ഈ മാസം പത്താം തീയ്യതിക്കൊരു പ്രത്യേകതയുണ്ട്. അതെന്താണെന്നല്ലേ? അന്നാണ് ലോക മാനസികാരോഗ്യദിനം. ഓ... ഇതെല്ലാം കേള്‍ക്കുമ്പോള്‍ തന്നെ നിസാരമായ മനോഭാവമാണ്. ഇതിലൊക്കെ എന്തിരിക്കുന്നു എന്ന ലാഘവം. 

എന്നാല്‍ നിസാരമല്ല, കേട്ടോളൂ ഓരോ വര്‍ഷവും മാനസികരോഗങ്ങളെ തുടര്‍ന്ന്, പ്രത്യേകിച്ച് വിഷാദരോഗത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുന്ന മനുഷ്യരുടെ കണക്കെത്രയാണെന്നറിയാമോ? എങ്ങനെ പട്ടികപ്പെടുത്തി നോക്കിയാലും അത് ഭീകരമായ കണക്ക് തന്നെയാണ്. 

അപകടകരമായ തോതില്‍ ഈ കണക്കുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യം മുന്‍നിര്‍ത്തിയാണ് ലോകാരോഗ്യ സംഘടന ഇപ്രാവശ്യത്തെ മാനസികാരോഗ്യദിനത്തിന്റെ സന്ദേശവിഷയമായി 'ആത്മഹത്യപ്രതിരോധ'ത്തെ തെരഞ്ഞെടുത്തിരിക്കുന്നത്. 

വിഷാദരോഗത്തെയും അത് എത്തരത്തിലാണ് ഒരു മനുഷ്യനെ തളര്‍ത്തി, മരണത്തോളമെത്തിക്കുന്നത് എന്നതിനെപ്പറ്റിയും മനശാസ്ത്രവിദഗ്ധനായ ഡോ. അബ്ദുള്‍ സാദിഖ് എഴുതിയ ഒരു കുറിപ്പാണ് ഈ അവസരത്തില്‍ പങ്കുവയ്ക്കാനുള്ളത്. ആത്മഹത്യാപ്രവണത കാണിക്കുന്ന പ്രിയപ്പെട്ടവരെ നമ്മള്‍ കൈകാര്യം ചെയ്യുന്നതിലെ അപകടം മുതല്‍, ഒറ്റക്കെട്ടായി ഇതിനെയെങ്ങനെ പ്രതിരോധിക്കാമെന്നത് വരെ ഡോ. അബ്ദുള്‍ സാദിഖ് തന്റെ കുറിപ്പില്‍ പരാമര്‍ശിക്കുന്നു. 

കുറിപ്പ് വായിക്കാം...

ഒക്ടോബര്‍10. ലോകമാനസീകാരോഗ്യദിനം 2019. 'ആത്മഹത്യാ പ്രതിരോധം 'എന്നതാണ് ലോക മാനസികാരോഗ്യദിനത്തിന്റെ ഈ വര്‍ഷത്തെ സന്ദേശവിഷയം. ലോകത്ത് ഓരോ നാല്പതു സെക്കന്റിലും ഒരാള്‍ ആത്മഹത്യ ചെയ്യുന്നു. അതിന്റെ പതിന്മടങ്ങ് ആത്മഹത്യാശ്രമങ്ങള്‍ നടക്കുന്നു. ആത്മഹത്യ യുടെ കാരണങ്ങള്‍ പലതാണെങ്കിലും ഏറ്റവും പ്രധാനകാരണം എന്നും എവിടേയും വിഷാദരോഗം തന്നെയാണ്. 

അനുയോജ്യമായ ഇടപെടലുകള്‍ കൊണ്ട് നമുക്ക് ഏറ്റവും നന്നായി പ്രതിരോധിക്കാന്‍ കഴിയുക വിഷാദരോഗത്തിന്റെ ഭാഗമായി ഉണ്ടാവുന്ന ആത്മഹത്യാപ്രവണത തന്നെയാണെന്നതില്‍ ഒരു സംശയവുമില്ല. വിഷാദം എന്ന രോഗാവസ്ഥയെക്കുറിചുള്ള നമ്മുടെ സാധാരണക്കാരില്‍ മിക്കവരുടെയും അവബോധം വളരെ പരിതാപകരവും തെറ്റിദ്ധാരണാജനകവുമാണ്. അതിന്റെ തെളിവാണ് കേള്‍ക്കുന്ന ഓരോ ആത്മഹത്യവാര്‍ത്തകളോടുമുള്ള നമ്മുടെ പ്രതികരണങ്ങള്‍. ഈ അടുത്ത കാലത്തായി പലപ്പോഴും നമ്മളത് കാണുകയുണ്ടായി.

