പുരുഷന്മാരില്‍ സ്തനങ്ങള്‍ അസാധാരണമായി വളരുന്ന അവസ്ഥയായ ഗൈനക്കോമാസ്റ്റിയ, വലിയ തോതിലുള്ള അസ്വസ്ഥതയ്ക്കും നാണക്കേടിനും ഇത് കാരണമാകാം. വാസ്തവത്തില്‍ പുരുഷന്‍മാരില്‍ ഇത് അസാധാരണമല്ല,

ശരീരം അത്ഭുതകരമായ ഒരു സൃഷ്ടിയാണ്. അപകടങ്ങള്‍ മൂലമോ മറ്റു പ്രത്യേക ശാരീരികാവസ്ഥകള്‍ മൂലമോ ശരീരഭാഗങ്ങളില്‍ മാറ്റം വരുത്തേണ്ടി വരുന്നിടത്തും ശരീരത്തിന്റെ സ്വാഭാവിക സൗന്ദര്യം വര്‍ധിപ്പിക്കുന്നിടത്തുമാണ് പ്ലാസ്റ്റിക് സര്‍ജറിയും വാസ്‌കുലര്‍, റീകണ്‍സ്ട്രക്ഷന്‍ സര്‍ജറികളും നമ്മുടെ രക്ഷയ്‌ക്കെത്തുന്നത്. അപകടത്തിന് ശേഷം ശാരീരിക ഭാഗങ്ങളുടെ രൂപവും പ്രവര്‍ത്തനവും വീണ്ടെടുത്ത് കൂടുതല്‍ ആത്മവിശ്വാസത്തോടെ ജീവിക്കാനുള്ള സാധ്യതയാണ് ഈ മേഖല തുറന്നിടുന്നത്.

കത്തിക്കരിഞ്ഞ്, പൊള്ളലേറ്റ യുവാവിന് വീണ്ടും കൈകൊണ്ട് പിടിക്കാനും എഴുതാനും കഴിയുന്നതും അര്‍ബുദബാധ മൂലം നീക്കം ചെയ്യേണ്ടി വന്ന സ്തനത്തിനു പകരം അതേ ശരീരഭാഗം റീകണ്‍സ്ട്രക്ഷന്‍ സര്‍ജറിയുടെ സഹായത്തോടെ പുനര്‍നിര്‍മ്മിച്ച് ലോകത്തെ നേരിടാന്‍ പ്രാപ്തമാക്കുന്നതുമെല്ലാം ഈ ശസ്ത്രക്രിയാ വിദഗ്ധരുടെ സ്വാധീനത്തിന്റെ ചില ഉദാഹരണങ്ങള്‍ മാത്രമാണ്. മൈക്രോസര്‍ജറി, ടിഷ്യൂ എഞ്ചിനീയറിംഗ്, 3ഡി പ്രിന്റിംഗ് എന്നിവയിലെ നൂതന സാങ്കേതിക വളര്‍ച്ച അവിശ്വസനീയമായ കൃത്യതയോടെയും വിശദാംശങ്ങളോടെയുമുള്ള റീകണ്‍സ്ട്രക്ടീവ് സര്‍ജറികള്‍ക്കാണ് വഴി തുറന്നിട്ടിട്ടുള്ളത്. പുരുഷന്‍മാരിലെ സ്തനവളര്‍ച്ചയും അത് പരിഹരിക്കാനുള്ള മാര്‍ഗ്ഗത്തെക്കുറിച്ചുമാണ് ഈ ലേഖനത്തില്‍ പ്രതിപാദിക്കുന്നത്. 

പുരുഷന്മാരില്‍ സ്തന വളര്‍ച്ച: ലൈപോസക്ഷന്‍ എങ്ങനെ സഹായിക്കും?

പുരുഷന്മാരില്‍ സ്തനങ്ങള്‍ അസാധാരണമായി വളരുന്ന അവസ്ഥയായ ഗൈനക്കോമാസ്റ്റിയ, വലിയ തോതിലുള്ള അസ്വസ്ഥതയ്ക്കും നാണക്കേടിനും ഇത് കാരണമാകാം. വാസ്തവത്തില്‍ പുരുഷന്‍മാരില്‍ ഇത് അസാധാരണമല്ല, ഏതെങ്കിലുമൊരു ഘട്ടത്തിലായി 60% വരെ പുരുഷന്മാരെ ബാധിക്കുന്നതാണിത്. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മുതല്‍ ചില പ്രത്യേക മരുന്നുകള്‍ ഉപയോഗിക്കുന്നതുകൊണ്ടു വരെയുള്ള കാരണങ്ങളാണ് ഇത്തരത്തില്‍ അമിതമായ സ്തനവളര്‍ച്ചയ്ക്ക് കാരണമാകാറുള്ളത്.

