ഏതൊരു വ്യായാമത്തിനും അതിന്‍റേതായ ലക്ഷ്യങ്ങളുണ്ട്. വണ്ണം കൂട്ടുന്നതിനും കുറയ്ക്കുന്നതും ശരീരത്തിലെ ചില ഭാഗങ്ങളില്‍ നിന്ന് മാത്രം കൊഴുപ്പ് നീക്കുന്നതിനും പേശികളെ ബലപ്പെടുത്തുന്നതിനും എല്ലാം പ്രത്യേകം വ്യായാമങ്ങളുണ്ട്.

പതിവായി വ്യായാമം ചെയ്യേണ്ടത് ഏത് പ്രായക്കാര്‍ക്ക് ആണെങ്കിലും നിര്‍ബന്ധമാണ്. ഓരോ പ്രായത്തിലും വ്യായാമത്തിന്‍റെ രീതികളും തോതുമെല്ലാം വ്യത്യാസമായി വരും. കുട്ടികളും കൗമാരക്കാരും അധികവും കായികവിനോദങ്ങളില്‍ ഏര്‍പ്പെടുകയാണ് ചെയ്യാറ്. ഇതാണ് ഇവരുടെ വ്യായാമം. ചെറുപ്പക്കാരാണെങ്കില്‍ ജിമ്മിലെ വര്‍ക്കൗട്ടാണ് അധികപേര്‍ക്കും പ്രിയം. മാര്‍ഷ്യല്‍ ആര്‍ട്സ് പരിശീലനമുള്ളവരുമുണ്ട്. പ്രായമായവരാകുമ്പോള്‍ അവരുടെ പ്രായത്തിനും ആരോഗ്യാവസ്ഥയ്ക്കുമെല്ലാം അനുസരിച്ചുള്ള വ്യായാമമാണ് അവര്‍ ചെയ്യുക. 

ഏതൊരു വ്യായാമത്തിനും അതിന്‍റേതായ ലക്ഷ്യങ്ങളുണ്ട്. വണ്ണം കൂട്ടുന്നതിനും കുറയ്ക്കുന്നതും ശരീരത്തിലെ ചില ഭാഗങ്ങളില്‍ നിന്ന് മാത്രം കൊഴുപ്പ് നീക്കുന്നതിനും പേശികളെ ബലപ്പെടുത്തുന്നതിനും എല്ലാം പ്രത്യേകം വ്യായാമങ്ങളുണ്ട്.

ഇതിലെല്ലാം വച്ച് ഏറ്റവും മികച്ചത് എന്ന് പറയാവുന്ന, അത്ര തന്നെ ലളിതമായൊരു വ്യായാമത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. മറ്റൊന്നുമല്ല, നടത്തത്തെ കുറിച്ചാണ് പറയുന്നത്. നടക്കുന്നത് അത്ര ഗംഭീര വ്യായാമമാണോ എന്നായിരിക്കും ഇത് വായിക്കുന്ന പലരും ചിന്തിക്കുക. 

അതെ എന്നാണീ സംശയത്തിനുള്ള ഉത്തരം. നടത്തം അത്രയും നല്ല വ്യായാമം തന്നെയാണെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. ഒരേസമയം ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പരിപോഷിപ്പിക്കുന്നു എന്നതാണ് നടത്തത്തിന്‍റെ ഒരു സവിശേഷത. 

ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ് നടത്തം. രക്തയോട്ടം കൃത്യമായി നടക്കുകയും അതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുകയുമാണ് നടക്കുമ്പോള്‍ സംഭവിക്കുന്നത്. നടത്തം പതിവായി ചെയ്യുന്നവരില്‍ ഹൃദയത്തില്‍ തീര്‍ച്ചയായും അതിന്‍റെ മെച്ചം കാണാം. അതുപോലെ ദഹനസംബന്ധമായ പ്രശ്നങ്ങള്‍ അകറ്റുന്നതിനും നടത്തം ഒരുപാട് സഹായിക്കുന്നു. ഗ്യാസ്, ഓക്കാനം, മലബന്ധം പോലുള്ള പ്രയാസങ്ങളെല്ലാം അകറ്റാൻ നടത്തം സഹായിക്കും. എന്നുമാത്രമല്ല ഇതിലൂടെ വണ്ണം കുറയ്ക്കുന്നതിനും നടത്തം കാര്യമായി സഹായിക്കുന്നു. 