വളരെ സാധാരണമായ ഈ രോഗത്തെ അസാധാരണവും അസംഭാവ്യവുമായ ഒന്നായിട്ടാണ് പലരും മനസ്സിലാക്കി വെച്ചിരിക്കുന്നത്. പല സന്ദര്‍ഭങ്ങളിലും ചികിത്സ ദുഷ്‌കരമായിപ്പോകുന്നത് രോഗത്തെക്കുറിച്ചുള്ള ഈ അവബോധമില്ലായ്മ ഒന്ന്‌കൊണ്ട് മാത്രമാണ്. ലോകാരോഗ്യ സംഘടന ഈ വര്‍ഷത്തെ ലോക മാനസികാരോഗ്യദിനത്തിന്റെ വിഷയമായി 'ആത്മഹത്യാ പ്രതിരോധം ' തെരഞ്ഞെടുക്കപ്പെട്ടത് അതിന്റെ പ്രാധാന്യത്തേയാണ് സൂചിപ്പിക്കുന്നത്.

രോഗത്തെയും രോഗലക്ഷണങ്ങളേയും, പ്രത്യേകിച്ച് ശാരീരിക ലക്ഷണങ്ങളാകുമ്പോള്‍ അതിനെ തിരിച്ചറിയാന്‍ കഴിയാത്ത രോഗിയും ബന്ധുക്കളും ഒരു വശത്ത്. എങ്ങാനും ഏതെങ്കിലും വിധേന ഒരു ഡോക്ടറുടെ അടുത്തെത്തുമ്പോള്‍ രോഗത്തെ ശാരീരിക പ്രശ്‌നം മാത്രമായി കണ്ട് 'കുഴപ്പമില്ല 'എന്ന് പറഞ്ഞു വിടുന്ന ജനറല്‍ കെയര്‍ ഡോക്ടര്‍മാരും മറ്റു സ്‌പെഷ്യലിസ്റ്റുകളും മറുവശത്തും നില്‍ക്കുമ്പോള്‍ രോഗി നില്‍ക്കുന്നിടത്ത് തന്നെ നിന്നു പോകും..!

സൈക്യാട്രിസ്റ്റിനെ കാണിക്കാന്‍ പേടിയുള്ള രോഗികളുടെ കുടുംബാങ്ങളെ പിന്നീട് നാനാവിധ മതവിഭാഗങ്ങളുടെ ലേബല്‍ ഉപയോഗപ്പെടുത്തി വരുന്ന മത മന്ത്രവാദചികിത്സകരും, സ്ഥിരം തട്ടിപ്പ് തരികിട വ്യാജചികിത്സകന്‍മാരും എല്ലാം ചേര്‍ന്ന് രോഗിയെ ഒരു വഴിക്കാക്കും. ഡോക്ടര്‍മാര്‍ പറയുന്ന 'ഒരു കുഴപ്പവുമില്ല' കേട്ട് വീട്ടുകാര്‍ സന്തോഷത്തോടെ മടങ്ങുമ്പോള്‍ വിഷാദരോഗി മാടമ്പള്ളിയിലെ യഥാര്‍ത്ഥ മനോരോഗിയെപ്പോലെ രക്ഷപ്പെടാനാകാതെ തന്റെ ദുരവസ്ഥയില്‍ ഒടുങ്ങിപ്പോകുകയും കുടുങ്ങിപ്പോകുകയും ചെയ്യുന്നു.

