പുരുഷന്മാർ ദിവസവും തക്കാളി കഴിച്ചാൽ ​ബീജത്തിന്റെ ഗുണം മെച്ചപ്പെടുത്താമെന്ന് പഠനം. പുരുഷന്മാർ ദിവസവും രണ്ടോ മൂന്നോ തക്കാളി കഴിക്കുന്നത് ശീലമാക്കണമെന്ന് ഇംഗ്ലണ്ടിലെ ഷെഫീല്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഓങ്കോളജി, മെറ്റബോളിസം വിഭാഗത്തിലെ പുരുഷ പ്രത്യുത്പാദന വിഭാഗം പ്രൊഫസര്‍ അലന്‍ പാസി പറഞ്ഞു. 

തക്കാളിയിലടങ്ങിയിരിക്കുന്ന ലാക്ടോലൈക്കോപീന്‍ എന്ന സംയുക്തമാണ് ഇതിനു സഹായിക്കുന്നത്. പാകം ചെയ്ത തക്കാളിയിലാണ് ഈ സംയുക്തം കാണപ്പെടുക.19നും 30-നും ഇടയില്‍ പ്രായമുള്ള 60 ചെറുപ്പക്കാരിൽ പഠനം നടത്തുകയായിരുന്നു. ബീജത്തിന്റെ വലുപ്പവും ആകൃതിയും മെച്ചപ്പെടുത്തുന്നതിനോടൊപ്പം ചലനവേഗം 40 ശതമാനം വര്‍ധിപ്പിക്കാനും ലൈക്കോപീനിനു കഴിവുണ്ടെന്ന് പ്രൊ. അലന്‍ പാസി പറഞ്ഞു. 

പഠനത്തിനായി തിരഞ്ഞെടുത്തവരെ 12 ആഴ്ചയോളം നിരീക്ഷിച്ചു. പകുതിപ്പേര്‍ക്ക് ലാക്ടോലൈക്കോപീന്‍ അടങ്ങിയ ഭക്ഷണവും ബാക്കിയുള്ളവർക്ക് ഡമ്മി ഗുളികകളും നല്‍കി. പരീക്ഷണത്തിനു തുടക്കത്തിലും അവസാനവും ബീജ, രക്തസാമ്പിളുകള്‍ ശേഖരിച്ചിരുന്നു. 

തക്കാളി കഴിച്ചവരിൽ വലിയ രീതിയിലുള്ള മാറ്റമാണ് കാണാനായതെന്ന് പ്രൊ. അലന്‍ പാസി പറയുന്നു. ചില പച്ചക്കറികളിൽ ലൈക്കോപീന്‍ അടങ്ങിയിട്ടുണ്ടെങ്കിലും തക്കാളിയിലാണ് കൂടുതലായി കാണുന്നതെന്ന് യൂറോപ്യന്‍ ജേണല്‍ ഓഫ് ന്യൂട്രീഷന്‍ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.