ഗൈനക്കോമാസ്റ്റിയ എന്താണ്?

ഗൈനക്കോമാസ്റ്റിയ പുരുഷന്മാരിലെ അസാധാരണമായ സ്തന കലകളുടെ -ടിഷ്യൂ- വളര്‍ച്ചയെ സൂചിപ്പിക്കുന്നു. ഇത് മുഴകള്‍, നീരുവീക്കം അല്ലെങ്കില്‍ നിപ്പിളിനു ചുറ്റുമുള്ള മൃദുത്വമായി പ്രകടമാകാം. വളരെ അപൂര്‍വ്വമായി കാണാറുള്ള പുരുഷന്മാരുടെ സ്തന ക്യാന്‍സറില്‍ നിന്ന് വ്യത്യസ്തമാണെന്ന് ഗൈനക്കോമാസ്റ്റിയ എന്നും ഓര്‍ക്കുക.

കാരണങ്ങള്‍...

ഗൈനക്കോമാസ്റ്റിയക്ക് കാരണമാകുന്ന നിരവധി അവസ്ഥകളുണ്ട്. ഇതില്‍ 80 ശതമാനത്തിലേറെയും പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ വരുന്ന -ഇഡിയോപ്പതിക് - അവസ്ഥയാണ്. ബഹുഭൂരിപക്ഷവും ഈ വിഭാഗത്തില്‍ പെടുമെങ്കിലും ചിലര്‍ക്ക് താഴെ പറയുന്ന കാരണങ്ങള്‍ കൊണ്ടും ഗൈനക്കോമാസ്റ്റിയ വരാറുണ്ട്. 

ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍: ഈസ്ട്രജന്‍, ടെസ്റ്റോസ്റ്റിറോണ്‍ എന്നിവയുടെ അളവിലെ ഏറ്റക്കുറവുകള്‍ പുരുഷന്മാരില്‍ സ്തന കലകളുടെ വളര്‍ച്ചയ്ക്ക് കാരണമാകും. ഇത് പ്രായപൂര്‍ത്തിയാവുന്ന ഘട്ടം, കൗമാരം അല്ലെങ്കില്‍ പ്രായഭേദങ്ങളുമായി ബന്ധപ്പെട്ട ഹോര്‍മോണ്‍ മാറ്റങ്ങളുടെ ഭാഗമായും സംഭവിക്കാം.

ചില പ്രത്യേക മരുന്നുകള്‍: സ്റ്റിറോയിഡുകള്‍, ആന്റി ഡിപ്രസന്റുകള്‍, ആന്റി-ആങ്‌സൈറ്റി മരുന്നുകള്‍ എന്നിവ പോലുള്ള ചില മരുന്നുകള്‍ക്ക് ഗൈനക്കോമാസ്റ്റിയ ഉള്‍പ്പെടെ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാം.

രോഗാവസ്ഥകള്‍: ലിവര്‍ രോഗം, വൃക്കസംബന്ധമായ തകരാറുകള്‍, ട്യൂമറുകള്‍ എന്നിവ പോലുള്ള ചില രോഗാവസ്ഥകള്‍ ഗൈനക്കോമാസ്റ്റിയക്ക് കാരണമാകാം.

പൊണ്ണത്തടി: അമിതവണ്ണമുള്ളവര്‍ക്ക് ചിലപ്പോള്‍ നെഞ്ചില്‍ കൊഴുപ്പ് കലകള്‍ വികസിച്ച് ഗൈനക്കോമാസ്റ്റിയക്ക് സമാനമായ രൂപം സൃഷ്ടിച്ചേക്കാം.

ചികിത്സ...

