ചിലരുണ്ട്. ഇടയ്ക്കിടെ തലചുറ്റല്‍ വരുന്നുവെന്ന് പരാതിപ്പെടുന്നത് കേള്‍ക്കാം. എന്നാല്‍ അല്‍പസമയം വിശ്രമിച്ച് അത് മാറുന്നതോടെ ആ വിഷയം അവിടെയങ്ങ് ഉപേക്ഷിക്കും. എന്നാല്‍ എന്തുകൊണ്ടാണ് ഇങ്ങനെ ഇടവിട്ട് തലചുറ്റലുണ്ടാകുന്നത് എന്ന് അന്വേഷിക്കാതെ, താല്‍ക്കാലികമായ പരിഹാരങ്ങള്‍ കണ്ട് മുന്നോട്ടുപോകുന്നത് അത്ര സുരക്ഷിതമാണോ?

അല്ല, എന്ന് തന്നെയാണ് ഇതിന് മറുപടി. ഇടയ്ക്കിടെ തലചുറ്റല്‍ വരുന്നത് ഒട്ടും സാധാരണമായ കാര്യമായ. ചെറിയ എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ മുതല്‍ ഗൗരവതരമായ പല അസുഖങ്ങളുടേയും വരെ ലക്ഷണമാണ് ഇടവിട്ടുണ്ടാകുന്ന തലചുറ്റല്‍. അങ്ങനെയാണെങ്കില്‍ അത് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമല്ലേ?

എന്തെല്ലാം തരം തലകറക്കങ്ങള്‍...

പലപ്പോഴും പല രീതിയിലാണ് ആളുകള്‍ തലചുറ്റലിനെക്കുറിച്ച് സംസാരിക്കാറുള്ളത്. ശ്രദ്ധിച്ചിട്ടില്ലേ, ഞാന്‍ ചെടി നനയ്ക്കുകയായിരുന്നു, പെട്ടെന്ന് കണ്ണില്‍ ഇരുട്ട് കയറി, പിന്നെയൊന്നും ഓര്‍മ്മയില്ല എന്നെല്ലാം അനുഭവങ്ങള്‍ വിശദീകരിക്കുന്നത്. സാധാരണഗതിയില്‍ നാല് തരത്തിലാണ് തലചുറ്റലിനെ പട്ടികപ്പെടുത്താനാവുക. 

 


ഒന്ന് ചുറ്റുമുള്ള എല്ലാം കറങ്ങുന്നതായി അനുഭവപ്പെടുന്ന അവസ്ഥ. 'വെര്‍ട്ടിഗോ' എന്നാണ് ഇതിനെ പറയുക. രണ്ടാമതായി ശരീരത്തിന്റെ 'ബാലന്‍സ്' നഷ്ടപ്പെടുന്ന തരത്തിലുള്ള തലകറക്കം ആണ്. 'ഡിസ് ഇക്വിലിബ്രിയം' എന്നാണ് ഇതിനെ വിളിക്കുന്നത്. മൂന്നാമതായി 'പ്രീസിന്‍കോപ്' അഥവാ ഒറ്റയടിക്ക് ബോധം നഷ്ടപ്പെട്ട് വീഴുന്ന അവസ്ഥ. 'ബ്ലാക്ക് ഔട്ടാ'യിപ്പോയി എന്നെല്ലാം പറയുന്നത് ഈ സാഹചര്യത്തിനെയാണ്. നാലാമതായി 'ലൈറ്റ് ഹെഡ്‌നെസ്'. യാഥാര്‍ത്ഥ്യബോധം നഷ്ടപ്പെട്ട് പല ചിന്തകളും ഒരുമിച്ച് വരികയും അതിന് പിന്നാലെ തലകറക്കം അനുഭവപ്പെടുകയും ചെയ്യുന്ന അവസ്ഥ. 

എന്തൊക്കെയാണ് ഇതിന് പിന്നിലെ കാരണങ്ങള്‍...

മുകളില്‍ വിശദീകരിച്ച നാല് തരം തലചുറ്റലുകളും വരുന്നത് പല കാരണങ്ങള്‍ കൊണ്ടാകാം. ആദ്യം സൂചിപ്പിച്ചത് പോലെ ലളിതമായ എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ കൊണ്ടോ, അതല്ലെങ്കില്‍ ഗൗരവമുള്ള അസുഖങ്ങള്‍ കൊണ്ടോ ആകാം ഇങ്ങനെ സംഭവിക്കുന്നത്. അതിനാല്‍ തന്നെ കാരണം കണ്ടെത്തി, ഉറപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് സാരം. 

 

 

കുട്ടികളിലുണ്ടാകുന്ന തലചുറ്റല്‍ പൊതുവേ മൈഗ്രേയ്‌നോ, കണ്ണിനെ സംബന്ധിക്കുന്ന എന്തെങ്കിലും പ്രശ്‌നങ്ങള്‍ മൂലമോ ആകാം. ചെറുപ്പക്കാരിലാണെങ്കിലും മൈഗ്രേയ്ന്‍ ഉള്ളവരില്‍ ഇങ്ങനെ ഇടയ്ക്കിടെ സംഭവിക്കാം. അല്‍പം കൂടി പ്രായം ചെന്നവരിലാണ് തലചുറ്റല്‍ അത്ര സ്വാഭാവികമായ സംഗതി അല്ലാതാകുന്നത്. സ്‌ട്രോക്ക് പോലുള്ള രൂക്ഷമായ അവസ്ഥകളിലേക്കുള്ള സൂചനയാകാം ഇത്. 

ഭക്ഷണം ഒഴിവാക്കുക, കടുത്ത മാനസികസമ്മര്‍ദ്ദത്തിലാവുക, ദിവസങ്ങളോളം കൃത്യമായി ഉറങ്ങാതിരിക്കുക, ദീര്‍ഘയാത്ര, രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനം വരിക- ഇതെല്ലാം സാധാരണനിലയ്ക്ക് തലചുറ്റല്‍ വരാനുള്ള സാന്ദര്‍ഭികമായ കാരണങ്ങളാകാം. എന്നാല്‍ ഏത് പ്രായക്കാരിലും ലിംഗവ്യത്യാസമില്ലാതെ പല അസുഖങ്ങളുടെയും ലക്ഷണമായി തലചുറ്റല്‍ കാണാറുണ്ട്. അതിനാല്‍ നിസാരമായ ഒന്നായി ഇതിനെ കാണുകയേ അരുത്. ഇടവിട്ട് തലചുറ്റല്‍ വരുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഒരു ഡോക്ടറെ കണ്ട് നിര്‍ദേശം തേടുക തന്നെ വേണം.