കടുത്ത നടുവേദനയാണ്, ഡിസ്‌ക് തെറ്റിയതാണ് എന്നെല്ലാം പലരും പറഞ്ഞ് കേള്‍ക്കാറില്ലേ? പലപ്പോഴും പലവിധത്തിലുള്ള തെറ്റിദ്ധാരണകളും ഡിസ്‌ക് തെറ്റുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നതായി കാണാറുണ്ട്. ഒരുപക്ഷേ 'ഡിസ്‌ക് തെറ്റുക' എന്ന പ്രയോഗത്തില്‍ പോലും ചില പ്രശ്‌നങ്ങളുണ്ട്. 

ആകെ 23 ഡിസ്‌കാണ് നമ്മുടെ നട്ടെല്ലിലുള്ളത്. ഓരോന്നിന് പുറത്തും കട്ടിയുള്ള ഒരാവരണം കാണും. ഇതിന് നടുക്കായി ജെല്ലി പരുവത്തിലുള്ള ഒരു പദാര്‍ത്ഥവും കാണപ്പെടുന്നുണ്ട്. നട്ടെല്ലിനെ പുറത്തുനിന്നുള്ള ആഘാതങ്ങളില്‍ നിന്ന് സുരക്ഷിതമാക്കുന്ന ജോലിയാണ് പ്രധാനമായും ഡിസ്‌കുകള്‍ ചെയ്യുന്നത്. 

എന്നാല്‍ ചില ഘട്ടങ്ങളില്‍ ഈ ഡിസ്‌കുകള്‍ക്ക് അതിന്റെ ഘടന നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകാം. ജനിതകമായ ഘടകങ്ങള്‍, പ്രായാധിക്യം, അമിതവണ്ണം, വ്യായാമമില്ലാത്ത അലസമായ ലൈഫ്‌സ്റ്റൈല്‍, പുകവലി, നിരന്തരമുള്ള മാനസിക സമ്മര്‍ദ്ദം, ഭാരമുള്ള എന്തെങ്കിലും പിടിച്ചുയര്‍ത്തുക തുടങ്ങി പല കാരണങ്ങള്‍ മൂലം ഇത്തരത്തില്‍ ഡിസ്‌കിന്റെ ഘടനയില്‍ മാറ്റം വരാം. ഈ അവസ്ഥയെയാണ് ഡിസ്‌ക് തെറ്റുക എന്ന് നമ്മള്‍ വിളിക്കുന്നത്. 

സത്യത്തില്‍ ഇരുന്നിരുന്ന സ്ഥലത്ത് നിന്ന് ഡിസ്‌ക് മാറിപ്പോകുന്ന അവസ്ഥയേ അല്ല ഇത്. പലപ്പോഴും ഒരിക്കല്‍ ഡിസ്‌ക് തെറ്റിയാല്‍ ആജീവനാന്തം അത് ശരിയാകില്ല എന്നൊരു സങ്കല്‍പം നമുക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. അതുപോലെ തന്നെ എപ്പോഴായാലും സര്‍ജറിയിലൂടെ മാത്രമേ ഇത് പരിഹരിക്കാനാകൂ എന്നൊരു ചിന്തയുമുണ്ട്. 

ഈ രണ്ട് നിഗമനങ്ങളും തെറ്റാണ്. ഡിസ്‌ക് തെറ്റിയാല്‍ സമയബന്ധിതമായ ചികിത്സ കൊണ്ടും, ജീവിതരീതിയില്‍ വരുത്താവുന്ന മാറ്റങ്ങള്‍ കൊണ്ടുമെല്ലാം ഇത് തീര്‍ത്തും പഴയപടിയിലേക്ക് ആക്കാന്‍ നമുക്കാകും. അതിനാല്‍ ആത്മവിശ്വാസം കൈവിടേണ്ട കാര്യമേയില്ല. രണ്ടാമതായി, ചികിത്സയെ കുറിച്ച് പറയാം. 

ഭൂരിപക്ഷം കേസുകളിലും സര്‍ജറിയുടെ ആവശ്യം വരാറേയില്ലെന്നാണ് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നത്. ഗുരുതരമായ കേസുകളിലോ, സാമ്പ്രദായികമായ ചികിത്സയിലൂടെ ശരിയാക്കിയെടുക്കാനാകാത്ത അവസ്ഥകളിലോ മാത്രമാണ് സര്‍ജറി തുടര്‍ മാര്‍ഗമാകുന്നത്. അല്ലാത്ത പക്ഷം മരുന്ന്, ഫിസിയോതെറാപ്പി, ഇന്‍ജക്ഷന്‍ എന്നിവയിലൂടെയെല്ലാം തകരാര്‍ പരിഹരിക്കാവുന്നതാണ്. 

Also Read:- ഫാറ്റി ലിവർ തടയാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ...