പുതിയ വർക്കൗട്ട് വീഡിയോ പങ്കുവച്ച് സാമന്ത ; ആലിയ ഭട്ടിന്റെ കമന്റ് ഇങ്ങനെ
പേശികളെ ബാധിക്കുന്ന, പ്രതിരോധവ്യവസ്ഥയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന 'മയോസൈറ്റിസ്' എന്ന രോഗമാണ് സാമന്തയെ ബാധിച്ചത്. കുട്ടികളെന്നോ മുതിർന്നവരെന്നോ വ്യത്യാസമില്ലാതെ ഏത് പ്രായക്കാരെയും, ബാധിക്കാവുന്ന രോഗമാണ് ഇത്.

ഏറ്റവുമധികം ആരാധകരുള്ള തെന്നിന്ത്യൻ താരമാണ് സാമന്ത റൂത്ത് പ്രഭു. പോയ വർഷത്തിൽ നാഗചൈതന്യയുമായുള്ള വിവാഹമോചന വാർത്തകളിലൂടെയാണ് സാമന്ത ചർച്ചകളിൽ നിറഞ്ഞുനിന്നു. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിലൂടെ തന്നെ താരം തന്നെ ബാധിച്ച ഒരു അസുഖത്തെ കുറിച്ചും അതിൻറെ ചികിത്സയുമായി ബന്ധപ്പെട്ട് താൻ നേരിട്ട പ്രയാസങ്ങളെ കുറിച്ചുമെല്ലാം പങ്കുവച്ചിരുന്നു.
പേശികളെ ബാധിക്കുന്ന, പ്രതിരോധവ്യവസ്ഥയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന 'മയോസൈറ്റിസ്' എന്ന രോഗമാണ് സാമന്തയെ ബാധിച്ചത്. കുട്ടികളെന്നോ മുതിർന്നവരെന്നോ വ്യത്യാസമില്ലാതെ ഏത് പ്രായക്കാരെയും, ബാധിക്കാവുന്ന രോഗമാണ് ഇത്. എല്ലുകൾക്ക് ബലക്ഷയവും ശരീരത്തിന് വേദനയും അനുഭവപ്പെടുന്നതോടൊപ്പം ശരീരത്തിൻറെ രോഗപ്രതിരോധ ശേഷിയെയും ബാധിക്കുന്ന ഒന്നാണ് മയോസൈറ്റിസ്.
ഇപ്പോഴിതാ പുതിയൊരു വർക്കൗട്ട് വീഡിയോയാണ് ഇൻസ്റ്റഗ്രാമിൽ താരം പങ്കുവച്ചിരിക്കുന്നത്. രോഗപ്രതിരോധ ശേഷിയെ സഹായിക്കുന്നതിന് കർശനമായ ഭക്ഷണക്രമം പിന്തുടരുന്നതിനെ കുറിച്ചും അവർ പോസ്റ്റിൽ പറയുന്നു. ' @hoisgravity പ്രചോദനത്തിന് നന്ദി. ചില ദുഷ്‌കരമായ ദിവസങ്ങളിലുടെയാണ് കടന്നു പോയത്. സാധ്യമായ ഏറ്റവും കർശനമായ ഭക്ഷണക്രമം (ഓട്ടോ ഇമ്മ്യൂൺ ഡയറ്റ്.. അതെ അങ്ങനെയൊന്നുണ്ട്)...' - എന്ന് കുറിച്ച് കൊണ്ടാണ് താരം വീഡിയോ പങ്കുവച്ചത്.
ആലിയ ഭട്ട്, സംയുക്ത ഹെഗ്‌ഡെ തുടങ്ങി നിരവധി സെലിബ്രിറ്റികൾ സാമന്തയെ പ്രശംസിച്ച് കമന്റ് ചെയ്തിട്ടുണ്ട്. വീഡിയോ കണ്ടതിന് ശേഷം ആലിയ ഫയർ ഇമോജികൾ കമന്റ് ചെയ്തു.
ആരാധകരും സാമന്തയ്ക്ക് കമന്റുകൾ ചെയ്തു. ' നരകത്തിലൂടെ നടക്കാനും ഇനിയും ഒരു മാലാഖയാകാനും കഴിയുമെന്നതിന്റെ തെളിവാണ് അവൾ @samantharuthprabhuoffl നിങ്ങൾ പോകൂ പെൺകുട്ടി...' - എന്നാണ് ഒരാൾ കമന്റ് ചെയ്തതു. പ്രപഞ്ചം നിങ്ങൾക്കൊപ്പമുണ്ട്. നക്ഷത്രം പോലെ തിളങ്ങുക...- എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തതു.