സ്രവകണങ്ങള്‍ തെറിച്ച പ്രതലങ്ങളില്‍ നമ്മള്‍ സ്പര്‍ശിക്കുകയും, അതേ കൈകള്‍ കൊണ്ട് പിന്നീട് വായിലോ മൂക്കിലോ കണ്ണിലോ തൊടുകയും ചെയ്യുന്നതിലൂടെയും കൊവിഡ് പകര്‍ന്നുകിട്ടുന്നുണ്ട്. അങ്ങനെയെങ്കില്‍ മറ്റിടങ്ങളില്‍ സ്പര്‍ശിച്ച ശേഷം വായിലും മൂക്കിലും കണ്ണിലുമൊന്നും തൊടാതിരിക്കുന്നതിലൂടെയും രോഗവ്യാപനത്തെ ചെറുത്തുകൂടേ എന്ന ചോദ്യം സ്വാഭാവികമായും ഉയര്‍ന്നിരുന്നു

കൊവിഡ് 19 വ്യാപമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ എത്തരത്തിലെല്ലാമാണ് ഇത് ആളുകളിലേക്ക് പകരുന്നത് എന്നത് സംബന്ധിച്ച അടിസ്ഥാനപരമായ അവബോധം ഇിതനോടകം എല്ലാവര്‍ക്കും ലഭിച്ചിട്ടുണ്ടായിരിക്കും. രോഗിയുടെ വായില്‍ നിന്നും മൂക്കില്‍ നിന്നുമെല്ലാം പുറത്തേക്കെത്തുന്ന സ്രവകണങ്ങള്‍ നമ്മളിലേക്കെത്തുന്നതിലൂടെയാണ് പ്രധാനമായും കൊവിഡ് പകരുന്നതെന്ന് നമുക്കറിയാം. 

ഇതിന് പുറമെ സ്രവകണങ്ങള്‍ തെറിച്ച പ്രതലങ്ങളില്‍ നമ്മള്‍ സ്പര്‍ശിക്കുകയും, അതേ കൈകള്‍ കൊണ്ട് പിന്നീട് വായിലോ മൂക്കിലോ കണ്ണിലോ തൊടുകയും ചെയ്യുന്നതിലൂടെയും കൊവിഡ് പകര്‍ന്നുകിട്ടുന്നുണ്ട്. അങ്ങനെയെങ്കില്‍ മറ്റിടങ്ങളില്‍ സ്പര്‍ശിച്ച ശേഷം വായിലും മൂക്കിലും കണ്ണിലുമൊന്നും തൊടാതിരിക്കുന്നതിലൂടെയും രോഗവ്യാപനത്തെ ചെറുത്തുകൂടേ എന്ന ചോദ്യം സ്വാഭാവികമായും ഉയര്‍ന്നിരുന്നു. 

ഇത്തരത്തില്‍ പരമാവധി സ്പര്‍ശനം ഒഴിവാക്കി പരിശീലിക്കുന്നതിനെ കുറിച്ച് കൊവിഡ് വ്യാപകമായ ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ സൂചിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അത്ര ഫലപ്രദമായ ഒരു പ്രതിരോധമാര്‍ഗമല്ലെന്നത് കൊണ്ട് തന്നെ ഈ രീതിയിലുള്ള ബോധവത്കരണത്തിന് പിന്നീട് പ്രാധാന്യം നല്‍കിയതുമില്ല. 

എന്നാല്‍ ഇതിനോട് ചേര്‍ത്തുവായിക്കാവുന്ന ഒരു പഠനറിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സ്ഥിരമായി കണ്ണട ഉപയോഗിക്കുന്നവരില്‍ കൊവിഡ് ബാധിക്കാനുള്ള സാധ്യത ചെറിയ പരിധി വരെ കുറയുമെന്നാണ് ഈ പഠനം അവകാശപ്പെടുന്നത്. ചൈനയില്‍ നിന്നുള്ള വിദഗ്ധരാണ് പഠനത്തിന് പിന്നില്‍. 'ജമാ ഒപ്താല്‍മോളജി' എന്ന ആരോഗ്യ പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നത്. 

നിരീക്ഷണതലത്തില്‍ നിന്നുകൊണ്ട് മാത്രം സംഘടിപ്പിച്ച പഠനമാണിതെന്നും ഈ വിഷയത്തില്‍ കൂടുതലായ പഠനങ്ങള്‍ ഇനിയും വരേണ്ടിയിരിക്കുന്നുവെന്നും ഗവേഷകര്‍ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. പതിവായി കണ്ണട ഉപയോഗിക്കുന്നവര്‍ കണ്ണുകളില്‍ സ്പര്‍ശിക്കാനുള്ള സാധ്യത വളരെ കുറവാണെന്നും ഈ തോതില്‍ മാത്രമാണ് കൊവിഡ് പകരാതിരിക്കുകയെന്നും പഠനം പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു. അതായത്, കണ്ണട ധരിക്കുന്നത് കൊണ്ട് കൊവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാനാവില്ലെന്ന് സാരം. മാസ്‌ക് ധരിക്കുക, സാമൂഹികാകലം പാലിക്കുക, ഇടവിട്ട് കൈകള്‍ വൃത്തിയാക്കുക എന്നിങ്ങനെയുള്ള പ്രതിരോധമാര്‍ഗങ്ങള്‍ മാത്രമേ തുടര്‍ന്നും അവലംബിക്കാവൂ എന്നും ഗവേഷകര്‍ ഓര്‍മ്മിപ്പിക്കുന്നു.

Also Read:- വൈറസ് നിർമ്മിച്ചത് വുഹാനിലെ ലാബിലെന്ന് പറഞ്ഞ വൈറോളജിസ്റ്റിന്‍റെ അക്കൗണ്ട് മരവിപ്പിച്ച് ട്വിറ്റർ...