ഗൈനക്കോമാസ്റ്റിയയുടെ ചികിത്സ എങ്ങനെ വേണമെന്ന് വിദഗ്ധര്‍ തീരുമാനിക്കുന്നത് അതിന്റെ അടിസ്ഥാന കാരണത്തെയും അവസ്ഥയുടെ തീവ്രതയെയും ആശ്രയിച്ചാണ്. പലപ്പോഴും ജീവിതശൈലി മാറ്റം മാത്രം മതിയാകും, ഉദാഹരണത്തിന് ശരീരഭാരം നിയന്ത്രിക്കുക, ചില മരുന്നുകള്‍ നിര്‍ത്തലാക്കുക തുടങ്ങിയവയിലൂടെ മാത്രം ഗൈനക്കോമാസ്റ്റിയ നിയന്ത്രിക്കാന്‍ സാധിക്കും. എന്നാല്‍ ആവശ്യമായ ഘട്ടങ്ങളില്‍ ശസ്ത്രക്രിയയാണ് ഇതിനുള്ള പോംവഴി.

കൊഴുപ്പും ബ്രസ്റ്റ് കലകളും-ടിഷ്യുവും ആണ് ഗൈനക്കോമാസ്റ്റിയ ഉണ്ടാക്കുന്നത്. ഇതില്‍ ലൈപ്പോസക്ഷന്‍ വഴി കൊഴുപ്പു മാത്രമാണ് നീക്കം ചെയ്യാന്‍ കഴിയുക. ഇതോടൊപ്പം നിപ്പിളിനു ചുറ്റുമായി -പെരി ഏരിയോളാര്‍ ഇന്‍സിഷന്‍ വഴി ബ്രസ്റ്റ് ടിഷ്യൂകളും ഒഴിവാക്കുക കൂടി ചെയ്യുമ്പോഴാണ് ഗൈനക്കോമാസ്റ്റിയക്ക് ഫലപ്രദമായ പരിഹാരമുണ്ടാകുന്നത്.

ലൈപ്പോസക്ഷന്‍...

ഗൈനക്കോമാസ്റ്റിയയ്ക്ക് കാരണമാകുന്ന അധിക കൊഴുപ്പ് കലകളെ ഫലപ്രദമായി നീക്കം ചെയ്യാന്‍ കഴിയുന്ന ഒരു മിനിമലി ഇന്‍വേസീവ് നടപടിയാണ് ലൈപ്പോസക്ഷന്‍. കൊഴുപ്പ് കുമിഞ്ഞുകൂടുന്ന സ്ഥലങ്ങളില്‍ നിന്ന് കൊഴുപ്പ് നീക്കം ചെയ്യാന്‍ ഒരു നേര്‍ത്ത ട്യൂബ് ഉപയോഗിച്ച് വാക്വം സൃഷ്ടിക്കുന്ന സുരക്ഷിതമായ ഒരു മാര്‍ഗ്ഗമാണിത്. കൊഴുപ്പ് അടിഞ്ഞുകൂടിയതു കൊണ്ടു മാത്രം ഗൈനക്കോമാസ്റ്റിയ ഉണ്ടായ ആളുകള്‍ക്ക് ലോപ്പോസക്ഷന്‍ പ്രത്യേകിച്ചും ഫലപ്രദമാണ്.

ലൈപ്പോസക്ഷന്‍ സമയത്ത്, സര്‍ജന്‍ നെഞ്ചിന്റെ ചുറ്റും ചെറിയ മുറിവുകള്‍ ഉണ്ടാക്കുകയും അതിലൂടെ നേര്‍ത്ത ട്യൂബ് -കാനുല- ഇടുകയും ചെയ്യും. തുടര്‍ന്ന്, അധിക കൊഴുപ്പ് കലകളെ ഈ കാനുലകള്‍ വഴി വലിച്ചെടുത്ത് നീക്കം ചെയ്യുന്നതാണ് രീതി. സാധാരണയായി ലോക്കല്‍ അനസ്‌തേഷ്യ ഉപയോഗിച്ച് മയക്കം വരുത്തിയാണ് ഈ നടപടിക്രമം ചെയ്യുക. രോഗികള്‍ക്ക് അതേ ദിവസം തന്നെ വീട്ടിലേക്ക് പോകാന്‍ കഴിയുകയും ചെയ്യും.

ലൈപ്പോസക്ഷന്റെ ഗുണങ്ങള്‍...

