ഇരുപത്തിനാലുകാരിയായ നിക്കോളയ്ക്ക് ഒരു അമ്മയാകാനുള്ള ഭാഗ്യം ഒരിക്കലും ഉണ്ടാകില്ല എന്നാണ് അവള്‍ ആദ്യം കരുതിയത്. ചെറുപ്പത്തിലെ തന്നെ ആര്‍ത്തവദിനങ്ങളിലെ അമിത രക്തസ്രാവത്തെ തുടര്‍ന്നാണ് ഇംഗ്ലണ്ട് സ്വദേശിനിയായ നിക്കോള ഡോക്ടറിനെ കാണാന്‍ തീരുമാനിച്ചത്.  രണ്ട് ഗര്‍ഭപാത്രവും രണ്ട് ഗര്‍ഭാശയമുഖവും രണ്ട് യോനിയും നിക്കോളയ്ക്ക് ഉണ്ടെന്നാണ് അവളുടെ പതിനഞ്ചാം വയസ്സില്‍ ഡോക്ടര്‍മാര്‍  പറഞ്ഞത്. അതായത് uterus didelphys (UD) എന്ന രോഗമാണെന്നാണ് ഡോക്ടര്‍മാര്‍ ആദ്യം പറഞ്ഞത്. 

കുട്ടികള്‍ ഉണ്ടാകാനുളള സാധ്യത വളരെ കുറവാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. അതുകൊണ്ട് തന്നെ തന്‍റെ 18 വയസ്സ് മുതല്‍ ഒരു കുഞ്ഞിനായുളള ശ്രമം നിക്കോള തുടങ്ങിയിരുന്നു. ഓരോ ശ്രമത്തിലും വളരെ പെട്ടെന്ന് തന്നെ നിക്കോള ഗര്‍ഭിണിയായി. എന്നാല്‍ ഗര്‍ഭമലസിപോവുകയായിരുന്നു.  തുടര്‍ന്ന് പല പരിശോധനകളിലൂടെയും യുഡി എന്ന രോഗം നിക്കോളയ്ക്കില്ലെന്ന് ഡോക്ടര്‍മാര്‍ക്ക് മനസ്സിലായി. 

എന്നാല്‍ നിക്കോളയുടെ ഗര്‍ഭപാത്രത്തിനുള്ളില്‍ ഭിത്തി പോലെ മാംസം വളരുന്നുണ്ടായിരുന്നു എന്ന് പിന്നീടാണ് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. ഗര്‍ഭപാത്രത്തെ രണ്ടായി വിഭജിക്കുന്ന രീതിയിലാണ് ഇവ വളര്‍ന്നത്. ഗര്‍ഭാശയമുഖത്തും യോനിയിലും ഈ ഭിത്തിയുണ്ടായിരുന്നു. ആറ് തവണ ഗര്‍ഭം അലസിയെങ്കില്‍ ഇപ്പോള്‍ നിക്കോള 26 ആഴ്ച ഗര്‍ഭിണിയാണ്. ഭര്‍ത്താവ് അന്തോളിയും നിക്കോളയും ജനിക്കാന്‍ പോകുന്ന കുഞ്ഞിന് ഇടാനുള്ള പേരും തീരുമാനിച്ചു കഴിഞ്ഞു. ഗര്‍ഭം അലസാതിരിക്കാന്‍ അപൂര്‍വ്വമായ ഒരു ശസ്ത്രക്രിയയ്ക്ക് നിക്കോള വിധേയയായി. ഗര്‍ഭപാത്രത്തിനുള്ളിലെ ഭിത്തി നീക്കം ചെയ്തു. 

'അമ്മയാവുക എന്നത് എന്‍റെ സ്വപ്നമായിരുന്നു. ഓരോ തവണ ഗര്‍ഭിണിയാകുമ്പോഴും നാല് ആഴ്ചയ്ക്കുള്ളില്‍ കുഞ്ഞിനെ നഷ്ടപ്പെടുമായിരുന്നു. അത് എന്നെ തളര്‍ത്തിയിരുന്നു. ഞാന്‍ ദിവസങ്ങളോളം കരഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഞാന്‍ സന്തോഷത്തിലാണ്'- നിക്കോള പറഞ്ഞു.