മകന് സെറിബ്രല്‍ പാള്‍സി സ്ഥിരീകരിച്ച സാഹചര്യത്തെ കുറിച്ച് പിന്നീട് തുറന്ന് പങ്കുവച്ചിട്ടുണ്ടായിരുന്നു. 1996 ഓഗസ്റ്റ് 13നായിരുന്നു സെയ്‌ന്റെ ജനനം. ജനിക്കുമ്പോള്‍ കരയാതിരുന്ന കുഞ്ഞിനെ പിന്നീട് ആരോഗ്യപ്രശ്‌നങ്ങളാല്‍ കുഞ്ഞുങ്ങളുടെ ഐസിയുവിലേക്ക് മാറ്റി

മൈക്രോസോഫ്റ്റ് സിഇഒ ( Microsoft CEO ) സത്യ നദെല്ലയുടെ ( Satya Nadella ) മകന്‍ സെയ്ന്‍ നദെല്ലയുടെ വിയോഗവാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. തിങ്കളാഴ്ച രാവിലെയോടെയായിരുന്നു കുടുംബാഗങ്ങളെയും ബന്ധുക്കളെയും ചികിത്സിച്ചിരുന്ന ഡോക്ടര്‍മാരെയുമടക്കം വേദനയിലാഴ്ത്തിയ വിയോഗം.

ഇരുപത്തിയാറുകാരനായ സെയ്ന്‍ ജന്മനാ രോഗബാധിതനായിരുന്നു. മരണം വരെയും വിവിധ ചികിത്സകളിലൂടെ തന്നെയായിരുന്നു അദ്ദേഹം കടന്നുപോയിരുന്നതും. 

'സെറിബ്രല്‍ പാള്‍സി' എന്ന രോഗമായിരുന്നു സെയ്‌നെ ബാധിച്ചിരുന്നത്. മകന്‍ ജനിച്ച് അധികം വൈകാതെ തന്നെ സത്യ നദെല്ലയും ഭാര്യ അനു നദെല്ലയുടം രോഗവിവരം മനസിലാക്കുകയായിരുന്നു. അപ്പോള്‍ മുതല്‍ തുടങ്ങിയ ചികിത്സ മരണം വരെയും സെയ്‌ന് നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. 

'സെറിബ്രല്‍ പാള്‍സി' എന്ന രോഗത്തെ കുറിച്ച് നിങ്ങളില്‍ പലരും കേട്ടിരിക്കും. എന്നാല്‍ എന്താണ് ഈ രോഗമെന്നോ അതെങ്ങനെയാണ് മരണത്തിലേക്ക് നയിക്കുകയെന്നോ അധികപേരും ആലോചിക്കുകയോ മനസിലാക്കുകയോ ചെയ്തിരിക്കില്ല. സെയ്ന്റി വിയോഗത്തിന്റെ പശ്ചാത്തലത്തില്‍ ിക്കാര്യങ്ങളാണ് നമ്മള്‍ വിശകലനം ചെയ്യുന്നത്. 

'സെറിബ്രല്‍ പാള്‍സി'...

തലച്ചോറിനെ ബാധിക്കുന്നൊരു രോഗമാണിത്. കൃത്യമായി ഇങ്ങനെയാണ് ബാധിക്കുകയെന്ന് പറയാനാകാത്ത വിധത്തില്‍ പല തീവ്രതയിലും പല സവിശേഷതയിലും ഇത് ബാധിക്കപ്പെടാം. ജനനസമയത്ത് തലച്ചോറില്‍ ഓക്‌സിജന്‍ ലഭ്യത കുറയുന്നതോടെയാണ് ചിലരില്‍ സെറിബ്രല്‍ പാള്‍സി ബാധിക്കുന്നത്. 

മറ്റ് ചിലരില്‍ ജനനത്തിന് മുമ്പ് തന്നെ, അതായത് ഗര്‍ഭാവസ്ഥയിലിരിക്കെ തന്നെ രോഗം ബാധിക്കാറുണ്ട്. രോഗത്തിന്റെ കാരണങ്ങള്‍ സംബന്ധിച്ച് എപ്പോഴും വിവിധ തരത്തിലുള്ള വാദങ്ങളും കണ്ടെത്തലുകളും നിലനില്‍ക്കുന്നതിനാല്‍ എങ്ങനെയാണ് ഇതിനെ പ്രതിരോധിക്കേണ്ടതെന്ന് ഇപ്പോഴും വിദഗ്ധരായ ഗവേഷകര്‍ക്ക് പോലും കഴിഞ്ഞിട്ടില്ല. 

സാധാരണഗതിയില്‍ സെറിബ്രല്‍ പാള്‍സി ബാധിക്കപ്പെട്ടവരെ മൂന്ന് വിഭാഗമായാണ് തരം തിരിക്കാറ്. വളരെ ചെറിയ രീതിയില്‍ ബാധിക്കപ്പെട്ടവര്‍, ഇടത്തരം തീവ്രതയില്‍ ബാധിക്കപ്പെട്ടവര്‍, ഗുരുതരമായി ബാധിക്കപ്പെട്ടവര്‍. ഇവരില്‍ രോഗലക്ഷണങ്ങളും രോഗത്തോട് അനുബന്ധമായുള്ള വിഷമതകളുമെല്ലാം വ്യത്യാസപ്പെട്ടിരിക്കും. 

