രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയർന്നു നിൽക്കുന്ന അവസ്ഥയാണ് പ്രമേഹം. ഇതിന്റെ കാരണം, ശരീരത്തിന് ആവശ്യത്തിനുള്ള ഇൻസുലിൻ ഉൽപാദിപ്പിക്കാനാവാതെ വരുന്നതാണ്. ഇൻസുലിൻ ആണ് ശരീരത്തിലെ പ ഞ്ചസാരയെ എനർജിയാക്കി മാറ്റാനും അധികമുള്ള ഗ്ലൂക്കോസിനെ സംഭരിച്ചു വയ്ക്കാനും സഹായിക്കുന്നത്.

കഠിനമായ ക്ഷീണം, ശരീരഭാരം കുറയുക, അമിതമായ ദാഹം, വിശപ്പ്, കൂടെക്കൂടെ മൂത്രമൊഴിക്കാൻ തോന്നുക, രാ ത്രിയിൽ മൂന്ന് – നാലു തവണ മൂത്രമൊഴിക്കുക, മുറിവുകൾ ഉണങ്ങാതിരിക്കുക ഇവയാണ് പ്രമേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആദ്യഘട്ടത്തിലെ സൂചനകൾ അഥവാ ആദ്യ ലക്ഷണങ്ങൾ. എന്നാൽ പ്രമേഹരോഗത്തിന്റെ കാര്യത്തിൽ സാധാരണഗതിയിൽ മിക്കയാളുകൾക്കും തുടക്കത്തിൽ ഈ സൂചനകൾ പ്രകടമായെന്നു വരില്ല. പ്രമേഹം നിയന്ത്രിക്കാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നോക്കാം.

ഒന്ന്...

തുടർച്ചയായി ശരീരത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുക. ഇത് ദിനംപ്രതിയായാൽ നല്ലത്. പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇത് നല്ലതാണ്. മൂന്ന് മാസത്തിലൊരിക്കൽ ഡോക്ടറെ കാണുകയും വേണം.

രണ്ട്...

ഭക്ഷണത്തിൽ കാർബോഹൈട്രേറ്റ് കുറയ്ക്കുന്നതിന് ആവശ്യമായ മുൻകരുതൽ സ്വീകരിക്കുക. ഇതിനായി പച്ചക്കറികളും ആവശ്യമായ നാരുകളുമുള്ള ഭക്ഷണം ശീലമാക്കണം. നാരുകളുള്ള ഭക്ഷണത്തിന് കാർബോഹൈട്രേറ്റിനെ വലിച്ചെടുക്കാനും ഗ്ലൈസിമിക് ഇൻഡക്സിനെ നിയന്ത്രിക്കാനും കഴിയും. അതിനാൽ പ്രമേഹരോഗികൾ ഇക്കാര്യം ശ്രദ്ധിക്കണം.

മൂന്ന്...

ആരോഗ്യത്തിന് ആവശ്യമായ ഭക്ഷണ ക്രമീകരണം നടത്തുക. വിവിധ ഭക്ഷണങ്ങൾ കഴിക്കുംമുമ്പ് അതിൽ അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റ്, പഞ്ചസാര എന്നിവയെക്കുറിച്ച് ബോധ്യമുണ്ടായിരിക്കണം. വാഴപ്പഴങ്ങൾ, കട്ടത്തൈര്, സോസ്, കച്ചപ്പ് തുടങ്ങിയവ ഒഴിവാക്കുക അഭികാമ്യം.

മൂന്ന്...

നടത്തം ശീലമാക്കുക. എല്ലാദിവസവും നടക്കുന്നത് പ്രമേഹനിയന്ത്രണത്തിനും ഹൃദയ സംബന്ധമായ അസുഖങ്ങൾ ഒഴിവാക്കുന്നതിനും നല്ലതാണ്. ദിവസം 25 മിനിറ്റ് നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുെട അളവ് നിയന്ത്രിക്കപ്പെടുന്നതിനും ഗുണം ചെയ്യും.

നാല്...

പ്രമേഹം കണ്ണുകളെ ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക. പ്രമേഹ ബാധിതർ വർഷത്തിൽ ഒരിക്കൽ കണ്ണുകൾ പരിശോധനയ്ക്ക് വിധേയമാക്കണം. കണ്ണിന്റെ റെറ്റിനയുടെ പ്രവർത്തനം തകരാറിലാകാൻ സാധ്യതയുള്ളതിനാലാണിത്. പ്രമേഹ ബാധിതരിൽ തിമിരവും ഗ്ലൂക്കോമയും വരാനുള്ള സാധ്യതയും കൂടുതലാണ് എന്നുമറിയുക.

അഞ്ച്...

വൃക്ക പരിശോധന നടത്തുക. പ്രമേഹരോഗികളിൽ വൃക്ക രോഗം പിടിപെടാനുള്ള സാധ്യത കൂടുതലായതിനാൽ വൃക്കയുടെ പ്രവർത്തനം പരിശോധിക്കണം. എന്നാൽ പ്രാരംഭത്തിലെ ഇത്തരം പ്രശ്നങ്ങൾ കണ്ടെത്തിയാൽ ചികിത്സയിലൂടെ അവയെ മറികടക്കാം.

ആറ്...

കാൽപ്പാദങ്ങളെ ദിനംപ്രതി നിരീക്ഷിക്കുകയും വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുക. പ്രമേഹ ബാധിതരുടെ കാലിനുണ്ടാകുന്ന മുറിവുകൾ ഗുരുതരമാകാനും വ്രണങ്ങളാകാനുമുള്ള സാധ്യതയുള്ളതിനാൽ പാദങ്ങളെ പരിചരിക്കുകയും സുരക്ഷിതമാക്കുകയും ചെയ്യുക.