ഗൈനക്കോമാസ്റ്റിയ ചികിത്സയ്ക്കായി ലൈപ്പോസക്ഷന്‍ രീതി ഉപയോഗിക്കുന്നതുകൊണ്ടു നിരവധി ഗുണങ്ങളുണ്ട്.

മിനിമലി ഇന്‍വേസീവ്: ഈ നടപടിക്രമത്തിന് ചെറിയ മുറിവുകള്‍ മാത്രമേ ആവശ്യമുള്ളൂ, ഇത് കലകളും റിക്കവറി സമയവും കുറയ്ക്കുന്നു.
ഫലപ്രദം: അധിക കൊഴുപ്പ് കലകളെ ഫലപ്രദമായി നീക്കം ചെയ്യാന്‍ ലൈപ്പോസക്ഷന് കഴിയും, ഇത് കൂടുതല്‍ പരന്നതും രൂപഭംഗിയുള്ളുമായ നെഞ്ച് സാധ്യമാക്കുന്നു.

ഒപി നടപടിക്രമം: മിക്കവാറും രോഗികള്‍ക്കും ഔട്ട് പേഷ്യന്റായി (ഒ പി) വന്ന് ലൈപ്പോസക്ഷന്‍ നടത്തിപ്പോകാം, അതേ ദിവസം തന്നെ.
വേഗത്തില്‍ റിക്കവറി: മറ്റ് ശസ്ത്രക്രിയാ രീതികളുമായി താരതമ്യപ്പെടുത്തുമ്പോള്‍, ലൈപ്പോസക്ഷന് കുറഞ്ഞ റിക്കവറി ടൈം മതി.

എനിക്ക് ലൈപ്പോസക്ഷന്‍ അനുയോജ്യമാകുമോ?

ഗൈനക്കോമാസ്റ്റിയയെക്കുറിച്ച് നിങ്ങള്‍ക്ക് ആശങ്കയുണ്ടെങ്കില്‍, അനുയോജ്യനായ പ്ലാസ്റ്റിക് സര്‍ജറി വിദഗ്ധനുമായി കൂടിയാലോചിക്കുന്നത് പ്രധാനമാണ്. അവര്‍ നിങ്ങളുടെ വ്യക്തിഗത സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് ചികിത്സാ ക്രമം നിശ്ചയിക്കുക.
ഏതു രോഗാവസ്ഥകളായാലും വന്ന് ചികിത്സിക്കുന്നതിനെക്കാള്‍ നല്ലത് വരാതെ നോക്കുന്നതു തന്നെയാണ്. ആരോഗ്യകരമായ ഭക്ഷണക്രമവും ജീവിത ശൈലിയും പാലിക്കുക. ഗൈനക്കോമാസ്റ്റിയ പോലുള്ള പാര്‍ശ്വഫലങ്ങളുണ്ടാക്കാന്‍ സാധ്യതയുള്ള മരുന്നുകള്‍ കഴിയുമെങ്കില്‍ വിദഗ്ധഡോക്ടറുടെ മാര്‍ഗ്ഗനിര്‍ദ്ദേശമനുസരിച്ച് ഒഴിവാക്കുക, നിങ്ങളുടെ നെഞ്ചിന്റെ ഭാഗത്ത് അസാധാരണമായി എന്തെങ്കിലും കണ്ടാല്‍ ഉടന്‍ ഡോക്ടറുമായി സംസാരിക്കുക. പുതിയ സാങ്കേതിക സംവിധാനങ്ങളും മികച്ച ചികിത്സകനും ഒത്തുചേരുമ്പോള്‍ മികച്ച ചികിത്സ സാധ്യമാകുന്നു.

ലേഖനം തയ്യാറാക്കിയത് : ഡോ. കുമാര്‍
കൺസൾട്ടന്‍റ് - കോസ്മെറ്റിക് ആൻഡ് പ്ലാസ്റ്റിക് സർജൻ,
സ്റ്റാര്‍ കെയര്‍ ഹോസ്പിറ്റൽ,
കോഴിക്കോട്

Also Read:- പ്രായം നിങ്ങളുടെ ആരോഗ്യത്തെ ബാധിച്ച് തുടങ്ങിയെന്ന് സൂചിപ്പിക്കുന്ന ലക്ഷണങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo