Asianet News MalayalamAsianet News Malayalam

Norovirus: നോറോ വൈറസ്? എങ്ങനെ പ്രതിരോധിക്കാം?

മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധയേറ്റ വ്യക്തികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പടരും. രോഗബാധിതനായ വ്യക്തിയില്‍ നിന്ന് പുറത്തെത്തുന്ന സ്രവങ്ങളിലൂടെ വൈറസ് പ്രതലങ്ങളില്‍ തങ്ങി നില്‍ക്കുകയും അവയില്‍ സ്പര്‍ശിക്കുന്നവരുടെ കൈകളിലേക്ക് പടരുകയും ചെയ്യും. 

Noro virus signs and how to prevent
Author
Trivandrum, First Published Nov 28, 2021, 5:02 PM IST

തൃശ്ശൂർ ജില്ലയിൽ നോറോ വൈറസ് (Noro virus) സ്ഥിരീകരിച്ച വിവരം നമ്മൾ അറിഞ്ഞതാണ്. ഹോസ്റ്റലുകളിലും ആളുകൾ ഒരുമിച്ച് താമസിക്കുന്ന ഇടങ്ങളിലും ജാഗ്രത നിർദേശം നൽകുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
ഹോസ്റ്റലിലെ കുടിവെള്ളത്തിൽ നിന്നാണ് രോഗം പകർന്നത് എന്നാണ് പ്രാഥമിക നിഗമനം. തുടർന്ന് പ്രദേശത്തെ കിണറുകൾ അണുവിമുക്തമാക്കുകയാണ് ആരോഗ്യ വകുപ്പ്. 

രോഗം പകരാതിരിക്കാൻ 25 ഓളം വിദ്യാർത്ഥികളെയും ഐസൊലേറ്റ് ചെയ്തിട്ടുണ്ടെന്ന് ഡിഎംഒ അറിയിച്ചു. മറ്റ് ജില്ലകളിലേക്ക് പോയ വിദ്യാർത്ഥികൾക്ക് ശുചിത്വം പാലിക്കാൻ പ്രത്യേക നിർദേശം നൽകി. അതാത് ജില്ലകളിലെ ഡിഎംഓ മാരേയും വിവരം അറിയിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ് വകുപ്പിന്റെ വിലയിരുത്തൽ. പരിശോധനക്കായി കൂടുതൽ സാമ്പിളുകൾ ആലപ്പുഴയിലെ വൈറേളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലത്തിനായി കാത്തിരിക്കുകയാണ്. 

എന്താണ് നോറോ വൈറസ്?

ഗ്യാസ്ട്രോഇൻറസ്റ്റൈനൽ രോഗമാണ് നോറോവൈറസ് മൂലം സംഭവിക്കുന്നത്. വയറിൻറെയും കുടലിൻറെയും അതിരുകളിൽ വീക്കം സംഭവിക്കുകയും കടുത്ത വയറുവേദനയും ഛർദ്ദിയും അനുഭവപ്പെടുകയും ചെയ്യും.
വയറിളക്കം, വയറുവേദന, ഛർദ്ദി,പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസിന്റെ പ്രധാന ലക്ഷണങ്ങൾ. 1972ലാണ് ആദ്യമായി നോറോ വെെറസ് സ്ഥിരീകരിച്ചത്.

യുഎസിൽ പ്രതിവർഷം 19 ദശലക്ഷം മുതൽ 21 ദശലക്ഷം വരെ അക്യൂട്ട് ഗ്യാസ്ട്രോഎൻറൈറ്റിസ് കേസുകൾക്ക് കാരണമാകുകയും 450,000-ത്തിലധികം ആളുകളെ എമർജൻസി വിഭാ​ഗത്തിലേക്ക് അയക്കുന്നതായി സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവെൻഷൻ പറയുന്നു.

മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധയേറ്റ വ്യക്തികളുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയും രോഗം പടരും. രോഗബാധിതനായ വ്യക്തിയിൽ നിന്ന് പുറത്തെത്തുന്ന സ്രവങ്ങളിലൂടെ വൈറസ് പ്രതലങ്ങളിൽ തങ്ങി നിൽക്കുകയും അവയിൽ സ്പർശിക്കുന്നവരുടെ കൈകളിലേക്ക് പടരുകയും ചെയ്യും. കൈകൾ കഴുകാതെ മൂക്കിലും വായിലും തൊടുന്നതോടെ വൈറസ് ശരീരത്തിൽ വ്യാപിക്കുന്നു. 

അണുബാധ ആമാശയത്തെയും കുടലുകളെയും ബാധിച്ച് ആക്യൂട്ട് ഗ്യാസ്‌ട്രോഎൻട്രൈറ്റിസ് എന്ന രോഗാവസ്ഥയുണ്ടാക്കും. തുടർന്ന് 12 മുതൽ 48 മണിക്കൂറിനുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങാമെന്ന് വിദ​ഗ്ധർ പറയുന്നു. 

നോറോ വൈറസ് രോഗത്തിനെതിരെ കൃത്യമായ ആന്റിവൈറൽ മരുന്നോ വാക്‌സിനോ നിലവിലില്ല. അതിനാൽ നിർജലീകരണം തടയുകയാണ് പ്രധാന മാർഗം. മൂത്രത്തിന്റെ അളവ് കുറയുക, ചുണ്ട്, തൊണ്ട, വായ എന്നിവ വരളുക, തലകറക്കം, ക്ഷീണം, വെള്ളം കുടിക്കാൻ പറ്റാത്ത അവസ്ഥ എന്നിവയാണ് നിർജലീകരണത്തിന്റെ ലക്ഷണങ്ങൾ.

എങ്ങനെ പ്രതിരോധിക്കാം..?

വ്യക്തിശുചിത്വമാണ് ഈ രോ​ഗത്തെ പ്രതിരോധിക്കാനായി പ്രധാനമായി ശ്രദ്ധിക്കേണ്ടത്. ചെറുചൂടുവെള്ളം മാത്രം കുടിക്കുക. ശീതളപാനീയങ്ങളും മദ്യവും ഒഴിവാക്കുക. പഴങ്ങളും പച്ചക്കറികളും കഴുകി വേണം കഴിക്കാൻ. തണുത്തതും പഴകിയതും തുറന്നുവച്ചതുമായ ഭക്ഷണപദാർത്ഥങ്ങൾ, കേടുവന്ന പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ ഉപയോഗിക്കരുത്. വൈറസ് ബാധിതർ മറ്റുള്ളവരുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കുക. 

നോറോ വൈറസ്; തൃശ്ശൂർ ജില്ലയിൽ പ്രതിരോധ നടപടികളുമായി ആരോഗ്യവകുപ്പ്

Follow Us:
Download App:
  • android
  • ios