രോഗലക്ഷണം കണ്ട് തുടങ്ങാൻ ഏതാണ്ട് 6 മുതൽ 10 ദിവസങ്ങൾ വരെ എടുക്കാം.

▪ രോഗം കണ്ടു പിടിക്കുന്നതെങ്ങനെ?

മേൽപ്പറഞ്ഞ രോഗലക്ഷണങ്ങളുള്ളവരുടെ തൊണ്ടയിൽ നിന്നുള്ള സ്രവം, മൂത്രം, കഫം, രക്തം എന്നിവ ലബോറട്ടറി പരിശോധനകൾക്ക് വിധേയമാക്കിയാണ് രോഗ നിർണയം ഉറപ്പു വരുത്തുന്നത്. PCR , NAAT എന്നിവയാണ് നിലവിൽ ലഭ്യമായിട്ടുള്ള ടെസ്റ്റുകൾ.

▪ കൊറോണ വൈറസിനെതിരെ വാക്സിൻ ലഭ്യമാണോ?

ഈ പുതിയ ഇനമടക്കം ഏഴു തരം കൊറോണ വൈറസുകളാണ് മനുഷ്യനിൽ നിലവിൽ രോഗമുണ്ടാക്കുന്നവയായി കണ്ടെത്തിയിട്ടുള്ളത്. ഇതൊരു പുതിയ ഇനം വൈറസായതു കൊണ്ട് തന്നെ, അതിന്റെ ജനിതക ഘടനയടക്കം നിരവധി കാര്യങ്ങൾ പഠനവിധേയമാക്കേണ്ടതുണ്ട്. പരീക്ഷണ നിരീക്ഷണങ്ങൾക്ക് ശേഷം കാര്യക്ഷമമായ വാക്സിൻ ലഭ്യമാകാൻ ഏതാനും മാസങ്ങളോ വർഷങ്ങളോ വേണ്ടി വരാം.

▪ ചികിത്സ

കൊറോണ വൈറസിനെതിരെ ഫലപ്രദമായ ആന്റി വൈറൽ മരുന്നുകൾ നിലവിൽ ലഭ്യമല്ല. എന്നാൽ ലക്ഷണങ്ങൾക്ക് അനുസരിച്ച് രോഗ തീവ്രത കുറയ്ക്കുന്നതിനും മരണ നിരക്ക് കുറയ്ക്കുന്നതിനുമുള്ള ചികിത്സാ രീതികളാണ് അവലംബിച്ചു വരുന്നത്. ശ്വസനപ്രക്രിയയിൽ ഗുരുതരമായ തകറാറുള്ളവർക്ക് വെന്റിലേറ്റർ ചികിത്സയും വേണ്ടി വരും.

▪ നാം കൊറോണയെ ഭയക്കേണ്ട സാഹചര്യമുണ്ടോ ?

ഓരോരോ പുതിയ രോഗാണുക്കൾ നമുക്ക് നേരെ വരികയാണ്. രോഗാണുവിനേയും അവയുടെ സംക്രമണ രീതികളേയും മനസ്സിലാക്കി ജാഗ്രതയോടെ പ്രവർത്തിക്കുക എന്നതാണ് അവയെ ചെറുക്കുന്നതിനുള്ള ഏറ്റവും പ്രധാന ആയുധം.

മുമ്പ് വന്നിട്ടുള്ള എബോള, നിപ്പ തുടങ്ങിയ ഭീകരന്മാരെ അപേക്ഷിച്ചു ഇത് നിസ്സാരൻ. ഈ ഭീകരന്മാർക്ക് അടിപ്പെട്ടാൽ തിരിച്ചു വരവിനുള്ള സാധ്യത കേവലം പത്തു ശതമാനം മാത്രമാണ്. കൊറോണ വൈറസിന്റെ കാര്യത്തിൽ മരണവും വൈകല്യങ്ങളും താരതമ്യേന കുറവാണ്.

നിലവിൽ 581 കേസുകളിൽ 17 പേരാണ് മരണമടഞ്ഞിട്ടുള്ളത്. അവരിൽ ഭൂരിഭാഗവും പ്രായമായവരും മറ്റു അനുബന്ധ രോഗങ്ങൾക്ക് ചികിത്സ തേടുന്നവരും ആയിരുന്നു.

ലക്ഷക്കണക്കിന് പേരെ കൊന്നൊടുക്കി സംഹാര താണ്ഡവമാടിയ ഇൻഫ്ലുവൻസ ബാധ പോലെ ഭീതിജനകമല്ല കൊറോണ വൈറസ് എന്നർത്ഥം.

എന്നാലും നമ്മള്‍ ജാഗ്രതയോടെ ഇരിക്കേണ്ടതുണ്ട്. രോഗബാധിത രാജ്യങ്ങളിൽ നിന്നെത്തുവർക്ക് രോഗബാധയുണ്ടോ എന്ന് സ്ക്രീൻ ചെയ്യുന്നതിനുള്ള നടപടികൾ വിമാനത്താവളങ്ങളിലും മറ്റും സർക്കാർ സ്വീകരിച്ചു കഴിഞ്ഞു.

നമ്മൾ, കേരളത്തിലെ ജനങ്ങളെ ഇതെങ്ങനെ ബാധിക്കുന്നു എന്ന സംശയം സ്വാഭാവികം. വൈറസാണ്, സൂക്ഷിക്കണം എന്നു തന്നെയാണ് പറയാനുള്ളത്. ചൈനയിൽ നിന്നും മറ്റും നാട്ടിലെത്തിയ ബന്ധുമിത്രാദികൾക്കോ പരിചയക്കാർക്കോ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട എന്തെങ്കിലും രോഗലക്ഷണങ്ങൾ കാണുകയാണെങ്കിൽ അധികൃതരെ എത്രയും പെട്ടെന്ന് അറിയിക്കുക. അവരുമായുള്ള സമ്പർക്കം ഒഴിവാക്കുക.

