സ്ത്രീകള്‍ക്കിടയില്‍ ഏറ്റവുമധികം കണ്ടുവരുന്ന അര്‍ബുദമാണ് സ്തനാര്‍ബുദം. സമയത്ത് കണ്ടെത്താത്തതിനാലും, ചികിത്സ തേടാത്തതിനാലും സ്തനാര്‍ബുദം ബാധിച്ച് മരണപ്പെടുന്ന സ്ത്രീകളുടെ എണ്ണം ആഗോളതലത്തില്‍ തന്നെ ഓരോ വര്‍ഷവും ഉയരുകയാണ്. ഇതിനിടെയാണ് ചരിത്രപരമായ കണ്ടെത്തലെന്ന അവകാശവാദവുമായി ഒരുകൂട്ടം ഗവേഷകര്‍ രംഗത്തെത്തിയിരിക്കുന്നത്.

സ്തനാര്‍ബുദത്തില്‍ത്തന്നെ ഏറ്റവും അപകടകാരിയായ 'ട്രിപ്പിള്‍ നെഗറ്റീവ് ബ്രെസ്റ്റ് ക്യാന്‍സര്‍' ഉള്ള സ്ത്രീകളില്‍ നടത്തിയ പരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ലണ്ടനിലെ ഗവേഷകര്‍ പുതിയ കണ്ടെത്തലിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. അതായത്, സ്തനാര്‍ബുദത്തെ പ്രതിരോധിക്കാനും ഇതിനെതിരെ പോരാടി രോഗം തുടച്ചുമാറ്റാനുമെല്ലാം കഴിവുള്ള ഒരിനം കോശം മനുഷ്യരുടെ ബ്രെസ്റ്റ് ടിഷ്യൂവില്‍ കണ്ടെത്തിയെന്നാണ് ഇവര്‍ പറയുന്നത്. 

നമ്മുടെ ശരീരത്തിലെ പ്രതിരോധവ്യവസ്ഥ തന്നെയാണത്രേ 'ഡാമ ഡെല്‍റ്റ ടി സെല്‍സ്' എന്നറിയപ്പെടുന്ന ഈ കോശങ്ങളെ പുറത്തുവിടുന്നത്. എത്രത്തോളം ഇത് സ്തനങ്ങളില്‍ കാണുന്നോ അത്രത്തോളം ക്യാന്‍സറിനെ പോരാടിത്തോല്‍പ്പിക്കാന്‍ ഒരാള്‍ക്ക് കഴിയുമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. 

'ഗാമ ഡെല്‍റ്റ ടി സെല്‍സ്' കണ്ടെത്താത്തവരില്‍ രോഗം മൂര്‍ച്ഛിക്കുന്നതായും, അവരില്‍ ചിലര്‍ മരണത്തിന് കീഴടങ്ങിയതായും പഠനത്തിനിടെ തങ്ങള്‍ കണ്ടുവെന്ന് ഗവേഷകര്‍ വാദിക്കുന്നു. വരുംകാലത്തേക്ക് സ്തനാര്‍ബുദ ചികിത്സാരംഗത്ത് വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ പോന്ന കണ്ടുപിടുത്തമാണ് ഇതെന്നും കൂടുതല്‍ പഠനങ്ങള്‍ ഈ വിഷയത്തില്‍ ഇനിയുണ്ടാകണമെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.