ബോളിവുഡ് സംവിധായകനും നിര്‍മാതാവും നടന്‍ ഹൃത്വിക് റോഷന്‍റെ പിതാവുമായ രാകേഷ് റോഷന്‍ ക്യാന്‍സര്‍ ബാധിതനാണ് എന്ന വാര്‍ത്ത എത്തിയപ്പോള്‍ അത് ആരാധകരെ ഏറെ വിഷമിപ്പിച്ചിരുന്നു. 2018ലാണ് അദ്ദേഹത്തിന്‍റെ രോഗം സ്ഥിരീകരിച്ചത്.  ഇപ്പോഴിതാ തന്‍റെ രോഗകാല അനുഭവങ്ങളെക്കുറിച്ച്  തുറന്നു പറഞ്ഞിരിക്കുകയാണ് രാകേഷ് റോഷന്‍. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്ത കുറിച്ച് സംസാരിച്ചത്. 

മാസങ്ങള്‍ നീണ്ട ചികിത്സയ്ക്ക് ശേഷം രോഗവിമുക്തനായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് അദ്ദേഹം.  2019ലാണ് രാകേഷ് റോഷന്‍ ശസ്ത്രക്രിയയ്ക്കും കീമോതറാപ്പിക്കും വിധേയനായത്. 

നാക്ക് മുറിച്ച് കളയുകയോ ഒട്ടിക്കുകയോ ചെയ്യേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ വലിയ ഭയം തോന്നിയെന്ന് രാകേഷ് റോഷന്‍ പറഞ്ഞു. എന്നാല്‍ അങ്ങനെ ചെയ്യാനാവില്ലെന്ന് അപ്പോള്‍ തന്നെ ഡോക്ടര്‍മാരോട് പറഞ്ഞിരുന്നു. ക്യാന്‍സര്‍ വരാവുന്ന ഏറ്റവും മോശം സ്ഥലങ്ങളില്‍ ഒന്നാണ് നാവ്. നാവിന് രോഗം ബാധിച്ചാല്‍ കഴിക്കുന്ന ഭക്ഷണത്തിന്‍റെ രുചി പോലും അറിയാന്‍ സാധിക്കില്ല. വെള്ളമോ ചായയോ കോഫിയോ ഒന്നും കുടിക്കാനാകില്ല. മൂന്ന് മാസങ്ങളോളം ഞാന്‍ അത്തരമൊരു അവസ്ഥയിലായിരുന്നു എന്നും രാകേഷ് റോഷന്‍ പറഞ്ഞു. 

 

താന്‍ രോഗബാധിതനായിരുന്ന സമയത്ത് വീട്ടുകാരുടെ അവസ്ഥയും വളരെ മോശമായിരുന്നു. ഭാര്യയ്ക്ക് ആരോഗ്യപ്രശ്നങ്ങളുമുണ്ടായി. മകളായ സുനൈനയ്ക്കും അസുഖം ബാധിച്ചിരുന്നു. ആ സമയത്താണ് ഹൃത്വിക്കിന് ബ്രെയിന്‍ സര്‍ജറി നടത്തിയത്. ആരോടും പരാതി പറയാതെ ബുദ്ധിമുട്ടുകളെയെല്ലാം അതിജീവിക്കുകയായിരുന്നു താനെന്നും അദ്ദേഹം പറയുന്നു.