ഇന്നത്തെ കാലത്ത് ഇരുപതും ഇരുപത്തിയഞ്ചും വയസായവര്‍ വരെ നടുവേദനയെ പറ്റിയും ശരീരവേദനയെ പറ്റിയും പരാതിപ്പെടുന്നത് കാണാറുണ്ട്. പലപ്പോഴും എല്ലുകള്‍ക്ക് ആവശ്യത്തിന് ബലം പോരാതെ വരുന്നത് മൂലമാണ് ചെറുപ്പക്കാരില്‍ പോലും ഇത്തരത്തില്‍ നടുവേദനയും സന്ധിവേതനയും ശരീരവേദനയുമൊക്കെയുണ്ടാകുന്നത്. 

എല്ലിനെ ബലപ്പെടുത്താന്‍ ബോധപൂര്‍വ്വം ശ്രമിച്ചിട്ട് കാര്യമുണ്ടോയെന്ന ചോദ്യമായിരിക്കാം ഒരുപക്ഷേ അടുത്ത ഘട്ടത്തില്‍ നിങ്ങളുടെ ഉള്ളില്‍ നിന്നുയരുന്ന ചോദ്യം. അതിനും മാര്‍ഗങ്ങളുണ്ട് എന്നാണ് ഉത്തരം. ജന്മനാ ഒരാളിലുണ്ടാകുന്ന സവിശേഷതകള്‍ക്ക് പുറമെ പല വഴികളിലൂടെ ശാരീരികമായി നേടാവുന്ന ശക്തിയുണ്ട്. 

ഇവിടെ എല്ലിനെ ബലപ്പെടുത്താന്‍ ചെയ്യേണ്ട ഏഴ് കാര്യങ്ങളെക്കുറിച്ചാണ് ഇനി നമ്മള്‍ ചര്‍ച്ച ചെയ്യുന്നത്. 

ഒന്ന്...

ധാരാളം പച്ചക്കറികള്‍ ഡയറ്റിലുള്‍പ്പെടുത്തുക. എല്ലിനെ ബലപ്പെടുത്താന്‍ കോശങ്ങളുടെ വളര്‍ച്ചയ്ക്ക് ഇവ ഏറെ സഹായകമാകും. പച്ചക്കറികളില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍- സിയില്‍ നിന്നുള്ള ആന്റി ഓക്‌സിഡന്റ് എഫക്ടുകള്‍ എല്ലിലെ കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിച്ചുനിര്‍ത്തുകയും ചെയ്യുന്നു. 

 

 

പച്ചയും മഞ്ഞയും നിറങ്ങളുള്ള പച്ചക്കറികളും തെരഞ്ഞെടുത്ത് കഴിക്കുക. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ -കെ എല്ലിനെ ബലപ്പെടുത്തുന്ന പ്രധാന ഘടകമാണ്. 

രണ്ട്...

വിറ്റാമിന്‍- ഡിയും എല്ലിന്റെ ആരോഗ്യത്തിന് അവശ്യം വേണ്ട ഘടകമാണ്. സൂര്യപ്രകാശത്തില്‍ നിന്നാണ് വിറ്റാമിന്‍-ഡി എളുപ്പത്തില്‍ കിട്ടാന്‍ സാധ്യതയുള്ളത്. എന്നാല്‍ നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്നത് പലപ്പോഴും സൂര്യാതപത്തിന് ഇടയാക്കുമെന്നതിനാല്‍ ഇക്കാര്യത്തില്‍ അല്‍പം കരുതല്‍ കൂടി വേണ്ടതുണ്ട്. 

എന്നാല്‍ വിറ്റാമിന്‍-ഡി അടങ്ങിയ ഭക്ഷണം നിങ്ങള്‍ക്ക് എളുപ്പത്തില്‍ ഡയറ്റിലുള്‍പ്പെടുത്താവുന്നതാണ്. ഫാറ്റി ഫിഷ്, കൂണ്‍, ബ്രക്കോളി, ഇലക്കറികള്‍, ചീസ്. പാല്‍ എന്നിവയെല്ലാം ഇവയില്‍ ചിലത് മാത്രം. 

മൂന്ന്...

കാത്സ്യം എല്ലിന്റെ ബലത്തിന് എത്രത്തോളം പ്രധാനമായ ഘടകമാണെന്ന് പറയാതെ തന്നെ നിങ്ങള്‍ക്കറിയാവുന്ന കാര്യമാകാം. 

