വ്യവസായിയായ സത്‌നം സിംഗ് ഛബ്രയുടെ മകളായി ഇന്‍ഡോറില്‍ 2017ലായിരുന്നു അസീസ് കൗര്‍ ഛബ്രയുടെ ജനനം. ജനിച്ചപ്പോള്‍ മുതല്‍ തന്നെ കുഞ്ഞ് അസീസിന് നാഡീവ്യവസ്ഥയെ ബാധിക്കുന്ന അപൂര്‍വ്വരോഗമുണ്ടായിരുന്നു. ഓരോ ഘട്ടത്തിലും പല അവയവങ്ങളുടെയും പ്രവര്‍ത്തനത്തെ അസുഖം ബാധിച്ചുകൊണ്ടിരുന്നു. ഒടുവില്‍ രണ്ടാം വയസില്‍ അവള്‍ മരണത്തിന് കീഴടങ്ങി.

മകളുടെ മരണം സ്ഥിരീകരിച്ചയുടന്‍ തന്നെ സത്‌നം സിംഗ് അവളുടെ കണ്ണുകള്‍ എടുത്ത് ഐ ബാങ്കിന് നല്‍കാന്‍ ഡോക്ടര്‍മാരോട് പറഞ്ഞു. അതിന് ശേഷം ഒരു സ്വകാര്യ മെഡിക്കല്‍ കോളേജിന് അവളുടെ മൃതദേഹം പഠനത്തിനായി വിട്ടുകൊടുക്കാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം.

മദ്ധ്യപ്രദേശില്‍ ഇതാദ്യമായാണ് ഇത്രയും ചെറുപ്രായത്തിലുള്ള കുഞ്ഞിന്റെ ശരീരം പഠനത്തിനായി വീട്ടുകാര്‍ വിട്ടുനല്‍കുന്നത്. താന്‍ ചെയ്ത പ്രവര്‍ത്തി മറ്റുള്ളവര്‍ക്ക് ഒരു മാതൃകയാകണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് സത്‌നം സിംഗ് പറഞ്ഞു.

'അവളുടെ അസുഖത്തെപ്പറ്റി പഠിക്കാനും അതെക്കുറിച്ച് കൂടുതല്‍ അറിയാനും വൈദ്യശാസ്ത്രത്തിന് കഴിയുകയാണെങ്കില്‍ അവളെപ്പോലെ ഇനിയും കൂടുതല്‍ കുഞ്ഞുങ്ങളെ മരണത്തിന് കൊടുക്കാതെ രക്ഷപ്പെടുത്താനാകുമല്ലോ. അത്രമാത്രമാണ് ഇതുകൊണ്ട് ഞങ്ങള്‍ക്കുള്ള പ്രതീക്ഷ'- സത്‌നം സിംഗ് പറയുന്നു.