അവസാനം ശ്രമവും കൈവെള്ളയില്‍ നിന്ന് ഊര്‍ന്നിറങ്ങുന്നത് നോക്കി നില്‍ക്കാന്‍ മാത്രമേ രോഗിക്ക് പലപ്പോഴും സാധിക്കൂ. അപ്പോള്‍ കാണാം അവസാന പ്രതീക്ഷയും തകര്‍ന്നടിയുന്നതിന്റെ ഒരു തേങ്ങല്‍...!
ഒരു 'cry '..! എതിര്‍പ്പിന്റേയും വെറുപ്പിന്റെയും നിഷേധത്തിന്റേയും കലര്‍പ്പുള്ള രക്ഷിക്കണേ എന്ന ഒരു cry. അതാണ് cry for help. ഒന്ന് തേങ്ങാന്‍ പോലും ആകാതെ ഉള്ളില്‍ നിന്ന് വരുന്ന തേങ്ങല്‍ പോലത്തെ ആ വിങ്ങല്‍.. അതാണ് നമ്മള്‍ തിരിച്ചറിയാതെ പോകുന്നത്.

നമ്മുടെ മെഡിക്കല്‍ കരിക്കുലത്തില്‍ വിഷാദത്തിന് അര്‍ഹമായ പ്രാധിനിത്യം ലഭിക്കുന്നില്ല എന്നതാണ് സത്യം. അതുകൊണ്ടാണ് മെഡിക്കല്‍ കോളേജുകളില്‍ നിന്നും മറ്റും റിട്ടയര്‍ ചെയ്ത വളരെ പരിചയ സമ്പന്നരായ മറ്റു മെഡിക്കല്‍ സ്‌പെഷ്യാലിറ്റിയിലെ പ്രൊഫസര്‍മാര്‍ പോലും അവരുടെ മുമ്പില്‍ പല ശാരീരിക ലക്ഷണങ്ങളുമായി വഴി തെറ്റി ഒരു കൈ സഹായത്തിന് കൈ നീട്ടാന്‍ പോലും കഴിയാതെ അവശരായി എത്തുന്ന വിഷാദരോഗിയെ വേണ്ടത്ര ഗൗരവമായി കാണാതെ പോകുന്നത്.

ശാരീരികരോഗലക്ഷണങ്ങള്‍ പ്രധാന ലക്ഷണങ്ങളായി വരുന്ന എത്രയധികം വിഷാദരോഗികളാണ് നമുക്കിടയിലും നമ്മുടെ ചുറ്റുപാടിലും ജീവനും ജീവിതത്തിനും വേണ്ടി പോരാടിക്കൊണ്ടിരിക്കുന്നത്...!

എത്ര പേരാണ് ഇല്ലാത്ത പണം കൊണ്ട് വിഷാദം പ്രകടിപ്പിക്കുന്ന ശാരീരിക രോഗ ലക്ഷണങ്ങള്‍ക്കായി അനാവശ്യ ലാബ് പരിശോധനകളും കണ്‌സള്‍ട്ടേഷനുകളുമായി ഹോസ്പിറ്റല്‍ തിണ്ണകള്‍ കേറിയിറങ്ങിക്കിതക്കുന്നത്. എല്ലാ ടെസ്റ്റുകളും പരിശോധനകളും നോര്‍മലാകുമ്പോള്‍ ' ഒരു കുഴപ്പവുമില്ല വീട്ടില്‍ പൊയ്‌ക്കോളൂ ' എന്ന് പറഞ്ഞു വിടുന്നവര്‍ രോഗിയെ വീട്ടിലേക്കല്ല മരണത്തിലേക്കാണ് പറഞ്ഞു വിടുന്നത്. മരണമല്ലാതെ അവര്‍ക്ക് വേറെ മറ്റു മാര്‍ഗ്ഗമില്ലല്ലോ. ആത്മഹത്യ ചെയ്യുന്ന ഭൂരിഭാഗം വിഷാദരോഗികളും ആത്മഹത്യചെയ്യുന്നതിന്റെ മുന്‍ ദിവസങ്ങളില്‍ പല മെഡിക്കല്‍ ഡോക്ടര്‍ മാരേയും കണ്‍സള്‍ട്ട് ചെയ്തിട്ടുള്ളതായിട്ടാണ് എല്ലാ പഠനങ്ങളും പറയുന്നത്. ഒന്ന് റഫര്‍ ചെയ്തിരുന്നെങ്കില്‍ മരണത്തില്‍ നിന്ന് രക്ഷപ്പെടുമായിരുന്നു അവര്‍.

