അൾസർ ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണല്ലോ. യുവാക്കൾക്കും മധ്യവയസ്കർക്കുമിടയിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. ആമാശയത്തിനെയും ചെറുകുടലിനെയും അനുബന്ധഭാഗങ്ങളെയുമാണ് രോഗം പ്രധാനമായും ബാധിക്കുക. വയറുവേദനയാണ് രോഗത്തിന്റെ പ്രധാന ലക്ഷണം. 

പൊക്കിളിനു മുകളിലായി നെഞ്ചിനു താഴെ വലതുഭാഗത്തായി ഇടയ്ക്കിടെ വേദനയുണ്ടാകുന്നുവെങ്കിൽ അൾസറിന്റെ ലക്ഷണമായി കരുതാം. ആഹാരം കഴിച്ച് അരമണിക്കൂറിനും ഒരു മണിക്കൂറിനും ഇടയിൽ ഇടയ്ക്കിടെയും സ്ഥിരമായും ഉണ്ടാകുന്ന വേദനയും ഇതിന്റെ ലക്ഷണമാകാം. ചില കാര്യങ്ങൾ അൽപ്പമൊന്ന് ശ്രദ്ധിച്ചാൽ അൾസർ അകറ്റി നിർത്താം...

ഒന്ന്...

എണ്ണയിൽ വറുത്തെടുത്ത ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കുക. അത് ആമാശയത്തെ മാത്രമല്ല ബാധിക്കുക. ഒന്നിൽ കൂടുതൽ രോഗങ്ങൾക്ക് ഇതു കാരണമാകും.

രണ്ട്...

വയറു നിറയെ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. മിതഭക്ഷണവും ഭക്ഷണത്തിനുശേഷം ആവശ്യം വെള്ളവും ശീലമാക്കുക.

മൂന്ന്...

കറികളിൽ മസാലക്കൂട്ടുകൾ മിതമായ അളവിൽ ഉപയോഗിക്കുക. പഴങ്ങളും പച്ചക്കറികളും മറ്റു ഭക്ഷണങ്ങളുടെ കൂടെ കഴിക്കുക. 

നാല്...

എന്തിനും ഏതിനും ടെൻഷൻ എന്ന പതിവുശൈലി മാറ്റുക. അമിത ഉൽകണ്ഠയും മാനസിക സംഘർഷങ്ങളും നിങ്ങളെ അൾസർ രോഗിയാക്കിയേക്കാം. മനസ്സിനെ സ്വന്തം നിയന്ത്രണത്തിൽ നിർത്തുകയാണ് ഏക പരിഹാരം. ഇതിനായി യോഗമുറകളും ധ്യാനവും ശീലമാക്കുക.

അഞ്ച്...

ചായയും കാപ്പിയും ഇടവിട്ട് കുടിക്കുന്ന നിരവധി പേരുണ്ട്.  ചായയും കാപ്പിയുമൊക്കെ ഇടയ്ക്ക് ആകാം. പക്ഷേ പരിധിവിട്ട് വേണ്ട. ചായയുടേയും കാപ്പിയുടേയും അമിത ഉപയോഗം അൾസറിന് കാരണമായേക്കാം.

‌‌‌