ഇതിന്റെ പേരാണ് പിഗ്ഗോസ്റ്റാറ്റ്. 1960 മുതൽക്കേ ഈ സംഭവം മെഡിക്കൽ രംഗത്ത് ലഭ്യമാണ്. പല ആശുപത്രികളും ഇത് ഉപയോഗിക്കുന്നുമുണ്ട്.
ഇതൊരു പ്രതിസന്ധി ഘട്ടമാണ്.നിങ്ങളുടെ കുഞ്ഞിന്റെ ഒരു എല്ലൊടിഞ്ഞിട്ടുണ്ട്. ചികിത്സിക്കണമെങ്കിൽ എക്സ്റേ എടുത്തേ പറ്റൂ. ആ വികൃതിയാണെങ്കിൽ അടങ്ങി ഇരുന്നു തരികയുമില്ല. ഒന്നുകിൽ കിടന്നു പിടച്ചുകൊണ്ടിരിക്കും, കയ്യും കാലും പിടിച്ചു വെച്ചാൽ കുതറി ഒഴിയാൻ ശ്രമിക്കും. കൈകാലിട്ടടിക്കും. ചീറിക്കരയും. കുഞ്ഞുങ്ങൾക്ക് പരിക്ക് വല്ലതും പറ്റിയാൽ ഒരുവിധം അച്ഛനമ്മമാർക്കൊക്കെ പിന്നെ പെടാപ്പാടാണ്. കുഞ്ഞൊന്ന് നേരെ ഇരുന്നുതരാതെ എങ്ങനെയാണ് ഡോക്ടർ എക്സ്റേ എടുക്കുന്നത്.
ഇതാ, അതിനാണ് ഈ ഉപകരണം. ഇതിന്റെ പേരാണ് പിഗ്ഗോസ്റ്റാറ്റ്. ഇത് ഞങ്ങളാരും പറഞ്ഞുണ്ടാക്കിയ പേരല്ല. ഇത് ഇന്നോ ഇന്നലെയോ കണ്ടുപിടിച്ച ഉപകരണവുമല്ല. 1960 മുതൽക്കേ ഈ സംഭവം മെഡിക്കൽ രംഗത്ത് ലഭ്യമാണ്. പല ആശുപത്രികളും ഇത് ഉപയോഗിക്കുന്നുമുണ്ട്. കാര്യമൊക്കെ വെടിപ്പായി നടക്കും, നല്ല കൃത്യമായ രീതിയിൽ തന്നെ എക്സ്റേ എടുപ്പ് പൂർത്തിയാവും, എങ്കിലും അതിനുള്ളിൽ അകപ്പെടുന്ന കുഞ്ഞുങ്ങൾക്ക് അത്ര സുഖമുള്ള ഒരു അനുഭവമാവില്ല ഈ ഇരിപ്പ്. ഇതാ ഇവനെത്തന്നെ നോക്കൂ. എന്തൊരു കോപമാണ് അവന്റെ കണ്ണിൽ. പക്ഷേ, എന്ത് ചെയ്യാനാണ്. കുഞ്ഞിന് വേണ്ട ചികിത്സ തീരുമാനിക്കണമെങ്കിൽ എക്സ്റേ എടുത്തല്ലേ പറ്റൂ. അതിന് ഇങ്ങനെ ചില താത്കാലിക അസൗകര്യങ്ങളൊക്കെ സഹിക്കേണ്ടി വന്നേക്കും.

Professor Finesser@mowziii എന്ന ട്വിറ്റർ ഹാൻഡിലിൽ നിന്നുമാണ് ഈ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്.
ഇന്ത്യയിലെങ്ങും അങ്ങനെ കണ്ടു പരിചയമില്ലാത്ത ഈ ഉപകരണം മറ്റു രാജ്യങ്ങളിൽ ഇന്നും ഏറെക്കുറെ ഉപയോഗത്തിലുണ്ട്.
