മാഞ്ചസ്റ്റര്‍: 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോകക്രിക്കറ്റിന്‍റെ മുഖം മാറ്റിയ ടി ട്വന്‍റി ക്രിക്കറ്റ് കളി ആരാധകര്‍ക്ക് മറക്കാനാകില്ല. വിശേഷിച്ചും ക്രിക്കറ്റിലെ ഏറ്റവും ആവേശകരമായ ഇന്ത്യ-പാക്കിസ്ഥാന്‍ ഫൈനല്‍ പോരാട്ടം. ദക്ഷിണാഫ്രിക്കന്‍ മണ്ണിനെ പുളകമണിയിച്ച ആദ്യ ടി ട്വന്‍റി കിരിടപോരാട്ടം അത്യന്തം ആവേശകരമായിരുന്നു.

കിരീടം പാക്കിസ്ഥാന്‍ കൈപ്പിടിയിലാക്കുമെന്ന് തോന്നിക്കുന്നതായിരുന്നു പാക് നായകന്‍ മിസ്ബാ ഉള്‍ ഹഖിന്‍റെ പോരാട്ടം. ഇന്ത്യ ഉയര്‍ത്തിയ 158 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്ക് ഏറക്കുറെ ഒറ്റയ്ക്ക് നീങ്ങുകയായിരുന്നു മിസ്ബ. അവസാന ഓവറില്‍ കിരീടം നേടാന്‍ പാക്കിസ്ഥാന് വേണ്ടിയിരുന്നത് 13 റണ്‍സായിരുന്നു. ആദ്യ പന്ത് വൈഡായപ്പോള്‍ ലക്ഷ്യം ഒരോവറില്‍ 12 ആയി കുറഞ്ഞു. ജോഗീന്ദര്‍ ശര്‍മയുടെ അടുത്ത പന്തില്‍ മിസ്ബയ്ക്ക് റണ്‍സെടുക്കാനായില്ല. തൊട്ടടുത്ത പന്ത് അതിര്‍ത്തിക്ക് മുകളിലൂടെ പറന്നപ്പോള്‍ ഇന്ത്യന്‍ ആരാധകരുടെ നെഞ്ചിടിപ്പ് വര്‍ധിച്ചു. നാല് പന്തില്‍ ആറ് റണ്‍സ് എന്ന നിലയില്‍ വിജയത്തിന് തൊട്ടടുത്ത് നില്‍ക്കെ പാക് നായകന് പിഴച്ചു. 

ജോഗീന്ദറിന്‍റെ പന്ത് മുന്നിലേക്ക് കയറി പിന്നിലേക്ക് ഉയര്‍ത്തിവിടാന്‍ ശ്രമിച്ച സ്കൂപ്പ് ഷോട്ട് മിസ്ബയ്ക്ക് പിഴച്ചപ്പോള്‍ പാക്കിസ്ഥാന് നഷ്ടമായത് ആദ്യ ടി ട്വന്‍റി ലോക കിരീടമായിരുന്നു. ഒരു വ്യാഴവട്ടത്തിനിപ്പുറം വീണ്ടും ഇന്ത്യാ-പാക്ക് പോരാട്ടം ആരാധകരെ ത്രസിപ്പിക്കുമ്പോള്‍ ഇന്ത്യന്‍ ഉപനായകനും അതേ ഷോട്ടില്‍ പിഴവ് പറ്റി കൂടാരം കയറേണ്ടിവന്നു. മിസ്ബയ്ക്ക് ടി ട്വന്‍റി ലോക കിരീടമാണ് നഷ്ടമായതെങ്കില്‍ രോഹിതിന് നഷ്ടമായത് നാലാം ഡബിള്‍ സെഞ്ചുറിയാണെന്ന് വേണമെങ്കില്‍ പറയാം.

മാഞ്ചസ്റ്ററിലെ മനോഹരരമായ മൈതാനത്ത് നിറഞ്ഞാടിയ രോഹിത് 140 റണ്‍സ് നേടിയാണ് പുറത്തായത്. വലിയ സ്കോറുകള്‍ നേടി കഴിഞ്ഞാല്‍ ഡബിള്‍ സെഞ്ചുറി കണ്ടെത്തുകയെന്ന ഹിറ്റ്മാന്‍റെ പതിവ് തെറ്റിയത് പിഴച്ച സ്കൂപ്പ് ഷോട്ടിലായിരുന്നു. ഹസന്‍ അലിയുടെ പന്ത് മുന്നിലേക്ക് കയറി പുറക് വശത്തെ അതിര്‍ത്തിക്ക് മുകളിലൂടെ പറത്താന്‍ ശ്രമിച്ച രോഹിതിന് പിഴച്ചപ്പോള്‍ ആ ഷോട്ട് വഹാബ് റിയാസിന്‍റെ കൈകളില്‍ വിശ്രമിച്ചു. 113 പന്തില്‍ മൂന്ന് തകര്‍പ്പന്‍ സിക്സറുകളടക്കം 140 റണ്‍സ് നേടിയാണ് രോഹിത് മടങ്ങിയത്.

രോഹിത് പുറത്തായത് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

2007 ടി ട്വന്‍റി ഫൈനലില്‍ മിസ്ബയുടെ പുറത്താകല്‍