രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയുന്ന അവസ്ഥയെയാണ് ഹൈപ്പോഗ്ലൈസീമിയ. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് 50 മി.ഗ്രാം/ ഡെസിലിറ്ററില്‍ കുറയുമ്പോഴാണ് തീവ്രമായ ഹൈപ്പോഗ്ലൈസീമിയ ഉണ്ടാകുന്നത്. അത് 70 മി.ഗ്രാം/ ഡെസിലിറ്ററില്‍ കുറയുമ്പോള്‍ തന്നെ രോഗിക്ക് ലക്ഷണങ്ങള്‍ ഉണ്ടാകും. 

ഹൈപ്പോഗ്ലൈസീമിയ എന്ന വാക്കിന്റെ അർത്ഥം 'മധുരം കുറഞ്ഞ രക്തം' എന്നാണ്. ഹൈപ്പോഗ്ലൈസീമിയ മൂലം തലച്ചോറിന് ആവശ്യമുള്ളത്ര ഗ്ലൂക്കോസ് കിട്ടാതാവുകയും, അതോടെ തലച്ചോറിന്റെ പ്രവർത്തനം മന്ദഗതിയിലാവുകയും ചെയ്യും. ഈ അവസ്ഥയെ ന്യൂറോഗ്ലൈക്കോപീനിയ എന്നു വിളിക്കുന്നു. ഇതു മൂലം അപസ്മാരം, ബോധക്കേട് എന്നിവ ഉണ്ടാകാം. 

കാരണങ്ങള്‍...

ഇന്‍സുലിന്റെ അളവും പ്രമേഹനിയന്ത്രണ മരുന്നുകളുടെ ഡോസ് കൂടുന്നതും ആഹാരത്തിന്റെ അളവ് കുറയുന്നതും അമിതമായി ശാരീരിക അധ്വാനം ചെയ്യുന്നതും ഹൈപ്പോഗ്ലൈസീമിയയ്ക്ക് കാരണമാകും.

ലക്ഷണങ്ങൾ...

ക്ഷീണം തോന്നുക, അമിതമായി വിയർക്കുക, അമിത വിശപ്പ്, ദേഷ്യം ,  നെഞ്ചിടിപ്പ് കൂടുക, കണ്ണില്‍ ഇരുട്ട് കയറുക, കൈകാലുകളില്‍ വിറയല്‍, തലകറക്കവും തലവേദനയും.

ശ്രദ്ധിക്കേണ്ടത്...

ഹൈപ്പോഗ്ലൈസീമിയ സാധാരണയായി ഏറ്റവുമധികം കണ്ടുവരുന്നത് പ്രമേഹത്തിന് ചികിത്സയെടുക്കുന്നവരിലാണ്. പ്രമേഹമില്ലാത്തവരിൽ വളരെ അപൂർവ്വമായി മാത്രമേ ഹൈപ്പോഗ്ലൈസീമിയ കണ്ടുവരുന്നുള്ളൂ. ഏതു പ്രായത്തിലും ഹൈപ്പോഗ്ലൈസീമിയ കാണപ്പെടാം.  ഹൈപ്പോഗ്ലൈസീമിയ ഉണ്ടാവാനുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് പലരുടെയും ശരീരഘടന അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. 

പ്രമേഹരോഗിയില്‍ സ്വാഭാവിക പെരുമാറ്റത്തില്‍ പെട്ടെന്ന് മാറ്റം വരുകയാണെങ്കില്‍ ഹൈപ്പോഗ്ലൈസീമിയ സാധ്യത കൂടെയുള്ളവര്‍ സംശയിക്കണം.