ക്യത്യമായി ഡയറ്റ് നോക്കിയിട്ടും വ്യായാമം ചെയ്തിട്ടും ശരീരഭാരം കുറയുന്നില്ലെന്ന് ചിലർ പറയാറുണ്ട്. അതിന്റെ പ്രധാന കാരണം നിങ്ങളുടെ ഭക്ഷണരീതിയാണ്. ഹെൽത്തി ഡയറ്റ് മാത്രം നോക്കിയിട്ട് കാര്യമില്ല. നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിന്റെ കാലറി കൂടി ശ്രദ്ധിക്കണം. 

ആരോഗ്യകരമായ ആഹാരമാണെങ്കിലും കാലറി അധികമായാല്‍ അത് കൂടുതൽ ദോഷം ചെയ്യും. കടകളിൽ നിന്ന് ലഭിക്കുന്ന ന്യൂട്രിഷന്‍ ബാറുകള്‍, സ്നാക്സ് എന്നിവയെല്ലാം ഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പറയുന്നുണ്ടാകും. എന്നാൽ അതൊക്കെ ശരിയാകണമെന്നില്ല. അതിൽ സാച്ചുറേറ്റഡ് ഫാറ്റ്, ഷുഗര്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ടാകും. 

വെള്ളം ധാരാളം കുടിക്കാൻ ശ്രദ്ധിക്കുക. ആവശ്യത്തിനു വെള്ളം കുടിച്ചാല്‍ മാത്രമേ ശരീരത്തിലെ മെറ്റബോളിസം എളുപ്പത്തില്‍ നടക്കൂ. അതുകൊണ്ടുതന്നെ വെള്ളംകുടി കുറച്ചാൽ ഒരു ഡയറ്റും നൂറുശതമാനം ഗുണം ചെയ്യില്ലെന്ന് ഓർക്കുക. ശരീരഭാരം കുറയ്ക്കാൻ ജിമ്മിൽ പോകുന്നവരുണ്ട്. 

ഒരു മണിക്കൂര്‍ ജിമ്മില്‍ ചെലവിട്ടാല്‍ പിന്നെ അന്നത്തെ ദിവസം ഒരു വ്യായാമവും ചെയ്യണ്ട എന്നാണ് ചിലരുടെ ധാരണ. എന്നാൽ അങ്ങനെ ചെയ്തിട്ട് കാര്യമില്ല. ലിഫ്റ്റ്‌ ഉപയോഗിക്കാതെ സ്റ്റെപ്പുകള്‍ കയറുക, നടക്കാന്‍ പോകുക എന്നിവയെല്ലാം അധിക കാലറി പുറംതള്ളാന്‍ സഹായിക്കും. 

കാര്‍ഡിയോ വ്യായാമങ്ങളെ അപേക്ഷിച്ച് വെയിറ്റ് ലിഫ്റ്റിങ് തന്നെയാണ് കൂടുതല്‍ കാലറി കത്താന്‍ സഹായകം. മസില്‍ വികസിക്കാനും ഇതുതന്നെ നല്ലത്. മസില്‍ വര്‍ധിക്കുന്നത് ശരീരത്തിന്റെ മെറ്റബോളിക് നിരക്ക് അഞ്ചു ശതമാനം കൂട്ടുകയും ചെയ്യും. ഭക്ഷണം കഴിച്ച ശേഷം വ്യായാമം ചെയ്യുന്ന ശീലമുണ്ടങ്കിലും ഉടനെ മാറ്റിയെടുക്കുക.