 

 

അതിനാല്‍ കാത്സ്യം അടങ്ങിയ ഭക്ഷണം കഴിക്കാന്‍ പ്രത്യേകം കരുതുക. ഒരു ശരാശരി മനുഷ്യന്‍ ആയിരം മില്ലി ഗ്രാം കാത്സ്യമെങ്കിലും ദിവസത്തില്‍ ഭക്ഷണത്തിലൂടെ നേടണമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 

പാല്‍, പാലുത്പന്നങ്ങള്‍, വിവിധ വിത്തുകള്‍, ബീന്‍സ്, ബദാം, പരിപ്പ്, ഇലക്കറികള്‍ എന്നിവയെല്ലാം കാത്സ്യത്തിനായി കഴിക്കാവുന്ന ഭക്ഷണപദാര്‍ത്ഥങ്ങളാണ്. 

നാല്...

അവശ്യം പ്രോട്ടീന്‍ ശരീരത്തിലെത്തിയില്ലെങ്കിലും എല്ലുകള്‍ക്ക് ബലക്ഷയം സംഭവിക്കാം. എല്ലുകളുടെ 50 ശതമാനതത്തോളം വരുന്നത് പ്രോട്ടീന്‍ ആണ്. അപ്പോള്‍ പ്രോട്ടീനിന്റെ പ്രാധാന്യം എത്രത്തോളം വരുമെന്ന് മനസിലാക്കുന്നുണ്ടല്ലോ! പ്രോട്ടീനിന്റെ അഭാവം എല്ലുകള്‍ പൊട്ടുന്നതിനാണ് പ്രധാനമായും കാരണമാകുന്നത്. 

 

 

ഇനി പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം. നട്ട്‌സ്, വിവിധ വിത്തുകള്‍, മുട്ട, പാല്‍, പാലുത്പന്നങ്ങള്‍, പരിപ്പ്, ചിക്കന്‍- ഇങ്ങനെ പല ഭക്ഷണങ്ങളും പ്രോട്ടീന്‍ സമ്പുഷ്ടമാണ്. ഇവ തെരഞ്ഞെടുത്ത് തീര്‍ച്ചയായും ഡയറ്റിലുള്‍പ്പെടുത്തുക. 

അഞ്ച്...

എപ്പോഴും ഓരോ വ്യക്തിയും അവരവരുടെ ശരീരഘടനയ്ക്കും ജീവിതരീതിക്കും അനുസരിച്ച് വ്യായാമമുറകളിലേര്‍പ്പെടേണ്ടതുണ്ട്. അനാവശ്യമായി ശരീരത്തിലടിഞ്ഞുകിടക്കുന്ന കൊഴുപ്പിനെ എരിച്ചുകളയലും നിര്‍ബന്ധം തന്നെ. പ്രായമാകും തോറും എല്ലുകളുടെ ബലം ക്ഷയിച്ചുവരുന്നതിനെ ഒരു പരിധി വരെ തടയാനും, എല്ലുകള്‍ ഉണ്ടായിവരുന്നതിനും ഇത് ഏറെ സഹായകരമാകും. 

ആറ്...

പ്രായത്തിന് അനുസരിച്ച ശരീരഭാരം സൂക്ഷിക്കുക. അമിതവണ്ണമുള്ളവരില്‍ പലപ്പോഴും എല്ലിന് ബലക്ഷയം കാണാറുണ്ട്. 

 

 

താങ്ങാനാകാത്ത ഭാരം സ്ഥിരമായി തൂക്കുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. അതുപോലെ തന്നെ പ്രധാനമാണ് പ്രായത്തിനനുസരിച്ച് വണ്ണമില്ലാതെ പോകുന്നതും. അക്കാര്യവും ശ്രദ്ധിക്കുക. 

ഏഴ്...

മഗ്നീഷ്യം- സിങ്ക് എന്നീ ഘടകങ്ങളും എല്ലിന് അവശ്യം വേണ്ടവയാണ്. അതിനാല്‍ ഇവയടങ്ങിയ ഭക്ഷണവും ഡയറ്റിലുള്‍പ്പെടുത്തുക. നട്ട്‌സ്, വിവിധ വിത്തുകള്‍, അവക്കാഡോ, ഫാറ്റി ഫിഷ്, നേന്ത്രപ്പഴം എന്നിവയെല്ലാം ഇത്തരത്തിലുള്ള ഭക്ഷണങ്ങളാണ്.