മഞ്ഞുകാലത്ത് വളരെ എളുപ്പത്തില്‍, എന്നാല്‍ അത്രയും തന്നെ ഫലപ്രദമായി ചെയ്യാവുന്നൊരു വ്യായാമത്തെ കുറിച്ചാണ് പറയുന്നത്. തണുപ്പുള്ള അന്തരീക്ഷത്തില്‍ മിക്കവര്‍ക്കും വ്യായാമം ചെയ്യുന്നതിന് മടിയായിരിക്കും

വ്യായാമമോ എന്തെങ്കിലും വിധത്തിലുള്ള കായികാധ്വാനമോ ചെയ്യാതിരിക്കുന്നത് പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്കും അസുഖങ്ങളിലേക്കുമെല്ലാമാണ് നമ്മെ നയിക്കുക. വ്യായാമം തന്നെ ഓരോ കാലാവസ്ഥയ്ക്കും അനുസരിച്ച് മാറ്റി മാറ്റി ചെയ്യുന്നതും വളരെ നല്ലതാണ്.

ഇത്തരത്തില്‍ മഞ്ഞുകാലത്ത് വളരെ എളുപ്പത്തില്‍, എന്നാല്‍ അത്രയും തന്നെ ഫലപ്രദമായി ചെയ്യാവുന്നൊരു വ്യായാമത്തെ കുറിച്ചാണ് പറയുന്നത്. തണുപ്പുള്ള അന്തരീക്ഷത്തില്‍ മിക്കവര്‍ക്കും വ്യായാമം ചെയ്യുന്നതിന് മടിയായിരിക്കും. ശരീരത്തിന്‍റെ ജൈവ ക്ലോക്കിന്‍റെ പ്രവര്‍ത്തനം തന്നെ തണുപ്പുകാലത്ത് ബാധിക്കപ്പെടുന്നതിന്‍റെ ഭാഗമായി അലസതയും ഈ കാലാവസ്ഥയില്‍ കൂടുതല്‍ പേരില്‍ കാണാം. 

എന്നാല്‍ മഞ്ഞുകാലത്തും നിങ്ങള്‍ക്ക് എളുപ്പത്തില്‍ ചെയ്യാവുന്ന വ്യായാമമാണ് നടത്തം. ഒന്നാമതായി മഞ്ഞുകാലത്ത് നാം സൂര്യപ്രകാശം ഏല്‍ക്കുന്നത് കുറവായിരിക്കും. ഇതുതന്നെ ഉന്മേഷക്കുറവ്, മാനസികാരോഗ്യപ്രശ്നങ്ങള്‍, ദഹനപ്രശ്നങ്ങള്‍, കുറഞ്ഞ ഉത്പാദനക്ഷമത എന്നിങ്ങനെ പലവിധത്തിലുള്ള പ്രശ്നങ്ങളിലേക്കും നമ്മെ നയിക്കും. 

ഇതൊഴിവാക്കാൻ പകല്‍സമയത്തെ നടത്തം ഉപകരിക്കും. ഒന്നുകില്‍ രാവിലെ വെയിലുള്ള സമയത്തോ, അല്ലെങ്കില്‍ ഉച്ച തിരിഞ്ഞ് വെയിലുള്ള സമയത്തോ വേണം നടക്കാൻ. അര മണിക്കൂര്‍ നേരമെങ്കിലും നന്നായിട്ടൊന്ന് നടക്കണം. ഇത് ഉന്മേഷം കൂട്ടാനും, അലസതയെ മറികടക്കാനും, മാനസികാരോഗ്യപ്രശ്നങ്ങളെ പ്രതിരോധിക്കാനുമെല്ലാം സഹായിക്കും. 

ഇത്തരത്തില്‍ മഞ്ഞുകാലത്തെ നടപ്പുകൊണ്ടുള്ള ആരോഗ്യഗുണങ്ങളെ കുറിച്ച് വിശദമായി മനസിലാക്കാം...

മാനസികാരോഗ്യം...

നേരത്തേ സൂചിപ്പിച്ചത് പോലെ മാനസികാരോഗ്യപ്രശ്നങ്ങളെ മറികടക്കുന്നതിനോ പ്രതിരോധിക്കുന്നതിനോ ഇത് വളരെയധികം സഹായിക്കും. മൂഡ് ഡിസോര്‍ഡര്‍, ഉത്കണ്ഠ, മുൻകോപം, വിഷാദം പോലുള്ള പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്കെല്ലാം തന്നെ മികച്ച ഫലം നടത്തമുണ്ടാക്കും. 

തലച്ചോറിന്‍റെ പ്രവര്‍ത്തനം ഒരുപാട് മെച്ചപ്പെടുത്തുന്നതിന് നടത്തം സഹായിക്കും. കാരണം നടക്കുമ്പോള്‍ തലച്ചോറിലേക്കുള്ള രക്തപ്രവാഹവും സജീവമാവുകയാണ്. ഇത് മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം ഉത്പാദനക്ഷമത കൂട്ടുകയും ക്രിയാത്മകമായ കാര്യങ്ങളില്‍ മടി കൂടാതെ പങ്കാളിയാകാൻ നമ്മെ സഹായിക്കുകയും ചെയ്യും.