▪ മുൻകരുതലുകൾ

1. കണ്ണിലോ മൂക്കിലോ വായിലോ കഴുകാത്ത കൈകൊണ്ട് തൊടരുത്. പലയാവർത്തി കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുന്നത് ശീലമാക്കുക. കുറഞ്ഞത് 20 സെക്കന്‍ഡ് എങ്കിലും കൈകള്‍ ഉരച്ചു കഴുകണം. പറ്റുമെങ്കില്‍ ആള്‍ക്കഹോള്‍ ബേസ്ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുക.

2. ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ മൂക്കും വായയും മറച്ചു പിടിക്കുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മറ്റൊരാളുടെയോ മറ്റു വസ്തുക്കളുടെയോ നേർക്കു ആവരുത് എന്ന് ശ്രദ്ധിക്കുക. ഒഴിവാക്കാൻ ആവാത്ത തുമ്മലുകൾ ഒരു തൂവാല കൊണ്ട് മറച്ചോ ഒന്ന് കുനിഞ്ഞു അവനവന്റെ കുപ്പായത്തിന്റെ ഞൊറിവുകളിലേക്കോ ആയിക്കോട്ടെ.

3. രോഗികളുമായുള്ള അടുത്ത സമ്പർക്കം ഒഴിവാക്കുക.

4. മത്സ്യമാംസാദികൾ നന്നായി പാകം ചെയ്യുക.

5. ആശുപത്രികളിൽ ഒരുക്കേണ്ട സംവിധാനങ്ങൾ -

ഡോക്ടറെ കാണുന്നതിന് മുൻപ് പലപ്പോഴും മണിക്കൂറുകളോളം ഉള്ള കാത്തിരിപ്പ് പതിവാണ്. വായു മാർഗം പകരുന്ന വ്യാധികളുടെ കൊടുക്കൽവാങ്ങലുകൾക്കു ഏറെ സാധ്യത കൂട്ടുന്ന നിമിഷങ്ങൾ ആണിത്. ആശുപത്രിയിലേക്ക് കയറി വരുമ്പോൾ തന്നെ മേൽപ്പറഞ്ഞ ലക്ഷണങ്ങൾ ഉള്ളവർ സ്വയം അല്ലെങ്കിൽ മറ്റൊരാളുടെ നിർദ്ദേശപ്രകാരം ഒരു മാസ്ക് ധരിക്കുന്നതു നന്നാവും. ഒന്നുമില്ലെങ്കിൽ ഒരു തൂവാല. മാസ്കും തൂവാലയും രോഗം ഒരാൾക്ക് കിട്ടാതിരിക്കുന്നതിനേക്കാൾ ആയിരങ്ങൾക്ക് കൊടുക്കാതിരിക്കാൻ ആവും സഹായകം.

6. രോഗലക്ഷണങ്ങളുള്ള കുട്ടികളെ സ്‌കൂളിലേക്ക് അയക്കാതിരിക്കുക.

7. ഈ കാര്യങ്ങളിൽ അദ്ധ്യാപകർ ജാഗരൂകർ ആയിരിക്കുക, കുട്ടികൾക്ക് ഇതേക്കുറിച്ചു അറിവ് പകരുക.

8. രോഗ ബാധിത പ്രദേശങ്ങളിൽ യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും രോഗബാധിത രാജ്യങ്ങളിലേക്കുള്ള യാത്രകൾക്ക് അന്താരാഷ്ട്ര തലത്തിൽ വിലക്കേർപ്പെടുത്തിയിട്ടില്ല. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും മറ്റും രോഗബാധിതരെ കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തിയിട്ടുണ്ട്. രോഗബാധിതരേയും അവരുമായി അടുത്ത സമ്പർക്കം പുലർത്തുകയും ചെയ്തവരേയും കണ്ടെത്തുകയും അവരെ മാറ്റി നിർത്തുകയും ചെയ്യുന്നത് വഴി രോഗവ്യാപനം തടയാനാകും.

9. രോഗബാധകൾ നമ്മുടെ നാട്ടിൽ എത്തുകയോ ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് ജാഗ്രതാ നിർദ്ദേശം ഉണ്ടാവുകയോ ചെയ്യുന്ന സാഹചര്യത്തില്‍ ആ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക.

10. ഇത് പകരാതിരിക്കാന്‍ ചൂടുവെള്ളം കുടിക്കണം, ഉപ്പുവെള്ളം കുടിക്കണം എന്നൊക്കെ പറഞ്ഞു പല ഹോക്സുകളും ഇറങ്ങീട്ടുണ്ട്. അതൊക്കെ പലര്‍ക്കും വാട്സാപ്പ് വഴി കിട്ടിയിട്ടുമുണ്ടാകും. അതൊന്നും ഫോര്‍വേഡ് ചെയ്യരുത്. ദയവായി ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ മാത്രം പാലിക്കുക.

ഓര്‍ക്കണം, കേരളത്തില്‍ എന്നല്ലാ, ഇന്ത്യയില്‍ ഒരിടത്തും ഇതുവരെയും കൊറോണ വൈറസ് (2019 nCoV) രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. നിലവില്‍ ആശങ്കയുമില്ല. അതിനാല്‍ ശരിയായ അറിവോടെ, ജാഗ്രതയോടെ ഇരിക്കുക.

Follow Us:
Download App:
  • android
  • ios