ചൈനയിലെ വുഹാൻ നഗരത്തിൽ പടർന്നു പിടിച്ച ന്യൂമോണിയയ്ക്ക് കാരണം പുതിയ ഇനം കൊറോണ വൈറസ് ആണെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. സാധാരണ ജലദോഷം, പനി മുതൽ ഗുരുതരമായ ശ്വാസകോശങ്ങൾക്കു വരെ കാരണമാകുന്ന വൈറസുകളാണ് കൊറോണ വൈറസ് (CoV).

മൃഗങ്ങളിൽ നിന്ന് മനുഷ്യനിലേക്ക് പകരുന്ന (zoonotic) വൈറസുകളാണ് കൊറോണ വൈറസ്. പനി, ചുമ, ശ്വസനപ്രശ്നങ്ങൾ ഇവയെല്ലാമാണ് സാധാരണ ലക്ഷണങ്ങൾ. കൂടുതൽ ഗുരുതരമാകുമ്പോള്‍ ന്യൂമോണിയയ്ക്കും, സിവിയർ അക്യൂട്ട് റസ്പിറേറ്ററി സിൻഡ്രോം, വൃക്കത്തകരാറ് എന്തിനേറെ മരണത്തിനു പോലും കാരണമാകാം. 

മിഡിൽ ഈസ്റ്റ് റസ്പിറേറ്ററി സിൻഡ്രോ(MERS- CoV)മിനും സിവിയർ അക്യൂട്ട് റസ്പിറേറ്ററി സിൻഡ്രോ (SARS- CoV) മിനും കാരണമായതും കൊറോണ വൈറസ് തന്നെയാണെന്നും ലോകാരോഗ്യ സംഘടന വിലയിരുത്തുന്നു. മനുഷ്യരില്‍ മുൻപ് തിരിച്ചറിയപ്പെട്ടിട്ടില്ലാത്ത പുതിയ ഒരിനം കൊറോണ വൈറസ് ബാധയാണ് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്. 

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

ഇടവേളകളില്‍ കൈകൾ കഴുകുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും പൊത്തിപ്പിടിക്കുക, മുട്ടയും ഇറച്ചിയും നന്നായി വേവിക്കുക തുടങ്ങിയവയിലൂടെ ഒരു പരിധിവരെ അണുബാധയെ തടയാൻ സാധിക്കും.