ഗര്‍ഭകാലത്ത് സ്ത്രീകള്‍ ശരീരത്തിന്‍റെ ആരോഗ്യം മാത്രമല്ല , മനസ്സിന്‍റെ ആരോഗ്യം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ഗര്‍ഭകാലത്ത് അമ്മ അനുഭവിക്കുന്ന മാനസികസമ്മര്‍ദ്ദം കുഞ്ഞിന്‍റെ മസ്തിഷ്‌കവികാസത്തെ ബാധിക്കുമെന്നാണ് പഠനം പറയുന്നത്. അമ്മയുടെ മാനസിക സമ്മര്‍ദ്ദവും  ജനിച്ച കുഞ്ഞുങ്ങളുടെ മസ്തിഷ്‌കവികാസവും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ് കിങ്സ് കോളേജ് ലണ്ടണ്‍ പഠനം നടത്തിയത്.

ബയോളജിക്കല്‍ സൈക്യാട്രി എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 251 കുഞ്ഞുങ്ങളിലും അവരുടെ അമ്മമാരിലുമാണ് പഠനം നടത്തിയത്. മാനസികസമ്മര്‍ദ്ദം നേരിട്ട അമ്മമാരുടെ കുഞ്ഞുങ്ങളുടെ മസ്തിഷ്‌കത്തിന്‍റെ വികാസത്തിന് കോട്ടം തട്ടിയതായാണ് ഗവേഷകരുടെ കണ്ടെത്തല്‍. 

ചോദ്യാവലി നല്‍കിയാണ് അമ്മമാരനുഭവിച്ച മാനസിക സമ്മര്‍ദത്തിന്റെ തോത് ഗവേഷകര്‍ അളന്നത്. സ്‌കാനിങ്ങിലൂടെയാണ് കുഞ്ഞുങ്ങളിലെ അണ്‍സിനേറ്റ് ഫാസികുലേറ്റിന്റെ ഘടന ഗവേഷകര്‍ മനസ്സിലാക്കിയത്.