നമ്മുടെ എല്ലുകളും സന്ധികളുമെല്ലാം തനത് രീതിയില്‍ ബലപ്പെടുത്താനും അവയെ ബാധിക്കുന്ന പല പ്രശ്നങ്ങളെയും പ്രതിരോധിക്കാനുമെല്ലാം പതിവായ നടത്തം സഹായിക്കുന്നുണ്ട്. 

ശ്വാസകോശത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും പതിവായ നടത്തം സഹായിക്കുന്നുണ്ട്. ശ്വാസകോശത്തിന്‍റെ 'കപ്പാസിറ്റി' അഥവാ അതിന്‍റെ ശക്തിയാണ് നടത്തം മെച്ചപ്പെടുത്തുന്നത്. ആസ്ത്മ പോലുള്ള ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ മുതല്‍ വളരെ ഗുരുതരമായ ശ്വാസകോശ രോഗങ്ങള്‍ വരെ ചെറുക്കാൻ ഇത് സഹായിക്കുന്നു. 

സ്ട്രെസ്, ആംഗ്സൈറ്റി (ഉത്കണ്ഠ), വിഷാദം പോലുള്ള മാനസികാരോഗ്യപ്രശ്നങ്ങളുള്ളവര്‍ക്ക് ഇതില്‍ നിന്നെല്ലാം ആശ്വാസം കണ്ടെത്തുന്നതിന് ഏറ്റവുമധികം സഹായിക്കുന്നൊരു വ്യായാമം കൂടിയാണ് നടത്തം. സ്ട്രെസും മറ്റ് പ്രയാസങ്ങളും അകലുന്നതോടെ രാത്രിയില്‍ സുഖകരമായ ഉറക്കം ഉറപ്പിക്കുന്നതിനും നടത്തത്തിന് സാധിക്കുന്നു. 

ജീവിതശൈലീരോഗങ്ങള്‍ അകറ്റുന്നതിനോ നിയന്ത്രിക്കുന്നതിനോ വലിയൊരു അളവ് വരെ നടത്തം കാരണമാകുന്നു. പ്രമേഹം, കൊളസ്ട്രോള്‍, ബിപി എന്നിവയെല്ലാം പ്രതിരോധിക്കാനാകും. അതല്ലെങ്കില്‍ ഇവയെ നിയന്ത്രിക്കാൻ നടത്തം മതിയാകും.

ഇങ്ങനെ ഒരാള്‍ മറ്റ് വ്യായാമങ്ങളൊന്നും ചെയ്തിട്ടില്ലെങ്കില്‍ പോലും ദിവസവും നടന്നാല്‍ തന്നെ ആരോഗ്യത്തില്‍ ഗണ്യമായ മാറ്റങ്ങളാണ് കാണാനാവുക. മറ്റ് പല വ്യായാമമുറകളെയും വച്ച് നോക്കിയാല്‍ താരതമ്യേന എളുപ്പവുമാണ് നടത്തം. നടക്കുന്നതിലുള്ള മറ്റൊരു വലിയ ഗുണം എന്താണെന്നോ? നടക്കുമ്പോള്‍ നാം നമ്മുടെ ചുറ്റുപാടുകളുമായും മറ്റ് ആളുകളുമായുമെല്ലാം കൂടുതല്‍ ബന്ധപ്പെടുകയോ അടുത്തിടപഴകുകയോ എല്ലാം ചെയ്യുന്നു. ഇതും ആരോഗ്യത്തില്‍ വളരെ പ്രധാനമാണ്. ഇതിനെല്ലാം ദിവസവും കുറഞ്ഞത് 45 മിനുറ്റെങ്കിലും നടക്കണം. 

ജോലി ചെയ്യുന്നതിനിടെ തന്നെ ഇടയ്ക്കിടെ എഴുന്നേറ്റ് അല്‍പം നടക്കുക. കോണിപ്പടികള്‍ കയറിയിറങ്ങുക എന്നീ കാര്യങ്ങള്‍ ചെയ്യാം. ഇതല്ലാതെ രാവിലെയോ വൈകീട്ടോ അല്‍പസമയം നടത്തത്തിന് വേണ്ടി തന്നെ മാറ്റിവയ്ക്കണം. മീറ്റിംഗുകളോ, പ്രധാനപ്പെട്ട ഫോണ്‍ കോളുകളോ, പഠനമോ എല്ലാം ഇങ്ങനെ നടക്കുന്നതിനിടെ തന്നെ ചെയ്യുന്നവരുണ്ട്. ഇതെല്ലാം അനുകരണീയമാണ്.

Also Read:- ഇഞ്ചി അധികം കഴിച്ചാലുള്ള പ്രശ്നങ്ങള്‍ അറിയാമോ? ഇതാ അവയിലേക്ക്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo