കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മലയാളം സിനിമ ടുഡെ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഹ്യൂമൻസ് ഓഫ് സംവണിന്റെ വിശേഷങ്ങള്‍ സുമേഷ് ലാല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി പങ്കുവയ്ക്കുന്നു. 

മലയാളിയുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നവരാണ് പത്മരാജന്റെ കഥാപാത്രങ്ങള്‍. ഇന്നലെയിലെ മായയും കൂടെവിടെയിലെ ആലിസിനെയുമൊക്കെ ആരും മറക്കാനിടയില്ല. പക്ഷേ അവരൊക്കെ ഇപ്പോള്‍ എന്തുചെയ്യുകയാകും? ആലോചിക്കുമ്പോള്‍ കൌതുകം നിറഞ്ഞ കാര്യമായിരിക്കും. പക്ഷേ അവരുടെ ഇന്നത്തെ ജീവിത സാഹചര്യങ്ങളും മാനസിക വിചാരങ്ങളെയും കുറിച്ച് കുറച്ച് കൂടി ആഴത്തില്‍ ചിന്തിച്ചാല്‍ അതൊരു ഗഹനമായ വിഷയമാകും. അങ്ങനെയൊരു ആലോചനകള്‍ നടത്താൻ ഒരുങ്ങിക്കോളൂവെന്നാണ് സംവിധായകൻ സുമേഷ് ലാല്‍ പറയുന്നത്. കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മലയാളം സിനിമ ടുഡെ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഹ്യൂമൻസ് ഓഫ് സംവണ്‍ എന്ന സിനിമ പറയുന്നതും ഓര്‍ക്കുന്നതും പത്മരാജന്റെ കഥാപാത്രങ്ങളെ കുറിച്ചാണ്. ഒപ്പം മറ്റൊരു കഥയും.. ഹ്യൂമൻസ് ഓഫ് സംവണിന്റെ വിശേഷങ്ങള്‍ സുമേഷ് ലാല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി പങ്കുവയ്ക്കുന്നു.


ഹ്യൂമൻസ് ഓഫ് സംവണ്‍ പത്മരാജനുള്ള ആദരവ്

എന്താണ് ഹ്യൂമൻസ് ഓഫ് സംവണ്‍ എന്നു ചോദിച്ചാല്‍ ആദ്യത്തെ ഉത്തരം പത്മരാജനുള്ള ആദരവ് എന്നാണ്. പക്ഷേ സിനിമയ്‍ക്ക് മൌലികമായ ഒരു കഥയുണ്ട്. അതിന്റെ പശ്ചാത്തലത്തില്‍ പത്മരാജന്റെ സിനിമകളിലെ കഥാപാത്രങ്ങളും വരുന്നുണ്ട്. ചില കഥകളിലെയും കഥാപാത്രങ്ങളെയും കണക്ട് ചെയ്യുന്നു. എന്തുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത് എന്നത് സിനിമ കണ്ടുകഴിഞ്ഞാല്‍ മാത്രം അറിയാവുന്നതാണ്.


മായയും ആലിസും ഇപ്പോള്‍ എന്തുചെയ്യുകയാകും?

പദ്മാരാജൻ സിനിമകളിലെ കഥാപാത്രങ്ങള്‍ അതേപടി ആവര്‍ത്തിക്കുകയല്ല ഹ്യൂമൻസ് ഓഫ് സംവണ്‍ എന്ന സിനിമ ചെയ്യുന്നത്. പത്മരാജന്റെ സിനിമകള്‍ അവസാനിച്ചതിനു ശേഷം ആ കഥാപാത്രങ്ങള്‍ക്ക് ഒരു ജീവിതമുണ്ടാകുമല്ലോ? സിനിമയ്‍ക്കു പുറത്തുള്ള അവരുടെ ജീവിതമാണ് പറയാൻ ശ്രമിക്കുന്നത്. ഇന്നലെയില്‍ ശോഭന അവതരിപ്പിച്ച മായ, കൂടെവിടെയില്‍ സുഹാസിനി അവതരിപ്പിച്ച ആലിസ്, ദേശാടനക്കിളികള്‍ കരയാറില്ല എന്ന സിനിമയിലെ ഹോസ്റ്റല്‍ വാര്‍ഡൻ, നമുക്ക് പാര്‍ക്കാൻ മുന്തിരിത്തോപ്പുകളിലെ ശാരി അവതരിപ്പിച്ച കഥാപാത്രത്തിന്റെ അനിയത്തി, തൂവാനത്തുമ്പികളില്‍ അശോകൻ അവതരിപ്പിച്ച കഥാപാത്രം, സീസണില്‍ ജഗതി അവതരിപ്പിച്ച ഗൈഡ് എന്നിവരാണ് സിനിമയില്‍ ഉള്ളത്.'