പൊതുവില്‍ നടക്കാനും, ചലനത്തിനും, സംസാരത്തിനും, കാര്യങ്ങള്‍ മനസിലാക്കുന്നതിനും, ഭക്ഷണം കഴിക്കുന്നതിനുമെല്ലാം പ്രയാസമുണ്ടാക്കുന്ന അവസ്ഥയാണ് സെറിബ്രല്‍ പാള്‍സി ബാധിച്ചവരില്‍ കാണുകയ ഇതിന്റെ തീവ്രത രോഗത്തിന്റെ ഗൗരവത്തിന് അനുസരിച്ച് മാറിയിരിക്കും. ചിലര്‍ക്ക് അല്‍പമെങ്കിലും നടക്കാമെന്ന അവസ്ഥയുണ്ടാകും, എന്നാല്‍ മറ്റ് പലര്‍ക്കും അത് പോലുമുണ്ടാകില്ല. 

സെയ്ന്‍ നദെല്ലയുടെ കാര്യത്തില്‍ മുഴുവന്‍ ജീവിതവും വീല്‍ചെയറില്‍ തന്നെയായിരുന്നു അദ്ദേഹം ചെലവിട്ടത്. അതുപോല തന്നെ ആജീവനാന്ത പരിചരണവും അദ്ദേഹത്തിന് ആവശ്യമായി വന്നിരുന്നു. 

പ്രായമേറുന്നതിന് അനുസരിച്ച് ഗുരുതരമാകുന്ന രോഗമല്ല ഇതെങ്കിലും, രോഗമുണ്ടാക്കുന്ന വിഷമതകളാല്‍ രോഗിയുടെ ജീവിതം മാറിക്കൊണ്ടിരിക്കാം. ഇതിന്റെ ഭാഗമായി പല വിധത്തിലുള്ള വെല്ലുവിളികളും ആരോഗ്യാവസ്ഥ നേരിടേണ്ടിവരാം. ഇത് രോഗികളെ മരണത്തിലേക്കും നയിക്കാം. 

മകനെ കുറിച്ച് സത്യ നദെല്ല...

മകന് സെറിബ്രല്‍ പാള്‍സി സ്ഥിരീകരിച്ച സാഹചര്യത്തെ കുറിച്ച് പിന്നീട് തുറന്ന് പങ്കുവച്ചിട്ടുണ്ടായിരുന്നു. 1996 ഓഗസ്റ്റ് 13നായിരുന്നു സെയ്‌ന്റെ ജനനം. ജനിക്കുമ്പോള്‍ കരയാതിരുന്ന കുഞ്ഞിനെ പിന്നീട് ആരോഗ്യപ്രശ്‌നങ്ങളാല്‍ കുഞ്ഞുങ്ങളുടെ ഐസിയുവിലേക്ക് മാറ്റി. 

അധികം വൈകാതെ തന്നെ താനും ഭാര്യ അനുവും മകന്റെ രോഗവിവരം മനസിലാക്കിയെന്നും അതിനെ ഉള്‍ക്കൊള്ളാന്‍ ഇരുവര്‍ക്കും സമയം വേണ്ടിവന്നുവെന്നും സത്യ നദെല്ല പറഞ്ഞിട്ടുണ്ട്. 

അടുത്ത വര്‍ഷങ്ങളില്‍ തന്നെ സെറിബ്രല്‍ പാള്‍സിയെ കുറിച്ച് വിശദമായി പഠിച്ചുവെന്നും മകന് വീല്‍ചെര്‍ ആവശ്യമായി വരുമെന്നും മനസിലാക്കി. ഇക്കാര്യം കൂടിയായപ്പോള്‍ തങ്ങള്‍ മാനസികമായി തകര്‍ന്നിരുന്നുവെന്നും എങ്കിലും എങ്ങനെയോ പിടിച്ചുനിന്നുവെന്നും സത്യ പറഞ്ഞു. 

2014ലാണ് സത്യ നദെല്ല മൈക്രോസോഫ്റ്റ് സിഇഒ ആയി ചുമതലയേല്‍ക്കുന്നത്. ഇതിന് ശേഷം ഭിന്നശേഷിക്കാരായ ഉപയോക്താക്കള്‍ക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിനായി പല ഉത്പന്നങ്ങളും പ്രത്യേകമായി രൂപകല്‍പന ചെയ്തിറക്കുന്നതിനും മറ്റും കാര്യമായ ശ്രമങ്ങളാണ് സത്യ നദെല്ല നടത്തിയത്. മകനിലൂടെ ലഭിച്ച അനുഭവമായിരുന്നു സത്യ നദെല്ലയെ ഇതിന് പ്രേരിപ്പിച്ചത്. ദിവ്യ നദെല്ല, താര നദെല്ല എന്നിങ്ങനെ രണ്ട് പെണ്‍മക്കള്‍ കൂടി സത്യ നദെല്ലയ്ക്കുണ്ട്. 

Also Read:- തൃക്കാക്കരയിലെ കുട്ടിക്ക് സംഭവിച്ചത് 'ബാറ്റേർഡ് ഓർ ഷേക്കൻ ബേബി സിൻഡ്രം' എന്ന് ഡോക്ടർമാർ, എന്താണത്?