ഉറക്കം...

പതിവായി ഉറക്കപ്രശ്നങ്ങള്‍ നേരിടുന്നവരാണെങ്കില്‍ അവര്‍ക്ക് ഈ പ്രശ്നം മറികടക്കുന്നതിനും നടത്തം സഹായിക്കും. സെറട്ടോണിൻ എന്ന ഹോര്‍മോണിന്‍റെ ഉത്പാദനം വര്‍ധിപ്പിക്കുന്നത് വഴിയാണ് നടത്തം നമുക്ക് സുഖകരമായ ഉറക്കം ഉറപ്പുവരുത്തുന്നത്. മാനസികമായ സ്വസ്ഥിയും സന്തോഷവും നല്‍കാൻ സെറട്ടോണിൻ എന്ന ഹോര്‍മോണിന് സാധിക്കുന്നു. കൂടാതെ നാച്വറല്‍ ആയ വെളിച്ചം ഏല്‍ക്കുന്നതും നമ്മുടെ ഉറക്കത്തെ വലിയ അളവില്‍ സ്വാധീനിക്കും.

വൈറ്റമിൻ ഡി...

ഇന്ന് മിക്കവരും നേരിടുന്നൊരു ആരോഗ്യപ്രശ്നമാണ് വൈറ്റമിൻ ഡി കുറവ്. ഇത് നിത്യജീവിതത്തില്‍ പലവിധത്തിലുള്ള ശാരീരിക- മാനസികാരോഗ്യപ്രശ്നങ്ങളാണ് നമ്മളിലുണ്ടാക്കുക. ആവശ്യത്തിന് സൂര്യപ്രകാശമേല്‍ക്കാത്തതാണ് വൈറ്റമിൻ ഡി കുറവ് സംഭവിക്കുന്നതിന് കാരണമാകുന്നത്. മഞ്ഞുകാലത്ത് ഈ പ്രശ്നം കുറെക്കൂടി രൂക്ഷമാകും. കാരണം നേരത്തേ സൂചിപ്പിച്ചത് പോലെ സൂര്യപ്രകാശം കുറവായിരിക്കുമെന്നതും ആളുകള്‍ മടി പിടിച്ച് പുറത്തിറങ്ങാതിരിക്കുമെന്നതും ആണ്. ഈ പ്രശ്നം ഒഴിവാക്കാനും മഞ്ഞുകാലത്ത് പകല്‍സമയം നടക്കുന്നത് സഹായിക്കും. 

എല്ലുകള്‍ക്കും സന്ധികള്‍ക്കും...

പലര്‍ക്കും തണുപ്പുകാലമായാല്‍ എല്ലുകളിലും സന്ധികളിലും വേദന പതിവാകാറുണ്ട്. ഇവ ലഘൂകരിക്കാനും ചെറിയ നടത്തം നല്ലതാണ്. എന്നാല്‍ എല്ലിനോ സന്ധികള്‍ക്കോ എന്തെങ്കിലും കാര്യമായ പരുക്കോ പ്രശ്നമോ പറ്റിയിട്ടുള്ളവരാണെങ്കില്‍ നടത്തം പതിവാക്കുന്നതിന് മുമ്പ് ഡോക്ടറോട് നിര്‍ദേശം തേടിയിരിക്കണം. 

ശ്വാസകോശത്തിന്...

തണുപ്പുള്ള അന്തരീക്ഷത്തില്‍ നടക്കുന്നത് ശ്വാസകോശത്തിന്‍റെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കും. ഇത് ശ്വാസകോശസംബന്ധമായ ചെറിയ ബുദ്ധിമുട്ടുകളെ ലഘൂകരിക്കാൻ സഹായിക്കും. നടക്കുമ്പോള്‍ കൂടുതല്‍ ഓക്സിജൻ ശ്വസിക്കുന്നതിലൂടെയാണ് ഇത് സംഭവിക്കുന്നത്. 

ബിപി...

ബിപി (ബ്ലഡ് പ്രഷര്‍ അഥവാ രക്തസമ്മര്‍ദ്ദം) കുറയ്ക്കുന്നതിനും മഞ്ഞുകാലത്തെ നടത്തം സഹായിക്കുന്നു. ഇത് വളരെ പ്രധാനമാണ്. കാരണം ബിപി നിയന്ത്രിക്കപ്പെടുന്നില്ല എങ്കില്‍ അത് ഹൃദയത്തെ അടക്കം ദോഷകരമായി ബാധിക്കുകയും ജീവന് തന്നെ ഭീഷണിയാവുകയും ചെയ്യാം. നടക്കുമ്പോള്‍ രക്തയോട്ടം വര്‍ധിക്കുകയും, ബിപി കുറയുകയും ഹൃദയം സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്യും. 

Also Read:- ബിപിയുണ്ടോ? എങ്കില്‍ പതിവായി രാവിലെ ചെയ്യാവുന്ന ചില കാര്യങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo