അമിത ശരീരഭാരം മൂലം ഉണ്ടാകുന്ന പല പ്രശ്നങ്ങളെ കുറിച്ചും നാം ചര്‍ച്ച ചെയ്തിട്ടുണ്ട്. എന്നാല്‍ അമിതഭാരവും ക്യാന്‍സറും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ?  എല്ലാവരും ഭയക്കുന്ന ഒരു രോഗമായി ക്യാന്‍സര്‍ മാറിയിരിക്കുന്നു. എന്നാല്‍ തുടക്കത്തില്‍ കണ്ടെത്തിയാല്‍ ഒട്ടുമിക്ക ക്യാന്‍സറും ചികിത്സിച്ച് ഭേദമാക്കും. ജീവിത ശൈലിയാണ്​ ഒരു പരിധിവരെ ക്യാന്‍സര്‍ വരാനുള്ള കാരണമായി വൈദ്യശാസ്​ത്രം പറയുന്നത്​. 

ക്യാന്‍സറുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങള്‍ നടന്നുവരുന്നു. അക്കൂട്ടത്തില്‍ ഏറ്റവും ഒടുവില്‍ വന്ന പഠനം പറയുന്നത് ഇങ്ങനെയാണ്.  40 വയസ്സിന് മുന്‍പുളള അമിതഭാരം പലതരത്തിലുളള ക്യാന്‍സര്‍ സാധ്യതയുണ്ടാക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. നോര്‍വേയിലെ യൂണിവേഴ്സിറ്റി ഓഫ് ബെര്‍ഗനാണ് പഠനം നടത്തിയത്. 

ഇന്‍റര്‍നാഷണല്‍ ജേണല്‍ ഓഫ് എപ്പിഡെമിയോളജിയില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2,20,000 പേരിലാണ് പഠനം നടത്തിയത്. നാലപത് വയസ്സിന് മുന്‍പ് അമിതഭാരം ഉണ്ടെങ്കില്‍ സെര്‍വിക്കല്‍ ക്യാന്‍സര്‍ വരാനുളള സാധ്യത 70 ശതമാനം ആണെന്നും വ്യക്കയിലെ ക്യാന്‍സര്‍ വരാനുളള സാധ്യത  58 ശതമാനം ആണെന്നും പുരുഷന്മാരിലെ വന്‍കുടല്‍ ക്യാന്‍സര്‍ വരാനുളള സാധ്യത 29 ശതമാനം ആണെന്നും മറ്റ് ക്യാന്‍സറുകള്‍ വരാനുളള സാധ്യത 15 ശതമാനം ആണെന്നും പഠനം പറയുന്നു.