Asianet News MalayalamAsianet News Malayalam

KSOTTO; അവയവദാനം സര്‍ക്കാര്‍ ചെലവില്‍, വിവരങ്ങള്‍ സ്വകാര്യ ഏജന്‍സിക്ക്

2019 -ൽ സർക്കാർ അനുമതി ഇല്ലാതെ, ചെന്നൈ ആസ്ഥാനമായ എൻജിഒക്ക് 10 ലക്ഷം രൂപയാണ് കെഎൻഒഎസിന്‍റെ അന്നത്തെ നോഡൽ ഓഫീസറുടെ ശുപാർശ പ്രകാരം തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിന്‍‌സിപ്പലിന്‍റെ നടപടിക്രമത്തിലൂടെ നൽകിയത്. 

organ donation is done by government expense but information in private agency
Author
First Published Oct 19, 2022, 4:05 PM IST


തിരുവനന്തപുരം: അവയവദാനത്തിന് തയ്യാറായ വ്യക്തികളുടെ വിവരങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന വെബ്സൈറ്റിന്‍റെ നിയന്ത്രണം ഇപ്പോഴും ചെന്നൈ ആസ്ഥാനമായ എൻ.ജി.ഒയ്ക്ക്. സംസ്ഥാനത്തെ അവയവ മാറ്റ ശസ്ത്രക്രിയകൾക്കായി, മസ്തിഷ്ക മരണാനന്തര അവയവദാനത്തിനും അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്നവരുടെ വിവരങ്ങളടങ്ങിയ വെബ്സൈറ്റിന്‍റെ നിയന്ത്രണമാണ് ഇപ്പോഴും സ്വകാര്യ ഏജന്‍സിയുടെ കൈകളിലുള്ളത്. സംസ്ഥാനത്തെ അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടവരുടെ വിവരങ്ങളടങ്ങിയ വെബ് സൈറ്റ് ചെന്നൈ ആസ്ഥാനമായുള്ള സ്വകാര്യ ഏജന്‍സി നിയന്ത്രിക്കുന്നത് ആശങ്കകളുയര്‍ത്തുന്നു. 

www.knos.org.in എന്ന സർക്കാരിന്‍റെ 'മൃതസഞ്ജീവനി അവയവദാന രജിസ്ട്രി' ഇപ്പോൾ കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്‍റ് ഓർഗനൈസേഷൻ (KNOS - കെനോസ്) എന്ന സൊസൈറ്റി ആയി രജിസ്റ്റർ ചെയ്ത് ആണ് പ്രവർത്തിക്കുന്നത്. 2021 സെപ്തംബര്‍ 22 -നാണ് അവയവം മാറ്റിവയ്ക്കുന്നതിലെ വാണിജ്യ താത്പര്യങ്ങള്‍ ഇല്ലാതാക്കുന്നതിനായി സൊസൈറ്റി ആക്ടിന്‍റെ അടിസ്ഥാനത്തിലാണ് കെസോട്ടോ രൂപീകരിച്ചത്. കെനോസ് നിലവിൽ വന്ന് ഒരു വർഷം പിന്നിട്ടെങ്കിലും വെബ് രജിസ്ട്രി ഇന്നും എൻ.ജി.ഒയുടെ നിയന്ത്രണത്തിലാണ്. 2012 -ൽ ചെന്നൈ ആസ്ഥാനമായിയുള്ള ഒരു സ്ഥാപനമാണ് ഈ വെബ്സൈറ്റ് ആദ്യമായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ, ഇതിനായി കെനോസും ഈ സ്ഥാപനവും തമ്മില്‍ ഒരു ധാരണാപത്രവും ഒപ്പുവച്ചിട്ടില്ലെന്നാണ് വിവരം. 

ആഗോളതലത്തിൽ ഉപഭോക്താക്കൾ, ഡോക്ടർമാർ, ആരോഗ്യപരിപാലന വിദഗ്ദർ എന്നിവർക്കുള്ള വിവരങ്ങൾ, അപ്ലിക്കേഷനുകൾ, സേവനങ്ങൾ എന്നിവ ലഭ്യമാക്കുന്ന സ്ഥാപനമാണ് ഇത്. അതിനാൽ തന്നെ സംഭവത്തിന്‍റെ ഗൗരവം വര്‍ദ്ധിക്കുന്നു. വെബ്സൈറ്റിൽ ഇപ്പോഴും ഹെൽപ് ലൈൻ വിവരങ്ങളിൽ എൻ.ജി.ഒയുടെയും അംഗങ്ങളുടെയും വിവരങ്ങൾ നൽകിയിട്ടുണ്ട്. പ്രതിമാസം 25,000 രൂപയാണ് രജിസ്ട്രി കൈകാര്യം ചെയ്യുന്നതിന് ചെന്നൈ ആസ്ഥാനമായുള്ള എൻ.ജി.ഒക്ക് സംസ്ഥാന സര്‍ക്കാര്‍ നൽകുന്നത്. 

