കരുത്തുറ്റ രണ്ട് സ്‌ത്രീ കഥാപാത്രങ്ങളുടെ സിനിമ. സ്തീപക്ഷ സിനിമയുടെ ചൈനീസ് മേളമാണ് കേരള രാജ്യാന്തര ചലച്ചിത്രോല്‍സവത്തില്‍ ലോക സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച 'ഗേള്‍സ് ഓള്‍വെയ്സ് ഹാപ്പി'. എഴുത്തുകാരായ മകളും(വു‍‍) അമ്മയും(അന്‍) തമ്മിലുള്ള വൈകാരികബന്ധവും ഉള്‍പ്പോരുകളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. അമ്മ- മകള്‍ ബന്ധത്തിന്‍റെ വ്യത്യസ്തമായ അവതരണം.

ബീജിംഗ് നഗരത്തിന്‍റെ പ്രാന്തപ്രദേശങ്ങളില്‍ താമസിക്കുന്ന മൂന്നംഗ മധ്യവര്‍ത്തി കുടുംബം‍. ഇവരിലെ അമ്മയും മകളുമാകുന്ന രണ്ട് സ്ത്രീ കഥാപാത്രങ്ങളിലൂടെയാണ് സിനിമയുടെ മുഴുനീള സഞ്ചാരം. മുത്തച്ഛനുപോലും കാര്യമായ എത്തിനോട്ടമില്ല. ഇടയ്ക്ക് പ്രത്യക്ഷപ്പെടുന്ന മറ്റ് കഥാപാത്രങ്ങളുണ്ടെങ്കിലും തൊണ്ണൂറ് ശതമാനവും വുവും ആനും മാത്രമാണ് സ്‌ക്രീനില്‍. ചിത്രത്തിലെ പ്രധാന കഥാപാത്രമായ വുവിനെ അവതരിപ്പിച്ച യാം മിങ്മിങ് തന്നെയാണ് തിരക്കഥയും സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മിങ്മിങിന്‍റെ ആദ്യ ഫീച്ചര്‍ സിനിമയെന്ന നിലയില്‍ കയ്യടി അര്‍ഹിക്കുന്നുണ്ട് ചിത്രം.

കലയും ജീവിതവും ആഴത്തില്‍ പ്രതിപാദിക്കുന്ന സന്നിവേശ വൈഭവം ചിത്രത്തെ വ്യത്യസ്തമാക്കുന്നു. ആനും വുവും വ്യത്യസ്ത രീതിയില്‍ ചിന്തിക്കുന്ന, സഞ്ചരിക്കുന്ന രണ്ടുപേരാണ്. ഇവര്‍ക്കിടയിലെ ആശയസംഘട്ടനമാണ് ചിത്രത്തിലെ സംഘര്‍ഷങ്ങള്‍. അതിരൂക്ഷമായ വിമര്‍ശനവും ഇവര്‍ക്കിടയില്‍ കടന്നുവരുന്നു. ഇവര്‍ക്കിടയില്‍ ഒരു സാധാരണ കുടംബത്തില്‍ ഉഴചേര്‍ക്കപ്പെടുന്ന കോമഡിയും സ്‌നേഹവും പരിഭവങ്ങളുമെല്ലാം കാണാം. അഭിപ്രായവ്യത്യസ്തതകള്‍ കൊണ്ട് പിണങ്ങുന്നവര്‍ അതിവേഗത്തില്‍ വീണ്ടും ഒന്നാകുന്നു.

ആനും വുവും തമ്മിലുള്ള വൈകാരിക ഏറ്റുമുട്ടലുകള്‍ക്കും ദൈന്യംദിന ജീവിതത്തിനുമിടയിലൂടെ 117 മിനുറ്റ് കാഴ്‌ച്ചക്കാരനെ പിടിച്ചിരുത്താന്‍ ശ്രമിച്ച് ഒടുവില്‍ സന്തോഷത്തോടെ സിനിമ അവസാനിക്കുന്നു. അമ്മ- മകള്‍ ഊഷ്‌മളതയുടെ തിളക്കം ഓരോ സീനിലും കത്തിപ്പടരുന്നുണ്ട്. മനുഷ്യപക്ഷത്ത് നിന്ന് പ്രേക്ഷകനോട് സംസാരിക്കാന്‍ സിനിമക്കായി. അതുകൊണ്ട് സമൂഹത്തെ നയിക്കാന്‍ പ്രാപ്‌തിയുള്ള സ്‌ത്രീയുടെ കഥയായാണ് 'ഗേള്‍സ് ഓള്‍വൈസ് ഹാപ്പി' അനുഭവപ്പെടുന്നത്.  

അവതരണം ലളിതമാണെങ്കിലും കാഴ്‌ച്ചക്കാരനെ പിടിച്ചിരുത്താന്‍ പ്രായസപ്പെടുന്നുണ്ട്. ക്യാമറകൊണ്ടുള്ള വലിയ പരീക്ഷണങ്ങളെല്ലാം അപ്രസക്തമായിരുന്നു. ഏങ്കില്‍പോലും റോഡില്‍ വുവിനെ പിന്തുടരുന്ന ഷോട്ടുകളിലെല്ലാം അസാധ്യ കൈവഴക്കം കാണാനാകുന്നുണ്ട്. വുവിനെ അവതരിപ്പിച്ച 'മിങ്മിങും' ആനായെത്തിയ 'നായ് ആനും' അഭിനയം കൊണ്ട് വല്ലാതെ ഉലയ്ക്കുമ്പോഴും കഥ പറച്ചിലിലെ പതിഞ്ഞതാളവും പശ്ചാത്തല സംഗീതത്തിന്‍റെ കുറവും കാഴ്‌ച്ചക്കാരനെ വലിച്ചിഴയ്ക്കുന്നുണ്ട്.