പത്തു ലക്ഷത്തില്‍ ഒരാളില്‍ മാത്രം കണ്ടു വരുന്ന ഏതെങ്കിലും ഒരു അപൂര്‍വ്വരോഗത്തെക്കുറിച്ച് പത്തു മിനുട്ട് നിന്ന നില്പില്‍ സംസാരിക്കും നമ്മള്‍..! എന്നാല്‍ മൂന്നില്‍ ഒരാള്‍ക്ക് ജീവിതത്തില്‍ ഏറ്റവും മിനിമം ഒരു ഘട്ടത്തിലെങ്കിലും വരാന്‍ സാധ്യതയുള്ള വിഷാദരോഗം തിരിച്ചറിയാതിരിക്കുക മാത്രമല്ല ചെയ്യുന്നത് പകരം തെറ്റിദ്ധരിപ്പിക്കുക കൂടി ചെയ്യുന്ന ഒരു മെഡിക്കല്‍ ഫ്രറ്റേര്‍ണിറ്റിയുടെ ഭാഗമാണ് നമ്മളെന്നത് ലജ്ജാകരമാണ്. ഇത് മാറിയില്ലെങ്കില്‍ നമ്മുടെ ആത്മഹത്യാ നിരക്ക് താഴോട്ട് വരില്ല.

ഒരാള്‍ക്ക് വിഷാദം ഉണ്ടാകുമ്പോള്‍ അത് എന്താണെന്ന് തിരിച്ചറിയാതെ ശാപം എന്നും ദുര്‍വിധിയെന്നും കരുതി ജീവിതം തള്ളി നീക്കുമ്പോള്‍ അവരെ മതത്തിന്റെ പേരും പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന ഒരു കൊള്ള സംഘം സമാന്തരമായി കൊഴുക്കുന്നുണ്ട്. ഇത്തരം ഗബ്ബര്‍ സിങ്ങുകള്‍ക്കെതിരെ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ കഴിവില്ലാത്തതാണ് നമ്മുടെ സര്‍വ്വവ്യവസ്ഥിതികളും.

ആത്മഹത്യാ പ്രവണതയുടെ ഏറ്റവും വലിയ അവകാശി വിഷാദരോഗം തന്നെയാണ്. അത് കഴിഞ്ഞേ മറ്റു മാനസീകരോഗാവസ്ഥകള്‍ വരൂ. എല്ലാത്തിനോടും ഒരു വിരക്തിയായി തുടങ്ങി നെഗറ്റീവ് ചിന്തകള്‍ പതിയെ 'worthlenssess ' ല്‍ എത്തുകയും പിന്നീട് 'helplenssess ' എന്ന അവസ്ഥയും കടന്ന് ദൈനംദിനജീവിതം കൂടുതല്‍ പ്രയാസകരമാക്കുന്നു. താന്‍ ഇനി ജീവിച്ചിട്ട് യാതൊരു പ്രയോജനവുമില്ല എന്നുള്ള 'hopelenssess ' ഉം മരണത്തിന് മാത്രമേ തന്നെ രക്ഷിക്കാനാകൂ എന്ന വളഞ്ഞ 'distorted 'ചിന്തയുമാണ് വിഷാദത്തിന്റെ കാതല്‍. ഉറക്കമില്ലായ്മയും അമിത ക്ഷീണവും തെറ്റിദ്ധരിക്കാന്‍തക്ക എമ്പാടും ശാരീരികലക്ഷണങ്ങളും ഒത്ത് വരുമ്പോള്‍ വിഷാദം അതിന്റെ സിന്‍ഡ്രോം രൂപം പൂര്‍ണ്ണമായി പ്രാപിക്കുന്നു. മുന്നില്‍ മരണം മാത്രം പോംവഴി എന്ന് ചിന്തിക്കുന്ന ഒരവസ്ഥ. മറ്റൊരു രോഗത്തിലും കാണാത്ത ആരാലും തിരിച്ചറിയപ്പെടാത്ത ഒരു ദുരാവസ്ഥ.

ദൈനംദിന ജീവിതസംഭാഷണങ്ങളില്‍ ഇടവും വലവും വരാറുള്ള സാധാ 'മൂഡ് ഔട്ട് ' അല്ല വിഷാദം എന്ന രോഗാവസ്ഥ എന്ന് പലര്‍ക്കുമറിയില്ല. പല പ്രധാന ശാരീരിക രോഗങ്ങളുടെയും കൂടെപ്പിറപ്പുമാണ് ഈ കില്ലര്‍ രോഗം. 

