റഷ്യയിലെ സൈബീരിയൻ മേഖലയിലെ മഞ്ഞുപാളികൾക്കടിയിൽനിന്നെടുത്ത മണ്ണിൽനിന്ന് 13 വൈറസുകളെ ആണ് യൂറോപ്യൻ ഗവേഷകർ കണ്ടെത്തിയത്. ഇതിലൊന്നിന് 48,500 വർഷം പഴക്കമുണ്ട്. 

48,500 വര്‍ഷം പഴക്കമുള്ള 'സോംബി വൈറസ്'-നെ പുനരുജ്ജീവിപ്പിച്ച് ഗവേഷകര്‍. കാലാവസ്ഥാവ്യതിയാനത്താലും ആഗോളതാപനത്താലും ഹിമാനികൾ ഉരുകാൻ തുടങ്ങിയതോടെ മാനവരാശിക്ക് ഭീഷണിയായേക്കാവുന്ന വൈറസുകൾ മഞ്ഞുപാളികൾക്കിടയിൽനിന്ന് പുറത്തുവരുകയായിരുന്നു. റഷ്യയിലെ സൈബീരിയൻ മേഖലയിലെ മഞ്ഞുപാളികൾക്കടിയിൽനിന്നെടുത്ത മണ്ണിൽനിന്ന് 13 വൈറസുകളെ ആണ് യൂറോപ്യൻ ഗവേഷകർ കണ്ടെത്തിയത്. ഇതിലൊന്നിന് 48,500 വർഷം പഴക്കമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

സൈബീരിയയിലെ തടാകത്തിന്‍റെ അടിത്തട്ടില്‍ ഖനീഭവിച്ചു കിടന്നതാണിത്. നിർജീവമായ വൈറസുകളെ ഗവേഷകർ പുനരുജ്ജീവിപ്പിക്കുകയായിരുന്നു. രോഗകാരികളായ ഇവയ്ക്ക് ‘സോംബി വൈറസുകൾ’എന്നാണ് ഗവേഷകര്‍ നല്‍കിയ പേര്. 

പെര്‍മാഫ്രോസ്റ്റുകളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ നിന്നാണ് 13 സോംബി വൈറസുകളെ പുനരുജ്ജീവിപ്പിച്ചത്.
വര്‍ഷങ്ങളായി പൂജ്യം ഡിഗ്രി സെല്‍ഷ്യസില്‍ താഴെ താപനിലയില്‍ പൂര്‍ണമായും തണുത്തുറഞ്ഞുകിടക്കുന്ന മണ്ണിനെയാണ് പെര്‍മാഫ്രോസ്റ്റ് എന്ന് പറയുന്നത്. കാലാവസ്ഥാവ്യതിയാനവും ആഗോളതാപനവും ആണ് പെര്‍മാഫ്രോസ്റ്റുകള്‍ ഉരുകാന്‍ കാരണം. മീഥേയ്ൻപോലുള്ള ഹരിതഗൃഹവാതകങ്ങൾ അന്തരീക്ഷതാപനില വർധിപ്പിക്കുന്നത് ഹിമാനികൾ ഉരുകാനും പതിനായിരക്കണക്കിനു വർഷങ്ങൾക്കുമുമ്പ് ഖനീഭവിച്ചുപോയ രോഗകാരികളുൾപ്പെടെ പുറത്തുചാടാനും കാരണമാകും.

അതേസമയം, തങ്ങൾ പഠിച്ച വൈറസുകൾ സ്വാഭാവികമായി പുനരുജ്ജീവിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് റഷ്യ, ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽനിന്നുള്ള ഗവേഷണസംഘം വ്യക്തമാക്കി. പക്ഷേ, മനുഷ്യരെയും മറ്റു ജീവികളെയും ബാധിക്കാൻ സാധ്യതയുള്ള വൈറസുകൾ പുനരുജ്ജീവിച്ചാൽ മാരകമായ രോഗങ്ങളുണ്ടാകാൻ സാധ്യയുണ്ടെന്നും ഗവേഷകര്‍ സൂചന നല്‍കി.

Also Read: ദഹനം മുതല്‍ ഹൃദയാരോഗ്യം വരെ; അറിയാം മുരിങ്ങയിലയുടെ ഗുണങ്ങള്‍...