ഹ്യൂമൻസ് ഓഫ് സംവണ്‍ പരീക്ഷണമാണ്, പക്ഷേ..

ഒരു പരീക്ഷണ ചിത്രം തന്നെയാണ് ഹ്യൂമൻസ് ഓഫ് സംവണ്‍. വിഖ്യാതനായ ഒരു സംവിധായകന്റെ കഥാപാത്രങ്ങള്‍ കൂടി വരുമ്പോള്‍ അങ്ങനെ തന്നെ ആയിരിക്കുമല്ലോ?. ഒരു അഭിമുഖത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ പുരോഗമിക്കുന്നത്. പ്രേക്ഷകര്‍ ചോദിക്കാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങളുടെ മറുപടി അറിയാൻ അതുകൊണ്ടുതന്നെ അവസരമുണ്ടാകും. സംഭാഷണങ്ങളിലൂടെയാണ് സിനിമയുടെ പുരോഗതി സംഭവിക്കുന്നത്. സങ്കീര്‍ണ്ണമായ ആഖ്യാനമല്ല ഞങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്. എളുപ്പത്തില്‍, ലളിതമായി ആസ്വദിക്കാവുന്ന തരത്തിലുള്ളതായിരിക്കും സിനിമ.


വെല്ലുവിളികളേറെ..


പത്മരാജന്റെ കഥാപാത്രങ്ങളെ വീണ്ടും എത്തിക്കുമ്പോള്‍ സ്വാതന്ത്ര്യം എടുത്തിട്ടുണ്ട്. അവര്‍ക്ക് എന്തു സംഭവിച്ചു എന്നറിയാൻ താല്‍പ്പര്യമുണ്ടാകുമല്ലോ? തുടക്കത്തില്‍ പറഞ്ഞതുപോലെ അതാണ് അന്വേഷിക്കുന്നത്. പക്ഷേ അത് ഒരു വെല്ലുവിളിയാണ്. എങ്ങനെയാണ് പ്രേക്ഷകരിലേക്ക് എത്തുക എന്നത് ആണ് വിഷയം. പത്മരാജന്റെ സിനിമകള്‍ കണ്ടവര്‍ക്ക് പെട്ടെന്ന് മനസ്സിലാകും. മറ്റുള്ളവര്‍ക്ക് എങ്ങനെയായിരിക്കും ആസ്വാദനം എന്ന് സിനിമ പ്രദര്‍ശിപ്പിച്ചതിനു ശേഷമാണ് പറയാനാകുക.

അഭിനേതാക്കള്‍ പ്രധാനം


സിനിമയെ കുറിച്ച് ആലോചിക്കുമ്പോള്‍ തോന്നിയ പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഒന്ന് കാസ്റ്റിംഗ് ആയിരുന്നു. പ്രേക്ഷകര്‍ മുമ്പ് മറ്റുള്ളവരുടെ രൂപത്തില്‍ കണ്ട കഥാപാത്രങ്ങള്‍ക്ക് യോജിക്കുന്ന അഭിനേതാക്കള്‍ വേണം. അതിനായുള്ള അന്വേഷണം കുറേ നീണ്ടു. നിതിൻ നാഥ് ആണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നതും നിതിൻ നാഥ് ആണ്.


മൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ തിരക്കഥ എഴുതി പൂര്‍ത്തിയായതാണ്. സാമ്പത്തികമടക്കമുള്ള ഒരു സ്വതന്ത്ര്യ സിനിമയുടെ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. അതാണ് സിനിമ പൂര്‍ത്തിയാകാൻ വൈകിയത്.


ഹ്യൂമൻസ് ഓഫ് സംവണ്‍ പത്മരാജന്റെ ലൊക്കേഷനുകളില്‍

പത്മരാജന്റെ സീസണ്‍, ഇന്നലെ, നമുക്ക് പാര്‍ക്കാൻ മുന്തിരിത്തോപ്പുകള്‍ എന്നി സിനിമകള്‍ ഷൂട്ട് ചെയ്‍ത കോവളം, മൂന്നാര്‍, ചിക്കമംഗലൂര്‍ എന്നിവടങ്ങളായിരുന്നു പ്രധാന ലൊക്കേഷനുകള്‍.