വ്യത്യസ്തമായ ശാരീരികരോഗ ലക്ഷണങ്ങളുമായി വന്ന് രോഗിയേയും അവന് വേണ്ടപ്പെട്ടവരെയും പിന്നെ ചികില്‌സിക്കുന്ന ഡോക്ടര്‍മാരേയുംവരെ കബളിപ്പിച്ച് അയാളുടെ മരണം തീറെഴുതി വാങ്ങുവാന്‍ കെല്പുള്ള മറ്റേത് രോഗമുണ്ട് വിഷാദമല്ലാതെ... അതെ... അത് വിഷാദരോഗം തന്നെയാണ്. ലോകത്ത് ഏറ്റവും 'ഡിസബിലിറ്റി ' ഉണ്ടാക്കുന്ന പത്ത് രോഗങ്ങളില്‍ ഒരുവന്‍. അവന്‍ നമുക്ക് ചുറ്റുമുണ്ട് , നമ്മുടെ പ്രിയപ്പെട്ടവരുടെ ജീവന്‍ അവരെക്കൊണ്ട് തന്നെ അപഹരിക്കാന്‍ പര്യാപ്തമായി.

മരണത്തിനും ജീവിതത്തിനും ഇടക്കുള്ള 'ആമ്പിവാലെന്‍സ് ' എന്ന നൂല്‍പ്പാലത്തില്‍ നിന്ന് അവസാന കച്ചിത്തുരുമ്പില്‍ പിടിച്ച് രക്ഷപെടാന്‍ നടത്തുന്ന ശ്രമമാണ് ഓരോ വിഷാദരോഗിയും ചെയ്തു കൊണ്ടിരിക്കുക.
ആ ശ്രമങ്ങളെയാണ് നാം തിരിച്ചറിയാതെ പോകുന്നത്. വഴുതിപ്പോകാന്‍ വെമ്പുന്ന ജീവന്റെ മേലുള്ള അവസാനത്തെ മുറുക്കിപ്പിടിത്തം. അത് തന്നെയാണ് ആ ഓരോ ശ്രമവും. ആ ശ്രമത്തിന് ശക്തി നല്‍കാനാവണം നമ്മുടെ ഓരോ ഇടപെടലുകളും. അതുതന്നെയാണ് ലോകാരോഗ്യ സംഘടനയുടെ നമ്മോടുള്ള ലോകമാനസികാരോഗ്യദിന സന്ദേശവും .

മരണമുഖത്ത് നില്‍ക്കുന്ന ആളുകളോട് നമ്മള്‍ പറയുന്ന കുറച്ച് സ്ഥിരം പല്ലവികളുണ്ട്.....!

'ഹോ... പിന്നെ.. നിനക്ക് വെറുതേ തോന്നണതാ', 'എന്നാ പിന്നെ ഞാനൊക്കെ എപ്പഴോ മരിക്കണം ','നിനക്കെന്തിന്റെ കുറവാ.. മക്കള്‍ക്കൊക്കെ ജോലിയായില്ലേ.. വീടായില്ലേ.. ','ഇതിലും കഷ്ടപ്പാടുള്ള സമയത്ത് തോന്നാത്തതാണോ ഇപ്പൊ തോന്നണത്', 'വെറുതെ ആളെ പേടിപ്പിക്കാന്‍ ','എന്നാ പോയി അങ്ങ് ചാക് ','വിഡ്ഢിത്തം പറയാതെ.. മാഷേ ','ഇത്രയും ധൈര്യമുള്ള നീയാണോ... മരിക്കാന്‍ നടക്കുന്നത് '...

ഒരു കാര്യവുമില്ല...! നമ്മള്‍ വലിയ കാര്യമെന്ന് കരുതി പറയാറുള്ള മുകളില്‍ പറഞ്ഞ വാക്കുകള്‍ ഒന്നും തന്നെ ആത്മഹത്യാ പ്രവണതയുള്ള ഒരാളെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ സഹായിക്കില്ല...എന്നതാണ് സത്യം. ഒരു പക്ഷെ അത് വിപരീതഫലം ഉണ്ടാക്കുകയും ചെയ്യാം. ഒരാള്‍ ആത്മഹത്യ പ്രവണത പ്രകടിപ്പിച്ചാല്‍ ആദ്യം നമ്മള്‍ ഏറ്റവും മിനിമം ചെയ്യേണ്ടത് അയാള്‍ക്ക് പറയാനുള്ളത് അല്പം നേരം കേള്‍ക്കാന്‍ തയ്യാറാകുക എന്നതാണ്. അയാളുടെ പ്രയാസങ്ങള്‍ നമ്മള്‍ ഉള്‍ക്കൊണ്ടു എന്ന് തോന്നിപ്പിക്കണം. ഒരു വിദഗ്ധന്റെ മുമ്പില്‍ അയാളെ എത്തിക്കുന്നത് വരേ... അയാളുടെ ജീവന്‍ നമ്മുടെ കൈകളിലാണ്.

