Asianet News MalayalamAsianet News Malayalam

സമയം കൊടുത്തു, മൈൻഡ് ചെയ്തില്ല, നടപടിയല്ലാതെ വഴിയില്ല, ഇന്ന് അടച്ചുപൂട്ടിയത് 459 സ്ഥാപനങ്ങൾ, മുന്നറിയിപ്പ്!

ഓപ്പറേഷന്‍ ഫോസ്‌കോസ്: ഒറ്റ ദിവസം നടത്തിയത് 2931 പരിശോധനകള്‍

Operation Foscos 2931 inspections conducted in a single day ppp
Author
First Published Sep 15, 2023, 9:30 PM IST

തിരുവനന്തപുരം: ഓപ്പറേഷന്‍ ഫോസ്‌കോസ് ലൈസന്‍സ് ഡ്രൈവില്‍ ഒറ്റദിവസം 2931 പരിശോധനകള്‍ പൂര്‍ത്തിയാക്കിയതായി ആരോഗ്യ  മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ ഭക്ഷ്യ സംരംഭക സ്ഥാപനങ്ങളിലാണ് വകുപ്പിന്റെ നേതൃത്വത്തില്‍ ലൈസന്‍സ് പരിശോധന നടത്തിയത്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച 459 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തുന്നതുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിച്ചു. മുന്‍കൂട്ടി അറിയിപ്പ് നല്‍കിയാണ് പരിശോധന നടത്തിയത്. പരിശോധനകള്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ആഗസ്തില്‍ നടത്തിയ പരിശോധനകളുടെ തുടര്‍ച്ചയായായാണ് നിലവിലെ പരിശോധന. 62 സ്‌ക്വാഡുകളാണ് പ്രവര്‍ത്തിച്ചത്. തിരുവനന്തപുരം 614, കൊല്ലം 396, പത്തനംതിട്ട 217, ആലപ്പുഴ 397, കോട്ടയം 111, ഇടുക്കി 201, തൃശൂര്‍ 613, പാലക്കാട് 380 എന്നിങ്ങനെ എട്ട് ജില്ലകളിലാണ് വെള്ളിയാഴ്ച പരിശോധന നടത്തിയത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ കോഴിക്കോട് ഉള്‍പ്പടെയുള്ള ജില്ലകളില്‍ ലൈസന്‍സ് ഡ്രൈവ് പിന്നീട് നടത്തും.

Read more: നിപയിൽ അതീവ ജാഗ്രത; ആദ്യം മരിച്ചയാള്‍ക്കും രോഗം സ്ഥിരീകരിച്ചു, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള അവധി തുടരും

കഴിഞ്ഞ മാസം നടത്തിയ പരിശോധനയില്‍ ലൈസന്‍സ് ഇല്ലാത്തവര്‍ക്ക് അത് നേടുന്നതിനുള്ള അവസരം നല്‍കിയിരുന്നു. തുടര്‍ന്നും ലൈസന്‍സ് ഇല്ലാതെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം തുടരുന്നുവെന്നത് ശ്രദ്ധയില്‍പ്പെട്ടതാണ് നടപടികള്‍ സ്വീകരിക്കാന്‍ കാരണമായത്. ഭക്ഷണം വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍ ലൈസന്‍സ് എടുത്തു മാത്രമേ പ്രവര്‍ത്തനം നടത്താന്‍ പാടുള്ളൂ എന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നിരവധി തവണ അഭ്യര്‍ത്ഥിച്ചിരുന്നു. ഇതൊരു നിയമപ്രകാരമുള്ള ബാധ്യത ആയിരുന്നിട്ട് കൂടി ലൈസന്‍സ് എടുത്ത് പ്രവര്‍ത്തിക്കുന്നതിന് യാതൊരു നടപടികളും സ്വീകരിക്കാത്തത് കൊണ്ടാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് കര്‍ശന നടപടിയിലേക്ക് നീങ്ങിയത്. എല്ലാ സ്ഥാപനങ്ങളും രജിസ്‌ട്രേഷനോ, ലൈസന്‍സോ ഉറപ്പ് വരുത്തി ഇതിനോട് സഹകരിക്കേണ്ടതാണ്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios