പ്രമേഹമുണ്ടെന്ന കാരണം കൊണ്ട് കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം പൂര്‍ണമായും ഉപേക്ഷിക്കേണ്ടതില്ല. പക്ഷേ കാര്‍ബ് കുറഞ്ഞ ഡയറ്റ് നിര്‍ബന്ധമായും പാലിക്കുക. ശരീരത്തിന് ആവശ്യമായത്രയും പ്രോട്ടീനും നല്ല കൊഴുപ്പും ഭക്ഷണത്തിലൂടെ ഉറപ്പാക്കുക.

ജീവിതശൈലീരോഗങ്ങളില്‍ ഉള്‍പ്പെടുത്തിയാണ് നമ്മളെപ്പോഴും പ്രമേഹത്തെ കുറിച്ച് പറയാറ്. പ്രമേഹം തന്നെ ടൈപ്പ്-1 ( Type 1 Diabetes ), ടൈപ്പ്- 2 ( Type 2 Diabetes ) എന്നിങ്ങനെ രണ്ട് തരത്തിലുണ്ട്. ഇതില്‍ ടൈപ്പ്-1 പ്രമേഹമാണെങ്കില്‍ ( Type 1 Diabetes ), ഒരിക്കല്‍ പിടിപെട്ട് കഴിഞ്ഞാല്‍ പിന്നീട് ഭേദപ്പെടുത്തുവാന്‍ സാധിക്കുന്നതല്ല. 

അതേസമയം ടൈപ്പ്-2 പ്രമേഹം ( Type 2 Diabetes ) ചിലരിലെങ്കിലും ഭേദപ്പെടുത്താന്‍ സാധിക്കും. ഇതിന് ചിട്ടയായ ജീവിതരീതിയും ചികിത്സയുമെല്ലാം ആവശ്യവുമാണ്. അത്തരത്തില്‍ ടൈപ്പ്-2 പ്രമേഹം ഭേദപ്പെടുത്താന്‍ സഹായിക്കുന്ന ചില ലൈഫ്‌സ്റ്റൈല്‍ ടിപ്‌സ് ആണിനി പങ്കുവയ്ക്കുന്നത്...

ഒന്ന്...

പ്രമേഹമുണ്ടെന്ന കാരണം കൊണ്ട് കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം പൂര്‍ണമായും ഉപേക്ഷിക്കേണ്ടതില്ല. പക്ഷേ കാര്‍ബ് കുറഞ്ഞ ഡയറ്റ് നിര്‍ബന്ധമായും പാലിക്കുക. ശരീരത്തിന് ആവശ്യമായത്രയും പ്രോട്ടീനും നല്ല കൊഴുപ്പും ഭക്ഷണത്തിലൂടെ ഉറപ്പാക്കുക.

ഗ്ലൈസമിക് ഇന്‍ഡെക്‌സ് (ജിഐ- ഷുഗര്‍ ഉയര്‍ത്താനിടയുള്ള ഭക്ഷണത്തെ അതിന്‍റെ അടിസ്ഥാനത്തില്‍ പട്ടികപ്പെടുത്തുന്ന സൂചിക) കുറഞ്ഞ പഴങ്ങള്‍ മാത്രം കഴിക്കുക. കഴിയാവുന്നത്ര ആരോഗ്യകരമായ ഡയറ്റ് പിന്തുടരുക. സ്‌പൈസുകള്‍, ഇലകള്‍, പച്ചക്കറികള്‍, സീഡ്‌സ്, നട്ട്‌സ്, ഫൈബര്‍ എന്നിവയെല്ലാം ഭക്ഷണത്തിലുള്‍പ്പെടുത്താം. നന്നായി വെള്ളവും കുടിക്കുക. ഇന്റര്‍മിറ്റന്റ് ഫാസ്റ്റിഗ് രീതിയും വളരെ ഗുണകരമാണ്. ദീര്‍ഘനേരം ഭക്ഷണം കഴിക്കാതെ പിന്നീടുള്ള മണിക്കൂറുകളില്‍ ഭക്ഷണം കഴിക്കുന്നതാണ് ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ് രീതി. 

ഇതിനൊപ്പം തന്നെ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും അണുബാധകള്‍ക്കുമെല്ലാം കാരണമാകുന്ന തരത്തിലുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ആവശ്യമില്ലാതെ ഭക്ഷണം കഴിക്കരുത്. വിശക്കുമ്പോള്‍ മാത്രം ഭക്ഷണം കഴിക്കുക. ഇടനേരങ്ങളിലെ 'സ്‌നാക്കിംഗ്' പ്രമേഹമുള്ളവര്‍ക്ക് നല്ലതല്ല.

രണ്ട്...

ഭക്ഷണം കഴിഞ്ഞ ശേഷം നേരെ വിശ്രമിക്കാൻ കയറാതെ പത്ത് മിനുറ്റ് നേരത്തേക്കെങ്കിലും നടക്കുക. ഇത് ദഹനം എളുപ്പത്തിലാക്കാനും നല്ലതാണ്.

മൂന്ന്...

ഏത് രോഗത്തെയും എതിരിടാനുള്ളൊരു ലൈഫ്സ്റ്റൈല്‍ ടിപ് ആണ് വ്യായാമം. ഇവിടെയും അത് പ്രായോഗികമാണ്. 'ബാലന്‍സ്ഡ്' ആയ വ്യായാമമാണ് പ്രമേഹമുള്ളവര്‍ ചെയ്യേണ്ടത്, ഇതിന് ഡോക്ടറുടെ നിര്‍ദേശവും തേടാം.

നാല്...

പതിവായി കൃത്യമായ, സുഖകരമായ ഉറക്കം ഉറപ്പാക്കുക. ഇത് വളരെ അവശ്യം വേണ്ട കാര്യമാണ്. ഉറക്കവും ഭക്ഷണവും കൃത്യമായി പിന്തുടരുക. ഇത് എല്ലാ ദിവസവും സമയമാനുബന്ധമായി ചെയ്യുക. 

അഞ്ച്...

ശരീരത്തിന്റെ ആരോഗ്യം മാത്രമല്ല, മനസിന്റെ ആരോഗ്യവും ശ്രദ്ധിക്കണം. അതിനാല്‍ വൈകാരികമായ വ്യതിയാനങ്ങള്‍ സംഭവിക്കാതിരിക്കാന്‍ എപ്പോഴും മുൻകരുതലെടുക്കുക. 

Also Read:- മാമ്പഴം കഴിക്കുന്നത് മുഖക്കുരു വര്‍ധിപ്പിക്കും! ഇത് സത്യമോ? അറിയാം...