ഒരാളില്‍ ആത്മഹത്യ പ്രവണത ഉള്ളതായി നമുക്ക് തോന്നുന്നു പക്ഷെ അയാള്‍ പ്രകടിപ്പിച്ചില്ല എങ്കില്‍ അത് കൂടുതല്‍ ഗൗരവത്തോടെ വേണം കാണാന്‍. ആത്മഹത്യാ പ്രവണത മനസ്സില്‍ വെച്ച് നടന്ന് അത് ചോദിക്കുമ്പോള്‍ നിരാകരിക്കുന്നവരെ തിരിച്ചറിയാന്‍ നമുക്ക് സ്‌കില്‍ ഉണ്ടാവണം.

ചില തെറ്റിദ്ധാരണകള്‍...


- ആത്മഹത്യ ചെയ്യണം എന്ന് പറയുന്നവര്‍ അത് ചെയ്യാന്‍ സാധ്യതയില്ല
- ഒരിക്കല്‍ ആത്മഹത്യക്ക് ശ്രമിച്ചവര്‍ പിന്നീട് അതിന് ശ്രമിക്കില്ല
- ഒരിക്കല്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ എല്ലായിപ്പോഴും ആത്മഹത്യക്ക് ശ്രമിച്ചു കൊണ്ടിരിക്കും
- ആത്മഹത്യാസന്നദ്ധത പ്രകടിപ്പിക്കുന്ന ആളോട് അതിനെ ക്കുറിച്ച് ചോദിക്കാന്‍ പാടില്ല
- ഭീരുക്കളാണ് ആത്മഹത്യ ചെയ്യുന്നത്
- ആത്മഹത്യ തടയാന്‍ കഴിയില്ല

ആത്മഹത്യ പല കാരണങ്ങള്‍ കൊണ്ടാണ് സംഭവിക്കുന്നത്. കേവലം 'സാരല്ല്യ' 'എല്ലാം ശരിയാകും' എന്നുള്ള പിറകില്‍ നിന്നുള്ള തള്ളലുകള്‍ കൊണ്ട് എല്ലാറ്റിനും പരിഹാരമാകും എന്ന് കരുതരുത് . അതുകൊണ്ട് പ്രാവിണ്യം നേടിയ ഒരാളുടെ മേല്‍നോട്ടത്തില്‍ വേണം അതില്‍ ഇടപെടാന്‍. യോഗ്യതയുള്ള ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റേയോ അല്ലെങ്കില്‍ ഒരു സൈക്യാട്രിസ്റ്റിന്റേയോ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചു മാത്രമേ മുന്നോട്ട് പോകാവൂ.

ആത്മഹത്യ പ്രവണതയുള്ളവരെ കേള്‍ക്കാനും അവര്‍ക്ക് സമയം നല്കുവാനും നമ്മള്‍ തയ്യാറാകണം. ലോകാരോഗ്യ സംഘടന എല്ലാവരോടും ഈ പോരാട്ടത്തിന്റെ ഭാഗമാകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണിപ്പോള്‍ .
എത്ര സമയം നമ്മള്‍ അവരെ കേള്‍ക്കണം..? മിനിമം... 'ഒരു വിദഗ്ധന്റെ മുമ്പില്‍ അവരെ എത്തിക്കുന്നത് വരെയുള്ള സമയം' അവരെ ഫോള്ളോ അപ് ചെയ്യാനുള്ള ഇച്ഛാശക്തി ഉള്ളവരാകണം നമ്മള്‍. എത്ര വരെ..? 'മരണചിന്തയില്‍ നിന്ന് അവര്‍ മുക്തമാകുന്നത് വരെ '

അതെ...
നമുക്കവരെ കേള്‍ക്കാം മനസ്സിലാക്കാം.
ഒരുമിച്ച് പോരാടാം... പ്രതിരോധിക്കാം.