2018 ഫെബ്രുവരിയിൽ പുറത്തിറങ്ങിയ സർക്കാർ ഉത്തരവ് പ്രകാരം നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്‍ററിന് അവയവ ദാനവുമായി ബന്ധപ്പെട്ട് വെബ് രജിസ്ട്രി നിർമ്മിക്കുന്നതിനും വിവരങ്ങൾ ശേഖരിക്കുന്നതിനും സൂക്ഷിക്കുന്നതിനും അനുമതി നൽകി ഉത്തരവ് ആയിരുന്നു. ഇതിനായി ഇവർക്ക് 8.70 ലക്ഷം രൂപയും കെഎൻഒഎസ് വഴി നൽകി. എന്നാല്‍ നാലര വർഷം കഴിഞ്ഞിട്ടും വെബ് സൈറ്റിന്‍റെ നിര്‍മ്മാണം മാത്രം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ വെബ് സൈറ്റ് പൂര്‍ത്തിയാക്കിയാല്‍ കേരളത്തിലെ അവയവദാനം പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലാകും. ഇത് തന്നെയാണ് വെബ്സൈറ്റ് വൈകുന്നതിന് കാരണവും. 

അവയവ ദാതാവിന്‍റെയും സ്വീകർത്താവിന്‍റെയും മെഡിക്കൽ, നിയമപരമായ രേഖകൾ സൂക്ഷിക്കുന്നതിനും ആരോഗ്യസ്ഥിതി വിലയിരുത്തുന്നതിനും മരണാനന്തര അവയവദാനത്തിന് പുറമെ ജീവിച്ചിരിക്കുമ്പോൾ അവയവം ദാനം ചെയ്യാൻ വേണ്ടി തയ്യാറായി വരുന്ന ആളുകളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് വേണ്ടിയും ആണ് ഓൺലൈൻ രജിസ്ട്രി സജ്ജമാക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതിലൂടെ അവയവദാനത്തിലെ വാണിജ്യ താത്പര്യങ്ങൾ ഇല്ലാതെയാക്കുക എന്നതാണ് ലക്ഷ്യം വെയ്ക്കുന്നത്. ഇതിലൂടെ ജീവിച്ചിരിക്കുന്നവരുടെ ബന്ധുവേതര അവയവദാനത്തിൽ സ്വീകർത്തവിനെ വെബ് രജിസ്ട്രിയുടെ സഹായത്തോടെ സീനിയോറിറ്റി അനുസരിച്ച് കണ്ടെത്താൻ കഴിയും. അത്തരത്തിൽ അവയവം ദാനം ചെയ്യുന്നവരുടെ നിലവിലെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വിവരങ്ങൾ വെബ് രജിസ്ട്രിയിൽ ഉണ്ടാകും. കൂടാതെ അവയവ ദാതാവിന്‍റെയും സ്വീകർത്താവിന്‍റെയും തുടർന്നുള്ള ആരോഗ്യനിലയും ഇതിലൂടെ കെനോട്ടിന് അറിയാൻ കഴിയും. 

ഇത്തരത്തില്‍ അവയവ ദാതാവിന്‍റെയും സ്വീകര്‍ത്താവിന്‍റെയും ആരോഗ്യപരമായ എല്ലാ വിവരങ്ങളും ശേഖരിച്ച് സൂക്ഷിക്കുന്ന വെബ് സൈറ്റിന്‍റെ നിയന്ത്രണം എന്‍ജിഓയുടെ പക്കല്‍ നിന്നും സര്‍ക്കാറിന്‍റെ നിയന്ത്രണത്തിലേക്ക് മാറ്റണമെന്ന് ആവശ്യത്തെ തുടര്‍ന്നാണ്  നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്‍ററിന് സൈറ്റിന്‍റെ നിര്‍മ്മാണ ചുമതല നല്‍കിയത്. 2019 -ൽ സർക്കാർ അനുമതി ഇല്ലാതെ, ചെന്നൈ ആസ്ഥാനമായ എൻജിഒക്ക് 10 ലക്ഷം രൂപയാണ് കെഎൻഒഎസിന്‍റെ അന്നത്തെ നോഡൽ ഓഫീസറുടെ ശുപാർശ പ്രകാരം തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിന്‍‌സിപ്പലിന്‍റെ നടപടിക്രമത്തിലൂടെ നൽകിയത്. 2016 ജനുവരി മുതൽ 2019 ഏപ്രിൽ വരെയുള്ള വെബ് രജിസ്ട്രി കൈകാര്യം ചെയ്യുന്നതിനുള്ള തുകയെന്ന് കാട്ടിയാണ് ഇത് നൽകിയിരിക്കുന്നത്. എന്നാല്‍, 2022 ആയിട്ടും ഈ വെബ്സൈറ്റ് കൈകാര്യം ചെയ്യുന്നത് ചെന്നൈ ആസ്ഥാനമായുള്ള എന്‍ജിഒ ആണ്. 

നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്‍ററിന്‍റെ നേതൃത്വത്തിലുള്ള പുതിയ വെബ് സൈറ്റ് നവംബര്‍ ഒന്നിന് ലോഞ്ച് ചെയ്യേണ്ടതായിരുന്നുവെന്നും എന്നാല്‍ ട്രയല്‍ പൂര്‍ത്തിയാകാത്തതിനാല്‍ ഏറെ താമസിക്കാതെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള  പുതിയ വെബ് സൈറ്റ് ലോഞ്ച് ചെയ്യുമെന്നും ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും കെസോട്ടോ (Kerala State Organ and Tissue Transplant Organization - KSOTTO) എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ് ഇത് സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. 
 

Follow Us:
Download App:
  • android
  • ios