ഭക്ഷണം കഴിക്കുന്നതിനിടെ സ്വന്തം വെപ്പ് പല്ല് വിഴുങ്ങി എണ്‍പതുകാരന്‍. ചൈനയിലാണ് സംഭവം നടന്നത്. കേക്ക് കഴിക്കുന്നതിനിടെയാണ് ഷാങിന്‍റെ വെപ്പ് പല്ല് കാണാതായത്. രണ്ട് വലിയ കേക്ക് കഴിച്ചതിന് ശേഷം മൂന്നമത്തെ കേക്ക് കഴിക്കാന്‍ തുടങ്ങുമ്പോഴാണ് വെപ്പ് പല്ല് കാണാനില്ലെന്ന് ഷാങിന് മനസ്സിലായത്. 

പല്ല് ഇല്ലാതെ ഭക്ഷണം കഴിക്കാന് ഈ മുത്തച്ഛന് കഴിയുമായിരുന്നില്ല. വെപ്പ് പല്ല് തന്‍റെ വയറ്റില്‍ തന്നെ പോയികാണും എന്നും അദ്ദേഹം ഊഹിച്ചു. ഷാങിന്‍റെ ഊഹം ശരിയായിരുന്നു. ആശുപത്രിയിലെത്തിയ അദ്ദേഹത്തിന്‍റെ വയറ് സ്കാന്‍ ചെയ്ത ഡോക്ടര്‍മാര്‍ കണ്ടത് മെറ്റലിലുളള വെപ്പ് പല്ല് തന്നെയായിരുന്നു. മൂന്ന് വെപ്പ് പല്ലുകളാണ് മെറ്റല്‍ പ്ലേറ്റില്‍ ഘടപ്പിച്ച് അദ്ദേഹം ഉപയോഗിച്ചുവന്നത്. 

വലിയ കേക്ക് കഴിക്കുന്നതിനിടെയാണ് വെപ്പ് പല്ലും കൂടി അറിയാതെ വിഴുങ്ങിയത്. ഒട്ടും സമയം കളയാതെ ഡോക്ടര്‍മാര്‍ അപ്പോള്‍ തന്നെ അടിയന്തര ശസ്ത്രക്രിയയിലൂടെ വെപ്പ് പല്ല് പുറത്തെടുക്കുകയായിരുന്നു. രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ ആയിരുന്നു അത്.