ഡ്രൈ ഐയും മൈഗ്രേനും സ്ത്രീകള്‍ക്ക് കൂടുതലായി കണ്ടുവരാന്‍ സാധ്യതയുണ്ടെന്നും  കണ്ടെത്തലുകളുണ്ട്. 

തലവേദന വന്നാല്‍ വലിയ ബുദ്ധിമുട്ടാ. മൈഗ്രേന്‍ ആണെങ്കില്‍ പിന്നെ പറയുകയും വേണ്ടാ. തലച്ചോറില്‍ ഉയര്‍ന്നതോതിലുള്ള സോഡിയത്തിന്റെ അളവാണ് മൈഗ്രേനിന് കാരണം എന്ന കണ്ടെത്തലിന് പിന്നാലെ മൈഗ്രേനിന് പിന്നിലെ മറ്റൊരു കാരണം കൂടി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. ക്രോണിക് ഐ ഡിസീസ് ചിലപ്പോള്‍ മൈഗ്രേനുവരെ കാരണമായേക്കാമെന്നാണ് പുതിയ കണ്ടെത്തല്‍. 

അതുപോലെ തന്നെ മൈഗ്രേന്‍ ഉള്ളവര്‍ക്ക് ഡ്രൈ ഐ ഉണ്ടാകാനുള്ള സാധ്യത 20% ആണെന്നും വിദഗ്ധര്‍ പറയുന്നു. കണ്ണുകളെ എപ്പോഴും ഈര്‍പ്പമുള്ളതാക്കി വയ്ക്കുന്നത് കണ്ണുകളിലെ കണ്ണീര്‍ ഗ്രന്ഥികളാണ്. ഇവ കണ്ണുകളെ ലൂബ്രിക്കേറ്റ് ചെയ്യാതിരിക്കുമ്പോള്‍ ആണ് ഡ്രൈ ഐ എന്ന അവസ്ഥയുണ്ടാകുന്നത്‌. ഡ്രൈ ഐയും മൈഗ്രേനും സ്ത്രീകള്‍ക്ക് കൂടുതലായി കണ്ടുവരാന്‍ സാധ്യതയുണ്ടെന്നും കണ്ടെത്തലുകളുണ്ട്. ആര്‍ത്തവവിരാമം, ഗര്‍ഭനിരോധനഗുളികകളുടെ ഉപയോഗം, ഗര്‍ഭകാലത്തെ ഹോര്‍മോണ്‍ വ്യതിയാനം എന്നിവയെല്ലാം ഇതിന് കാരണമാകുന്നു. 73,000 ആളുകളില്‍ നടത്തിയ പഠനത്തില്‍ 8-34 % ആളുകളെ ഡ്രൈ ഐ ബാധിക്കാറുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്.

തലച്ചോറില്‍ ഉയര്‍ന്നതോതിലുള്ള സോഡിയത്തിന്റെ അളവാണ് മൈഗ്രേനിന് കാരണം എന്ന് കാലിഫോര്‍ണിയയിലെ ഹണ്ടിങ്റ്റണ്‍ മെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ന്യൂറോസയന്‍സ് വിഭാഗമാണ് കണ്ടെത്തിയത്. മൈഗ്രേന്‍ ലക്ഷണങ്ങള്‍ കാണിച്ച എലികളിലാണ് പഠനം നടത്തിയത്. ഉയര്‍ന്ന ശക്തിയുള്ള കാന്തങ്ങള്‍ ഉപയോഗിച്ച് എലികളുടെ തലച്ചോര്‍ സ്‌കാന്‍ ചെയ്ത് പരിശോധിക്കുകയായിരുന്നു. എലികളില്‍ മൈഗ്രേന്‍ ലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് ഏറെക്കാലം മുമ്പ് തലച്ചോറില്‍ ഉയര്‍ന്ന തോതിലുള്ള സോഡിയത്തിന്‍റെ അളവ് കണ്ടെത്തിയതായി പെയിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

നേരത്തേ നടത്തിയ പഠനങ്ങളില്‍ മൈഗ്രേന്‍ ഉള്ളവരുടെ സെറിബ്രോ സ്‌പൈനല്‍ ദ്രവത്തില്‍ സോഡിയത്തിന്റെ അംശം മൈഗ്രേന്‍ ഇല്ലാത്തവരെക്കാള്‍ കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു.